കോഴിക്കോട്: ഉരുള്‍ പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും. എയർഫോഴ്സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്.
രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. അധികം വൈകാതെ സംഘം കല്‍പറ്റ എസ്.കെ.എം.ജെ. സ്കൂള്‍ ഗ്രൗണ്ടിലെത്തും. പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ഉള്‍പ്പെടെ സംഘത്തിലുണ്ട്.വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയ മേഖലകളില്‍ എയർ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങളിലേക്കാണ് സൈന്യം ആദ്യം നീങ്ങുക.
ടെറിട്ടോറിയല്‍ ആർമി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്പിനിയും ഉടൻ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. കണ്ണൂർ കന്റോണ്‍മെന്റില്‍ നിന്ന് കരസേനയുടെ രണ്ട് സംഘം കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് കരസേനയുടെ 190 അംഗ സംഘത്തെ നിയോഗിക്കാനാണ് തീരുമാനം.
ഇതില്‍ 138 പേർ നേരത്തെ പുറപ്പെട്ടിരുന്നു എൻഡിആർഎഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ ടീമുകളും രക്ഷാപ്രവർത്തനത്തിന് എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് കൂടുതല്‍ ആർമി, എയർ ഫോഴ്സ്, നേവി തുടങ്ങിയ സേനാ വിഭാഗങ്ങള്‍ വയനാട്ടിലേക്ക് തിരിക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിർദേശം നല്‍കിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഉരുള്‍ പൊട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ ആരായുകയും ചെയ്തു.
വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.