കോട്ടയം: പല തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്കും പുരുഷന്മാർക്കും തുല്യ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എങ്കിലും ചില മേഖലകളില്‍ സ്ത്രീകളെ സങ്കല്‍പ്പിക്കാൻ പോലും നാം തയ്യാറല്ല.
അത്തരം ഒരു തൊഴില്‍ മേഖലയാണ് ആംബുലൻസ് ഡ്രൈവറുടേത്. എന്നാല്‍, അവിടെയും നമ്മുടെ മുൻവിധികളെ കടത്തിവെട്ടുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ദീപ. കഴിഞ്ഞ രണ്ടര വർഷമായി കോട്ടയം ജനറല്‍ ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവറാണ് ഈ യുവതി.2022 മാർച്ച് 8-നു ആരോഗ്യ മന്ത്രിയില്‍ നിന്നും ആംബുലൻസിന്റെ താക്കോല്‍ ഏറ്റുവാങ്ങിയാണ് ദീപ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണി വരെയുള്ള ജോലി സമയം ദീപ ആംബുലൻസുമായി കർമ്മ നിരതയാണ്.
സ്ത്രീയെന്ന പേരില്‍ ഈ മേഖലയില്‍ മാറ്റിനിർത്തപ്പെടുന്നില്ല എന്നതിന്റെ നേർസാക്ഷ്യമാണ് ഈ കോട്ടയത്തുകാരി. 30 കിലോമീറ്റർ ദൂരത്തിലുള്ള ഓട്ടങ്ങളേ വരാറുള്ളു എന്നാണ് ദീപ പറയുന്നത്. ജനറല്‍ ഹോസ്പിറ്റലില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്കായിരിക്കും കൂടുതലും രോഗികളെ എത്തിക്കേണ്ടി വരുന്നതെന്നും അവർ വ്യക്തമാക്കുന്നു.
ഡ്രൈവിംഗിനോടുള്ള ഇഷ്ടമാണ് ദീപയെ ആംബുലൻസിന്റെ ഡ്രൈംവിംഗ് സീറ്റിലേക്ക് എത്തിച്ചത്. ചെറുപ്പത്തിലേ ടൂവീലർ ഓടിക്കാൻ പഠിച്ച ദീപ പിന്നീട് ഫോർവീലർ ലൈസൻസ് സ്വന്തമാക്കി. ടാക്സി ഡ്രൈവറായും ഡ്രൈവിങ് സ്കൂള്‍ ടീച്ചറായുമെല്ലാം ജോലി ചെയ്തിട്ടുണ്ട്. ഒറ്റയ്ക്കു നാടുകള്‍ കാണാൻ വേണ്ടിയുള്ള ആഗ്രഹം കലശലായപ്പോള്‍ ഒരു ഡൊമിനർ ബൈക്കില്‍ ലഡാക്കു വരെ പോയിവന്നു. ജീവിതം യാത്രകളും ഇഷ്ടങ്ങളുമായി മുന്നോട്ട് പോയപ്പോഴാണ് പ്രതിസന്ധികള്‍ ഉടലെടുത്തതും ആംബുലൻസ് ഡ്രൈവറായി വേഷം അണിയാൻ ഇടയായതും.
ഭർത്താവിനുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ ദീപയുടെ ജീവിതത്തെ മാറ്റി. ആശുപത്രി വരാന്തകളില്‍ ജീവിത സാഹചര്യങ്ങള്‍ വഴിമുട്ടിയപ്പോഴാണ് ആംബുലൻസ് ഡ്രൈവിങ് സീറ്റിലേക്കു വഴി തെളിഞ്ഞത്. കനിവ് 108 ആംബുലൻസ് സർവീസിലേക്ക് ഡ്രൈവറെ വേണം എന്ന വാർത്ത കണ്ടു അപേക്ഷിച്ചെങ്കിലും അതിനും ഒരു വർഷത്തിനു ശേഷമാണ് ടെസ്റ്റിനായി വിളിച്ചത് പങ്കെടുത്ത മൂന്നു സ്ത്രീകളില്‍ ടെസ്റ്റ് പാസ്സായത് ദീപ മാത്രമായിരുന്നു.
വീട്ടിലുള്ളവരുടെ പിന്തുണയാണ് തുടക്ക സമയത്ത് പ്രചോദനമായതെന്ന് ദീപ പറയുന്നു. എന്റെ മകനാണ് എനിക്കു ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത്. അവധി സമയങ്ങള്‍ കുടുംബത്തിനൊപ്പം ചിലവഴിക്കുന്നില്ല എന്നൊരു പരാതി മാത്രമേ അവർക്കുള്ളൂ എന്നും കോട്ടയത്തെ ഈ വനിതാ ആംബുലൻസ് ഡ്രൈവർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.