ഈരാറ്റുപേട്ട : മാറേണ്ടത് മനോഭാവമാണ്, ഒപ്പം അടിസ്ഥാന സൗകര്യങ്ങളിൽ സുസ്ഥിരമായ സംവിധാനങ്ങളുമാകണം. ഈരാറ്റുപേട്ടയെ സുന്ദര നഗരമാക്കാൻ ഇതോടൊപ്പം ജനകീയ പങ്കാളിത്തവും ശക്തമായി ഉയരണമെന്ന് ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഇന്ന് ജനകീയ ശിൽപശാല നടക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. ഇന്ന് രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ ഈരാറ്റുപേട്ട വ്യാപാര ഭവനിലാണ് ശിൽപശാല നടക്കുക. മാലിന്യ മുക്തം നവ കേരളം 2.0 ക്യാമ്പയിൻ ഭാഗമായാണ് ശിൽപശാല.കഴിഞ്ഞ വർഷത്തെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളും നേട്ടങ്ങളും കോട്ടങ്ങളും പരിമിതികൾ മറികടക്കാനുള്ള നിർദേശങ്ങളും ഈ സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കാനുള്ള കർമ പദ്ധതികളും ശിൽപശാലയിൽ ചർച്ച ചെയ്ത് വിലയിരുത്തും.
നിലവിൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച തുമ്പൂർമുഴി മോഡൽ സംസ്ക്കരണ യുണിറ്റ് പ്രവർത്തിക്കുന്നത് ഈരാറ്റുപേട്ടയിലാണ്. മറ്റ് പലയിടത്തും തുമ്പൂർമുഴി മോഡൽ കാഴ്ചവസ്തുവാകുമ്പോൾ ഈരാറ്റുപേട്ട തേവരുപാറയിൽ പ്രവർത്തിക്കുന്ന യൂണിറ്റിൽ ദിവസവും വീടുകളും ലോഡ്ജുകളും കടകളും ഉൾപ്പടെ 200 ഓളം ഇടങ്ങളിൽ നിന്നുള്ള ഭക്ഷണ മാലിന്യങ്ങളാണ് ജൈവ വളമാക്കി മാറ്റുന്നത്. 2022 ൽ 650 ടണ്ണോളം പാഴ് അജൈവ വസ്തുക്കളാണ് ഹരിത കർമ സേന വഴി സംഭരിച്ച് പുനരുപയോഗത്തിന് നഗരസഭ കൈമാറിയത്.
2023 ൽ 1311 ടൺ ആയിരുന്ന സ്ഥാനത്ത് ഈ വർഷം ആറ് മാസത്തിനകം 750 ടൺ എന്ന തോതിൽ വർധിച്ചു. നൂറ് ശതമാനത്തിന് അടുത്ത് യൂസർ ഫീ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് നേടുന്നുണ്ട്. വീടുകളിൽ നിന്നുള്ള യൂസർ ഫീ സമ്പൂർണമായി നേടേണ്ടതുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ശരിയായ മാലിന്യ സംസ്‌കരണ അവബോധം സൃഷ്‌ടിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. എല്ലാത്തരം മാലിന്യങ്ങളും സംഭരിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കേണ്ടതുണ്ട്.
ശിൽപശാല ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിക്കും. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷർ, പാർലമെന്ററി പാർട്ടി ലീഡർമാർ, വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും.
ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഷെഫ്ന അമീൻ വിഷയാവതരണം നടത്തും. ഇന്റെണൽ വിജിലൻസ് ഓഫിസർ ജയ്ജീവൻ നിരീക്ഷകനായി പങ്കെടുക്കും. സെക്രട്ടറി ജോബിൻ ജോസ്, ക്ലീൻ സിറ്റി മാനേജർ ടി രാജൻ എന്നിവർ മോഡറേറ്ററായി ചർച്ചകൾ നയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.