തൃശ്ശൂർ: ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയോളം രൂപ തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരി ധന്യാ മോഹനൻ (40) പോലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി ധന്യയെ പിടികൂടാൻ പോലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.
ജൂലായ് 23-ന് ധനകാര്യ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അന്ന് 80 ലക്ഷം രൂപയുടെ തിരിമറിയായിരുന്നു കണ്ടെത്തിയത്.പരിശോധന സമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്ന ധന്യ, പിടിയിലാവുമെന്ന് മനസ്സിലായതോടെ ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നുവെന്ന് സ്ഥാപനത്തിന്റെ ആപ്ലിക്കേഷൻ ഹെഡ് സുശീൽ നൽകിയ പരാതിയിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. 19.94 കോടി രൂപയുടെ ഞെട്ടിക്കുന്ന തിരിമറിയാണ് നടന്നത് എന്ന് ഇതിൽ ബോധ്യമായി. 2024 ഏപ്രിലിലാണ് ധന്യ സ്വന്തം അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ ട്രാസ്ഫർ ചെയ്തത്. രണ്ടുഘട്ടമായി നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെങ്കിലും ഒറ്റ എഫ്.ഐ.ആർ ഇട്ടാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഐപിസി 406, 420 വകുപ്പുകളും ഇവർക്കെതിരെ ചുമത്തി.
റൂറൽ എസ്.പി. നവനീത് ശർമ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർ വലപ്പാട് സ്റ്റേഷനിൽ നേരിട്ടെത്തി അന്വേഷണം വിലയിരുത്തി. തുടർന്ന് വടപ്പാട് എസ്.എച്ച്.ഒ രമേഷിന്റെ നേതൃത്വത്തിൽ ഏഴ് അംഗ പ്രത്യേക സംഘത്തെ രൂപീകരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടുദിവസമായി ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിരുന്നു. ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഫോൺകോളുകളടക്കം പോലീസ് പരിശോധിച്ചു വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ പത്രങ്ങളടക്കം വീട്ടുമുറ്റത്ത് ചിതറിക്കിടക്കുന്നുണ്ടായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.