ഒറീസയിലെ തീരദേശ നഗരമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഏറെ പ്രസിദ്ധമാണ്. ഈ വര്‍ഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയുടെ ചടങ്ങുകളില്‍ ഈ വര്‍ഷം വലിയ മാറ്റങ്ങളാണ് ക്ഷേത്ര കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
ലക്ഷങ്ങള്‍ എത്തുന്ന രഥയാത്ര ആഘോഷങ്ങളെയും ജഗന്നാഥ ക്ഷേത്രത്തേയും ആശ്രയിച്ചാണ് ആകെ ഒന്നരലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഈ ചെറു നഗരത്തിന്റെ നില നില്പ്പു തന്നെ. പുരിയിലെ രഥയാത്രയേയും ഇക്കുറിയുണ്ടായ മാറ്റങ്ങളേയും കുറിച്ച് വിശദമായി അറിയാം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച ക്ഷേത്രത്തിന്റെ നിര്‍മാണം പതിമൂന്നാം നൂറ്റാണ്ടിലാണ് പൂര്‍ത്തിയാവുന്നത്.ആരാധനാലയം എന്നതിലുപരിയായ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളില്‍ സ്വാധീനമുള്ള ഒന്നായി പുരി ജഗന്നാഥ ക്ഷേത്രം മാറി. ഇതോടെ പ്രദേശത്തിന്റെ നിയന്ത്രണം കയ്യാളാന്‍ ശ്രമിച്ച മുഗളരും മറാഠകളും ഇംഗ്ലീഷുകാരുമെല്ലാം പുരി ജഗന്നാഥ ക്ഷേത്രത്തിന്മേലുള്ള നിയന്ത്രണത്തിനും വലിയ പ്രാധാന്യം നല്‍കിയിരുന്നു.കൃഷ്ണനും സഹോദരന് ബാലഭദ്രനും സഹോദരി സുഭദ്രയുമാണ് മൂന്നു വിഗ്രഹങ്ങള്‍. ഈ വിഗ്രഹങ്ങളെ വലിയ രഥങ്ങളില്‍ രണ്ടു മൈല്‍ ദൂരത്തിലുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്കു കൊണ്ടുപോവുന്നതും ഒരാഴ്ച്ചക്കു ശേഷം തിരിച്ചു ക്ഷേത്രത്തിലെത്തിക്കുന്നതുമാണ് പ്രസിദ്ധമായ രഥയാത്ര.ഗോകുലത്തില്‍ നിന്നും മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓര്‍മിപ്പിക്കുന്നതാണ് ഈ ചടങ്ങ്. ആയിരക്കണക്കിനു പേരാണ് മരം കൊണ്ടു നിര്‍മിച്ച ഈ കൂറ്റന്‍ രഥങ്ങളുടെ കയര്‍ വലിക്കാന്‍ ഉണ്ടാവുക. ആഷാഢമാസത്തിലാണ്(ജൂണ്‍, ജൂലൈ) രഥോല്‍സവം നടക്കുന്നത്. മഴയുള്ളപ്പോള്‍ രഥചക്രം മണലില്‍ താഴ്ന്നു പോയാല്‍ രഥയാത്ര കൂടുതല്‍ ദുഷ്ക്കരമാവുകയും രണ്ടു ദിവസം വരെ യാത്രയ്ക്കു വേണ്ടി വരികയും ചെയ്യാറുണ്ട്. രഥയാത്രയിലെ മാറ്റങ്ങള്‍.
ഈ വര്‍ഷം ജൂലൈ ഏഴിനാണ് രഥയാത്ര നടക്കുക. നബജൗബന്‍ ദര്‍ശനും നേത്ര ഉത്സവും ഒരേ ദിവസമാണ് ഇക്കുറി വരുന്നത്. നേരത്തെ 1971ലും 1909ലുമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. ഈ അപൂര്‍വ അവസരത്തില്‍ വലിയ ജനത്തിരക്ക് ഇക്കുറി രഥയാത്രക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.അതുകൊണ്ട് ഭക്തര്‍ക്ക് വിഗ്രഹ ദര്‍ശനം സമ്മാനിക്കുന്ന നബജൗബന്‍ ദര്ശന് ഇക്കുറി ഉണ്ടാവില്ലെന്നാണ് ശ്രീ ജഗന്നാഥ് ടെംപിള്‍ അഡ്മിനിസ്ട്രേഷന്(എസ്ജെടിഎ) അറിയിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങള്‍ അനുസരിച്ച് സ്നാന പൂര്‍ണിമയിലെ ദീര്‍ഘ സമയത്തെ കുളിയേയും വെള്ളത്തിലെ കളികളേയും തുടര്‍ന്ന് ജഗന്നാഥനും ബാലഭദ്രനും സുഭദ്രക്കും അസുഖം ബാധിക്കുന്നു.
ഇതേ തുടര്‍ന്ന് 15 ദിവസം അനസാര ഗ്രഹ എന്നറിയപ്പെടുന്ന അസുഖമുറിയില്‍ കഴിയുകയും അതിനുശേഷം പൂര്‍ണ ആരോഗ്യത്തോടെ പുറത്തേക്കു വരികയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ഇങ്ങനെ പുറത്തേക്കു കൊണ്ടുവരുന്ന വിഗ്രഹങ്ങളെ ഭക്തര്‍ക്ക് കാണാന്‍ അവസരമുണ്ടാവില്ല.ഇക്കുറി 15 ദിവസത്തെ അസുഖമുറിയിലെ വാസം പഞ്ചാംഗം അനുസരിച്ച് 13 ദിവസമാക്കി കുറച്ചിട്ടുമുണ്ട്.അതേസമയം സിങ്ക ദ്വാര്‍(സിംഹത്തിന്റെ വാതില്‍) എന്നറിയപ്പെടുന്ന പ്രവേശന കവാടത്തില്‍ വച്ച് വിശ്വാസികള്‍ക്ക് ഈ വിഗ്രഹ ദര്‍ശനം സാധ്യമാവുമെന്നും ക്ഷേത്ര സമിതി അറിയിക്കുന്നുണ്ട്. സമയക്രമം നന്ദിഗോഷ, തലദ്വാജ, ദര്‍പദലന എന്നിങ്ങനെയുള്ള മൂന്നു രഥങ്ങള്‍ ജൂലൈ ഏഴിന് വൈകീട്ട് അഞ്ചു മുതലാണ് വലിച്ചു തുടങ്ങുക. പുലര്‍ച്ചെ രണ്ടു മുതല്‍ ആരംഭിക്കുന്ന മംഗള്‍ ആരതി മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക.
പുലര്‍ച്ചെ നാലിന് നേത്ര ഉത്സവ് നടക്കും. രാവിലെ 7.30 മുതല്‍ 12 വരെ രഥയാത്രക്കായി വിഗ്രഹങ്ങളെ ഒരുക്കും. വിഗ്രഹങ്ങള്‍ രഥത്തിലേക്കു കൊണ്ടുവന്ന ശേഷം ആചാരങ്ങള്‍ക്കൊടുവില്‍ വൈകിട്ട് അഞ്ചുമണിയോടെ രഥയാത്ര ആരംഭിക്കുകയായി.
ഏങ്ങനെ എത്തിച്ചേരാം? പ്രധാന നഗരങ്ങളില്‍ നിന്നും റെയില്‍- റോഡ് ഗതാഗത മാര്‍ഗങ്ങളുണ്ട് പുരിയിലേക്ക്. വിശാഖപട്ടണം, കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം നേരിട്ട് ബസ് ലഭിക്കും. ട്രെയിനിലാണെങ്കില്‍ കൊല്‍ക്കത്ത- ചെന്നൈ റൂട്ടിലാണ് പുരി സ്ഥിതി ചെയ്യുന്നത്. പുരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ സാധിക്കും.അടുത്തുള്ള വിമാനത്താവളം ഭുവനേശ്വര്‍. ഇവിടെ നിന്നും 56 കിമി അകലെയാണ് പുരി. പുരിയിലെത്തിക്കഴിഞ്ഞാല് യാത്രയ്ക്കായി സൈക്കിള്‍ റിക്ഷകളേയോ ഓട്ടോ റിക്ഷകളേയോ വാടകയ്ക്കെടുത്ത മോട്ടോര്‍ ബൈക്കുകളോ ഉപയോഗിക്കാം.
സൈക്കിള്‍ റിക്ഷകളാണ് ഏറ്റവും പൈസ കുറവുള്ള യാത്രാമാര്‍ഗം. ഓട്ടോയിലാണ് യാത്രയെങ്കില്‍ ആദ്യമേ സ്ഥലവും പണവും പറഞ്ഞുറപ്പിച്ച ശേഷം ആരംഭിക്കുക. പ്രതിദിനം 400-500 രൂപയ്ക്ക് മോട്ടോര്‍ ബൈക്കുകള്‍ വാടകക്കു ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.