യുകെ:നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പോളിന് ബ്രൂവര്‍ എന്ന 77 കാരി ഇപ്പോള്‍ ശ്രമിക്കുന്നത് ആശുപത്രിയില്‍ ഉണ്ടായ അനുഭവം ഒരു പേടിസ്വപ്നമെന്ന് കരുതി മറക്കാനാണ്.
ആഞ്ചിയോഗ്രാമിന്റെ ഫലം വരുന്നതിനായി അവര്‍ക്ക് രണ്ടു ദിവസം ആശുപത്രിയില്‍ തുടരേണ്ടതായി വന്നു. വനിതാ വാര്‍ഡില്‍ അഡ്മിറ്റായ അവര്‍ ദേഹശുദ്ധി വരുത്തുവാന്‍ ശുചിമുറിയിലേക്ക് പോയതായിരുന്നു. മുറിയുടെ വാതില്‍ അടച്ച്, വിവസ്ത്രയായപ്പോഴാണ് വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടത്.മറ്റാരെങ്കിലും ശുചിമുറി ഉപയോഗിക്കാന്‍ വന്നതായിരിക്കുമെന്നും, വാതില്‍ അടച്ചതിനാല്‍ അകത്ത് ആളുണ്ടെന്ന് മനസ്സിലാക്കി തിരിച്ചു പോയിരിക്കുമെന്നുമാണ് അവര്‍ കരുതിയത്. എന്നാല്‍, അല്പ നിമിഷങ്ങള്‍ക്കകം വാതില്‍ പൊളിച്ച് ആരോഗ്യവാനായ ഒരു ചെറുപ്പക്കാരന് അകത്ത് പ്രവേശിക്കുകയായിരുന്നു. ലൈംഗിക ചുവയുള്ള സംസാരവുമായി 77 കാരിയുടെ അടുത്തെത്തിയ അയാളെ തട്ടിമാറ്റി, അവര്‍ പൂര്‍ണ്ണ നഗ്നയായി വരാന്തയിലൂടെ ഓടി.
വിട്ടുകൊടുക്കാതെ അയാളും അവരെ പിന്തുടര്ന്നു. പിന്നീട് നഴ്സിംഗ് റൂമില്‍ കയറിയായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്. രണ്ട് പുരുഷ നഴ്സുമാര്‍ ആ യുവാവിനെ പിടിച്ചു കൊണ്ടു പോയപ്പോള്‍ അവിടെയുണ്ടായിരുന്ന വനിതാ നഴ്സ് കിടക്കവിരി കൊണ്ട് ഇവരുടെ നഗ്നത മറച്ച് വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ 50 വര്‍ഷക്കാലമായി സന്തോഷത്തോടെ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന തന്റെ നഗ്നത ഒരു അന്യപുരുഷന് കണാനിടയായതിന്റെ മാനസികാഘാതം ഇനിയും ഇവരെ വിട്ടുമാറിയിട്ടില്ല.
ഒരു പേടിസ്വപ്നം പോലെ അതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണവര്‍.2020 സെപ്റ്റംബറില്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സില്‍ വെച്ച് നടന്ന ഈ സംഭവത്തെ തുടര്‍ന്ന് പോളിനോട് (പേര് അവരുടെ ആവശ്യപ്രകാരം മാറ്റിയിട്ടുണ്ട്) പരാതി കൊടുക്കാന്‍ നഴ്സുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഇവരും ഭര്‍ത്താവും ചേര്‍ന്ന് പാല്‍സ് (പേഷ്യന്റ് അഡ്വൈസ് ആന്‍ഡ് ലൈസണ്‍ സര്‍വ്വീസ്) ല്‍ പരാതി നല്‍കിയെങ്കിലും പിന്നീട് കാര്യമായി ഒന്നും സംഭവിച്ചില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് അന്വെഷണത്തില്‍ നിന്നും മനസ്സിലാകുന്നത് എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യു കെ എന്‍ എച്ച് എസ്സ് ഹോസ്പിറ്റലുകളെ കുറിച്ച് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ക്രിമിനോളജി പ്രൊഫസര്‍ ജോ ഫീനിക്സ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് എന്‍ എച്ച് എസ് ആശുപത്രികളില്‍ ലൈംഗിക കുറ്റകൃത്യ നിരക്ക് അസാധാരണമാം വിധം വലുതാണ് എന്നാണ്.
ഇംഗ്ലണ്ടിലും വെയ്ല്‍സിലും എന്‍ എച്ച് എസ്സ് ഹോസ്പിറ്റലുകളില്‍ ശരാശരി 33 ബലാത്സംഗങ്ങളോ മറ്റു വിധത്തിലുള്ള ലൈംഗിക പീഢനങ്ങളോ നടക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 46 മാസക്കാലത്തെ, പോലീസ് ഡാറ്റ വിശകലനം ചെയ്താണ് പ്രൊഫസര്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അക്രമങ്ങള്‍ക്ക് പ്രധാനമായും ഇരകളാകുന്നത് സ്ത്രീകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തികച്ചും സുരക്ഷിതമെന്ന് സങ്കല്പിക്കപ്പെടുന്ന ഒരിടത്ത് ഇത്തരം അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നത് ആശങ്കാജനകമാണ്. എന്നാല്‍, കുറ്റകൃത്യങ്ങളുടെ നിരക്ക് ഞെട്ടിക്കും വിധത്തില്‍ വര്‍ദ്ധിക്കുകയാണ് എന്നതാണ് വാസ്തവം.
ഇത് സുരക്ഷ ഉറപ്പാക്കുന്നതില്‍ സംവിധാനങ്ങള്‍ക്ക് സംഭവിച്ച പരാജയമാണെന്ന് റിപ്പോര്‍ട്ടില്‍ പ്രൊഫസര്‍ ഫീനിക്സ് പറയുന്നു. കഴിഞ്ഞ വര്‍ഷം ബി എം ജെ നടത്തിയ മറ്റൊരു പഠനത്തിലും സമാനമായ ഫലം പ്രസിദ്ധീകരിച്ചിരുന്നു. 2022 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ്സ് ആശുപത്രികളില്‍ മാത്രം 35,000 ബലാത്സംഗങ്ങളോ മറ്റ് ലൈംഗിക പീഢനങ്ങളോ നടന്നിട്ടുണ്ട് എന്നായിരുന്നു ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഏറ്റവും ഞെട്ടിക്കുന്ന വിവരം, മേല്‍പ്പറഞ്ഞ കാലയളവില്‍ പോലീസില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ബലാത്സംഗത്തിനിരയായ 180 കേസുകള്‍ ഉണ്ട് എന്നതാണ്. ആശുപത്രികളില്‍ നടക്കുന്ന ലൈംഗികാക്രമങ്ങള്‍ നടത്തുന്നവരില്‍ ഭൂരിഭാഗവും രോഗികളാണെന്നും ബി എം ജെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗികള്‍, ജീവനക്കാരെ ഉപദ്രവിച്ച കേസുകള്‍ 58 ശതമാനം ഉള്ളപ്പോള്‍ 20 ശതമാനം കേസുകളില്‍ രോഗികള്‍ മറ്റ് രോഗികളെ ആക്രമിക്കുകയായിരുന്നു. ജീവനക്കാര്‍ രോഗികള്‍ക്ക് നേരെ അതിക്രമം കാണിച്ച കേസുകള്‍ വെറും 9 ശതമാനം മാത്രവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.