ഷിരൂർ: തെർമൽ ഇമേജിങ് പരിശോധനയിൽ പുഴയ്ക്കടിയിലെ ലോറിയിൽ മനുഷ്യശരീരത്തിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ.
ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കലക്ടർ. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അടക്കം കേരളത്തിൽനിന്നുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. അർജുനെയും മറ്റു രണ്ടു കർണാടക സ്വദേശികളെയും കണ്ടെത്താൻ എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യാനാണ് യോഗ തീരുമാനമെന്ന് പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.കാലാവസ്ഥ പ്രതികൂലമായതിനാൽ നേവിക്ക് പോലും ചില പ്രതിസന്ധിയുണ്ടായതായി മന്ത്രി പറഞ്ഞു. എന്ത് പ്രതിസന്ധിയുണ്ടായാലും ലക്ഷ്യത്തിലേക്കുള്ള ശ്രമം തുടരാൻ തീരുമാനിച്ചു. കലക്ടറും ശ്രമം തുടരാൻ നേവിയോട് അഭ്യർഥിച്ചിട്ടുണ്ട്.
സാധ്യമായ പുതിയ രീതികളും അവലംബിക്കും. കാലാവസ്ഥ അനുകൂലമായാൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഈ കാലാവസ്ഥയിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യും. പ്രശ്നപരിഹാരത്തിന് കൂട്ടായ ശ്രമമാണ് നടക്കുന്നതെന്നും പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
‘‘ ഐഎസ്ആർഒയുടെയും നേവിയുടെയും സൈന്യത്തിന്റെയും സഹായത്തോടെയാണ് തിരച്ചിൽ നടക്കുന്നത്. ട്രക്ക് ഉള്ള സ്ഥലം കണ്ടെത്തി. അടിയൊഴുക്ക് ശക്തമായതിനാൽ നേവിക്ക് ഡൈവ് ചെയ്യാൻ കഴിയുന്നില്ല. മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നദിയിൽ പ്ലാറ്റ്ഫോം നിർമിച്ച് തിരച്ചിൽ നടത്താനാണ് ആലോചന’’– ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു.
പുഴയിൽ നല്ല ഒഴുക്കുള്ളതിനാൽ ഡ്രജ്ജിങ് നടത്താൻ സാധിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. എം.കെ.രാഘവൻ എംപി, എംൽഎമാരായ എ.കെ.എം.അഷ്റഫ്, സച്ചിൻദേവ്, ലിന്റോ ജോസഫ്, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, എസ്പി എം.നാരായണ അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.