കോട്ടയം:ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തു വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ ഇടുക്കി സംസ്ഥാനത്ത് ഏറ്റവും പിന്നിൽ.കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ.
2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്ക് അനുസരിച്ചു സംസ്ഥാനത്തു വിവിധ കോടതികളിലായി 988 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കോഴിക്കോട് ജില്ലയിൽ നിന്നാണു 230 കേസുകൾ.എറണാകുളത്ത് 115 കേസുകൾ റജിസ്റ്റർ ചെയ്തു.ഇടുക്കിയിൽ ഇക്കാലയളവിൽ 12 കേസുകൾ മാത്രമാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്.കൊല്ലം– 97, കോട്ടയം– 87, തൃശൂർ– 86, തിരുവനന്തപുരം– 75, പാലക്കാട്– 61, മലപ്പുറം– 52, ആലപ്പുഴ– 51, കാസർകോട്– 39, കണ്ണൂർ– 37, വയനാട്, പത്തനംതിട്ട (23) എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.
2023-24 സാമ്പത്തിക വർഷത്തിൽ ധാന്യങ്ങളുടെ 1727 സാംപിളുകളും അല്ലാത്ത 4440 സാംപിളുകളുമാണു ശേഖരിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനലിറ്റിക്കൽ ലാബുകളിൽ പരിശോധിച്ചത്. ഇതിൽ 74 സാംപിളുകളുടെ ഫലം ‘സുരക്ഷിതമല്ല’ (അൺസേഫ്) എന്ന് ലഭിച്ചിരുന്നു.
ഭക്ഷ്യ സാംപിളുകൾ അൺസേഫ് ആയാൽ അത് നിർമിച്ചവർ, വിൽപന നടത്തുന്നവർ, വിതരണക്കാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കും. 8 സാംപിളുകളുടെ പരിശോധനാഫലം ‘നിലവാരമില്ലാത്തത്’ (സബ് സ്റ്റാൻഡേഡ്) എന്നാണു ലഭിച്ചത്. 15 എണ്ണം മിസ്ബ്രാൻഡഡ് എന്നും ലഭിച്ചു.
ഇതിൽ 14 പ്രോസിക്യൂഷൻ കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ∙ 5.5 ലക്ഷം ലീറ്റർ പാൽ പുറത്തുനിന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് എത്തുന്ന പാലിൽ മായം കലർന്നിട്ടുണ്ടെന്നു ശ്രദ്ധയിൽപെട്ടിട്ടും ചെക്പോസ്റ്റുകളിൽ പരിശോധനയ്ക്കുള്ള സംവിധാനങ്ങളില്ല. അപ്രതീക്ഷിത ചെക്കിങ് ഉൾപ്പെടെയുള്ള പരിശോധനാ രീതികളാണു നിലവിലുള്ളത്.
പ്രതിദിനം 5.5 ലക്ഷം ലീറ്റർ പാൽ പാറശാല, ആര്യങ്കാവ്, മീനാക്ഷിപുരം എന്നീ ചെക്പോസ്റ്റുകളിലൂടെ സംസ്ഥാനത്ത് എത്തുന്നുവെന്നാണു കണക്ക്. മിൽമയുടെ വിൽപനയും സംഭരണവും തമ്മിൽ 4 ലക്ഷം ലീറ്റർ പാലിന്റെ കുറവാണുള്ളത്. ഇതു കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണു ലഭിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.