റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്.
ചില ആളുകൾ അമാനുഷികരാകാനും പിന്നീട് ഭഗവാൻ ആകാനും ആഗ്രഹിക്കുന്നുവെന്നായിരുന്നു പരാമർശം. ഝാർഖണ്ഡിലെ ഗുംലയിൽ വില്ലേജ് തലത്തിലെ പ്രവർത്തകർക്കായി വികാസ്ഭാരതി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ചില ആളുകൾക്ക് സൂപ്പർമാൻ ആകണമെന്ന് ആഗ്രഹമുണ്ട്. പിന്നീട് ദേവതയാകാൻ തോന്നും. പിന്നെ ഭഗവാൻ ആകണമെന്നും. ഭഗവാൻ ആയിക്കഴിഞ്ഞാൽ പിന്നെ അവർക്ക് വിശ്വരൂപം ആകാനാണ് ആഗ്രഹം. ഇത് എവിടെ ചെന്ന് നിൽക്കുമെന്ന് അറിയില്ല', മോഹൻ ഭാഗവത് പറഞ്ഞു.
രാജ്യത്തിന്റെ ഭാവിയെ ഓർത്ത് തനിക്ക് ആശങ്കയില്ലെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും കൂട്ടായി പ്രവർത്തിക്കുന്നുവെന്നും അതിന്റെ ഫലം തീർച്ചയായും ലഭിക്കുമെന്നും കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയും ആർഎസ്എസും തമ്മിൽ അസ്വാരസ്യമുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് ഇപ്പോൾ മോഹൻ ഭാഗവതിന്റെ പരോക്ഷ വിമർശനം. അഹങ്കാരമാണ് ബിജെപിയുടെ ഭൂരിപക്ഷം കുറച്ചതെന്ന ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പരാമർശവും ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
തന്റെ ജനനം ജൈവികമായ ഒന്നല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ദേശീയമാധ്യത്തിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്രമോദി പറഞ്ഞിരുന്നു. പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.