വിക്രം ചിത്രം തങ്കലാനും സൂര്യ ചിത്രം കങ്കുവയും ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും.
കഴിഞ്ഞ ദിവസം ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷ വേളയിലാണ് ഈ ചിത്രങ്ങൾ കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുമെന്ന സൂചന ഔദ്യോഗികമായി പുറത്തുവിട്ടത്.
പൊന്നിയിൻ സെൽവൻ 1 & 2ന് ശേഷം വിക്രമിനൊപ്പം തങ്കലാനിലൂടെ വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിലും സൂര്യക്കൊപ്പം ആദ്യമായി കങ്കുവയിലൂടെ ഒന്നിക്കാൻ സാധിച്ചതിലുമുള്ള സന്തോഷം ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പങ്കുവെച്ചു.
ഗോകുലം ഗോപാലന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച്, കഴിഞ്ഞ ദിവസം താങ്കലാൻ, കങ്കുവ എന്നിവയുടെ നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ ആശംസകൾ നേർന്നിരുന്നു.
വിക്രം വ്യത്യസ്ത വേഷത്തിലെത്തുന്ന തങ്കലാനിൽ പാർവതി തിരുവോത്ത് ആണ് നായികയായി എത്തുന്നത്. മാളവിക മോഹൻ, പശുപതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഓഗസ്റ്റ് 15-ന് ആഗോള റിലീസായി എത്തും.
തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ച ഈ ചിത്രത്തിന്റെ കലാസംവിധായകൻ എസ് എസ് മൂർത്തിയും സംഘട്ടന സംവിധായകൻ സ്റ്റന്നർ സാമുമാണ്.
പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സൂര്യ- ശിവ ടീമിന്റെ കങ്കുവ. ഒക്ടോബർ 10-ന് ഈ ചിത്രം ആഗോളവ്യാപകമായി 38 ഭാഷകളിലാവും തിയേറ്ററുകളിലെത്തുക. 350 കോടിയാണ് ഈ ചിത്രത്തിന്‍റെ ബജറ്റ്. കേരളക്കര കാത്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തീയേറ്ററുകളിലെത്തും.
സമീപ കാലത്ത് തമിഴിൽ വമ്പൻ ഹിറ്റുകളായ ചിത്രങ്ങൾ മിക്കവയും കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ആണ് പ്രദർശനത്തിനെത്തിച്ചത്. പൊന്നിയിൻ സെൽവൻ, ജയിലർ, ജവാൻ, ലിയോ, തുടങ്ങിയ അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു.
ശ്രീ ഗോകുലം മൂവീസ് പ്രദർശനത്തിനെത്തിച്ച മലയാള ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഈ ചിത്രം തമിഴ് നാട്ടിൽ നിന്നു മാത്രം 50 കോടിക്കു മുകളിൽ നേടി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ജയസൂര്യ നായകനായി, അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന 'കത്തനാർ' എന്ന ചിത്രവും ദിലീപ് നായകനായി ഏതുന്ന 'ഭ ഭ ബ' എന്ന ചിത്രവും നിർമിക്കുന്നത് ഗോകുലം മൂവീസാണ്.
വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രങ്ങൾ മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രങ്ങളാണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പി ആർ ഒ - ശബരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.