എറണാകുളം :മള്‍ട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനമായ ഫാംഫെഡിന്റെ നേതൃത്വത്തില്‍ മലയാളത്തില്‍ അടുത്തിടെ ആരംഭിക്കാനാരുന്ന ന്യൂസ് ചാനലായ ‘ദി ഫോര്‍ത്ത്’ അടച്ചുപൂട്ടുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ചാനല്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 200 അധികം മാധ്യമപ്രവര്‍ത്തകര്‍ വഴിയാധാരമാകുകയാണ്. ചാനല്‍ പെട്ടന്ന് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന് ഇടപെടണമെന്ന് സ്ഥാപനത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ചാനലിന്റെ ന്യൂസ് ഡയറക്ടറായിരുന്ന ബി ശ്രീജന് അടക്കമുള്ളവരോട് പിരിഞ്ഞ് പോകാനാണ് സ്ഥാപനം നിര്‍ദേശിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയല്‍ പദവി വഹിച്ചിരുന്ന ആളാണ് ശ്രീജന്. കഴിഞ്ഞ മാസത്തെ ശമ്പളം പോലും പൂര്‍ണമായി കൊടുത്തു തീര്‍ക്കാന്‍ സ്ഥാപനത്തിന് ആയിട്ടില്ല.
ഇതില്‍, പ്രതിഷേധിച്ച് ജൂനിയര്‍ മാധ്യമ പ്രവര്‍ത്തകര്‍ പലരും മറ്റു സ്ഥാപനങ്ങളിലേക്ക് കുടിയേറി.തുടര്‍ന്നാണ് ജൂലൈ മാസം അവസാനം വരെ മാത്രമേ ഓഫീസ് ഔദ്യോഗികമായി പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ആഗസ്റ്റ് മാസം അവസാനം വരെ ജീവനക്കാര്‍ക്ക് ഓഫീസില്‍ വെറുതെ വരാന്‍ അനുവാദമുണ്ടായിരിക്കുമെന്നും ചാനല്‍ എംഡി റിക്സണ് അറിയിച്ചത്.
മറ്റ് വാര്‍ത്താ ചാനലുകളില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് ദി ഫോര്‍ത്ത് അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഒരുവര്‍ഷത്തിനകം സാറ്റലൈറ്റ് വാര്‍ത്ത ചാനലായി മാറുമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഇവിടേക്ക് എത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍, ട്വന്റി ഫോര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നെല്ലാം ജീവനക്കാര്‍ മെച്ചപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് ദി ഫോര്‍ത്തില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഇവരൊക്കെയും ജോലിയും നഷ്ടപ്പെട്ട് വരുമാനവും നിലച്ച നിലയിലാകുകയാണ്.
വാര്‍ത്താ ചാനല്‍ തുടങ്ങുമെന്ന് പ്രചരിപ്പിച്ച ദി ഫോര്‍ത്ത് അതിന്റെ നിക്ഷേപകരെക്കുറിച്ച് വലിയ പ്രചാരണം നടത്തിയിരുന്നില്ല. ഇപ്പോള്‍ സാമ്പത്തിക സ്രോതസ് നിലച്ചതിനെ തുടര്‍ന്ന് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷമായി തടസപ്പെട്ടിരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ചാനലിന്റെ ആസ്ഥാന മന്ദിരം നിര്‍മ്മിച്ച കരാറുകാരന് ഇതേ കെട്ടിടത്തിനുള്ളില്‍ ജീവനൊടുക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരില്‍ നിന്നും ചാനല്‍ ലൈസന്‍സ് ലഭിക്കാത്തതാണ് ഫോര്‍ത്തിന് ഏറ്റവും വലിയ തിരിച്ചടിയായത്. ചാനലിലെ ചിലരുടെ ജമാഅത്തെ ഇസ്ലാമി ബന്ധം അടക്കമുള്ളവ സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര സഹമന്ത്രിയായ എല്‍. മുരുകനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചാനലിന്റെ ലൈസന്‍സ് കേന്ദ്രം തടഞ്ഞത്. ഇതോടെ ഫോര്‍ത്തിന് ചാനലായി വരുവാന്‍ സാധ്യമല്ലെന്ന് വ്യക്തമായ അറിയിപ്പ് ലഭിച്ചിരുന്നു.
പ്രധാന നിക്ഷേപകര്‍ പിന്‍വാങ്ങായതോടെ പുതിയ നിക്ഷേപകരെ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഇത് പരാജയപ്പെട്ടു. പ്രധാന നിക്ഷേപകരായിരുന്ന മള്‍ട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനമായ ഫാം ഫെഡ് പണം നല്‍കുന്നത് നിര്‍ത്തി. ഇതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി തുടങ്ങിയത്. തുടര്‍ന്ന് പലരെയും മാനേജ്മെന്റ് സമീപിച്ചെങ്കിലും സാറ്റലൈറ്റ് ലൈസന്‍സില്‍ കുടുങ്ങി ചര്‍ച്ചകള്‍ മുടങ്ങുകയായിരുന്നു.
ന്യൂസ് ഡയറക്ടര്‍, കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ തുടങ്ങി ഉന്നത തസ്തികയിലുളളവര്‍ക്ക് മെയ് മാസത്തെ ശമ്പളം പോലും കിട്ടിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നുളള ജിമ്മി ജെയിംസായിരുന്നു ദി ഫോര്‍ത്തിന്റെ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍. ടൈംസ് ഓഫ് ഇന്ത്യയുടെ ഉന്നത തസ്തികയിലുണ്ടായിരുന്ന ബി. ശ്രീജനാണ് ന്യൂസ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.