അമ്പലപ്പുഴ :പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് തോട്ടപ്പള്ളിയ്ക്കും പുറക്കാട് പുന്തലയ്ക്കും ഇടയ്ക്ക് ചാകരയുടെ ലക്ഷണം കണ്ടു.
വള്ളങ്ങൾക്ക് ചെമ്മീൻ, മത്തി, കൊഴുവ എന്നിവ കിട്ടി തുടങ്ങി. ചില വള്ളങ്ങൾക്ക് അര ലക്ഷം മുതൽ ഒരു ലക്ഷം രൂപ വരെ വരുമാനം കിട്ടി. എന്നാൽ ഇടനിലക്കാരുടെ ചൂഷണം കാരണം മീനിനു മെച്ചപ്പെട്ട വില കിട്ടുന്നില്ലെന്ന ആക്ഷേപം പരക്കെയുണ്ട്. പൂവാലൻ ചെമ്മീൻ കിലോഗ്രാമിന് 100 രൂപ, മത്തി 170 രൂപ, കൊഴുവ 50 രൂപ എന്നീ നിരക്കിലാണ് കച്ചവടക്കാർ വാങ്ങുന്നത്.തോട്ടപ്പള്ളി തുറമുഖത്തെ ലേലഹാളിൽ എത്തിച്ചാണ് പ്രധാനമായും വിൽപന. ചാകര ലക്ഷണം കണ്ടതോടെ തീരത്തേക്ക് കൂടുതൽ വള്ളങ്ങൾ എത്തിച്ചു തുടങ്ങി. താൽക്കാലിക ഭക്ഷണശാലകളും ടീ ഷാപ്പുകളും പ്രവർത്തിക്കുന്നു.
വലിയ വള്ളങ്ങൾക്ക് തുറമുഖത്തേക്കു വരാൻ കഴിയുന്നില്ല. ഇതിനാൽ പുറം കടലിൽ നങ്കൂരമിടുന്ന വലിയ വള്ളത്തിൽ നിന്നു ചെറിയ വള്ളത്തിലേക്ക് മീനുകൾ പകർത്തിയാണ് തുറമുഖത്ത് എത്തിക്കുന്നത്.
നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷമാണ് തോട്ടപ്പള്ളി, പുന്തല തീരത്ത് ചാകരയുടെ ലക്ഷണം ഉണ്ടായത്. ട്രോളിങ് നിരോധനം വന്നിട്ടും 2 ദിവസം മുൻപ് വരെ മത്സ്യബന്ധനത്തിനു പോകുന്ന വളളങ്ങൾക്കു ചെലവാകുന്ന തുക പോലും കിട്ടാത്ത അവസ്ഥയായിരുന്നു.
ട്രോളിങ് നിരോധനമായതിനാൽ ബോട്ടിലെ തൊഴിലാളികളും വള്ളങ്ങളിൽ ജോലിക്ക് പോകുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ മറ്റു പ്രദേശത്തു നിന്നു കച്ചവടക്കാർ എത്തുന്നതോടെ മീനിന് നല്ല വില കിട്ടുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.