ദ്വീപ് ഡയറിയുടെ ആറാം ഷെഡ്യൂൾ പരാമർശം തീർത്തും അടിസ്ഥാന രഹിതം

മഹദ ഹുസൈൻ ലക്ഷദ്വീപ് ✍️

ദ്വീപ് ഡയറിയുടെ ആറാം ഷെഡ്യൂൾ പരാമർശം തീർത്തും അടിസ്ഥാന രഹിതം

പതിനെട്ടാമത് ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് ലക്ഷദ്വീപിൽ നിന്നും വിജയിച്ച ശ്രീ. ഹംദുള്ളാ സഈദിന് വിജയാശംസകൾ നേർന്നുകൊണ്ടുള്ള ദീപു ഡയറി എന്ന ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്തയിൽ ലക്ഷദ്വീപിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരം ഒരു കുറിപ്പ്.

ഭരണഘടനയുടെ ആറാം ഷെഡ്യൂൾ എന്നത് തികച്ചും നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായ ഒന്നാണെന്നുള്ള പ്രാഥമിക വിവരം പോലുമില്ലാതെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിൽ ദ്വീപ് ഡയറി പോലെ ധാരാളം വായനക്കാരുള്ള ഒരു ഓൺലൈൻ മീഡിയ വാർത്ത പ്രസിദ്ധീകരിച്ചത് തീർത്തും തെറ്റാണ്.

ലക്ഷദ്വീപിന്റെ ചരിത്രത്തിൽ അറക്കലും, ചിറക്കലും, ടിപ്പുവും, ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി അടക്കം നിരവധിപേർ ലക്ഷദ്വീപിന്റെ ഭരണസംവിധാനങ്ങൾ കയ്യാളിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് 1874-ലെ ഷെഡ്യൂൾഡ് ഡിസ്ട്രിക്ട് ആക്ട് പ്രകാരം ലക്ഷദ്വീപിനെ ഒരു ഷെഡ്യൂൾ ഡിസ്ട്രിക്റ്റായി 19.02.1889-ൽ പ്രഖ്യാപിക്കപ്പെടുകയും 1919-ൽ സെക്ഷൻ 52A പ്രകാരം പിന്നോക്ക പ്രദേശമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 

പിന്നീട് രാജ്യം സ്വാതന്ത്ര്യം കൈവരിച്ചതിന് ശേഷം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 244 (1) പ്രകാരം 1950-ൽ ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ലക്ഷദ്വീപ് ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ഷെഡ്യൂൾഡ് ഏരിയയായി പ്രഖ്യാപിക്കപ്പെട്ടു. കൂടാതെ ലക്ഷദീപ് സമൂഹത്തെ ഷെഡ്യൂൾ ട്രൈബ് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1956-ൽ ലക്ഷദ്വീപ് ഒരു കേന്ദ്രഭരണ പ്രദേശമായി അംഗീകരിക്കപ്പെട്ടു. എന്നാൽ ഷെഡ്യൂൾഡ് ഏരിയകൾക്ക് ലഭിക്കേണ്ട സ്വയംഭരണ അധികാരങ്ങളോ, അവകാശങ്ങങ്ങളോ ഇതുവരെയായി ലക്ഷദ്വീപിന് ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.

അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഒരു പ്രദേശത്തിന് ആ പ്രദേശത്തെ ഭരണ കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ഷെഡ്യൂൾ ട്രൈബ് അംഗങ്ങൾ ഭൂരിപക്ഷം വരുന്ന ഒരു Tribes Advisory Council (TAC) രൂപീകരിക്കപ്പെടണം. ഈ പ്രദേശങ്ങളിലേക്ക് നിയമിക്കപ്പെടുന്ന ഗവർണർ/അഡ്മിനിസ്ട്രേറ്റർമാർക്കോ ഇവിടത്തെ ഭരണസംവിധാനങ്ങളിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. എന്നാൽ ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ഇന്നോളമായി ഇത്തരത്തിലുള്ള ഭരണസംവിധാനങ്ങളോ കമ്മിറ്റികളോ യാഥാർഥ്യമാക്കപ്പെട്ടിട്ടില്ല. 

1996-ൽ ഷെഡ്യൂൾഡ് ഏരിയകൾക്ക് വേണ്ടി PESA Act 1996 (Panchayats Extension to Scheduled Area) എന്ന പ്രത്യേക qപഞ്ചായത്ത് നിയമം നിലവിൽ വന്നു. PESA നിയമത്തിലൂടെ ഷെഡ്യൂൾഡ് ഏരിയയിൽ വസിക്കുന്ന പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അവരുടെ ഭരണകാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരങ്ങൾ ഗ്രാമസഭകൾ വഴി സാധാരണ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തുകയും, ഭരണഘടന ഈ പ്രദേശങ്ങൾക്ക് നൽകുന്ന പ്രതേക അവകാശങ്ങൾ കൂടിയാണ് ഇത്തരമൊരു നിയമത്തിലൂടെ നടപ്പിലാക്കപ്പെടുന്നത്. പക്ഷേ സ്വയംഭരണ അവകാശമുള്ള ഈ പഞ്ചായത്ത്  ഭരണസംവിധാനവും ലക്ഷദ്വീപിൽ നടപ്പിൽ വരുത്തിയിട്ടില്ല എന്നത് വളരെ ഖേദകരമായ ഒരു കാര്യം തന്നെയാണ്. 

1967-ൽ ലക്ഷദ്വീപിൽ നിന്നും പാർലമെന്റിലേക്ക് പൊതുതിരഞ്ഞെടുപ്പിലൂടെ ഒരു പ്രതിനിധി കടന്നു ചെല്ലുകയുണ്ടായി. പിന്നീട് അദ്ദേഹം ഇന്ത്യയുടെ പരമോന്നത നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ നിയന്ത്രണ ചുമതലയുള്ള ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം മുതൽ ആഭ്യന്തര സഹമന്ത്രി സ്ഥാനം വരെ അലങ്കരിച്ച പ്രമുഖനായിരുന്നു ബഹുമാനപ്പെട്ട മർഹൂം ശ്രീ. പി.എം സഈദ് സാഹിബ്. 

കേവലം ഒരു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യ വരുന്ന ഷെഡ്യൂൾ ട്രൈബ് സമൂഹം അതിവസിക്കുകയും അറബിക്കടലിൽ ഒറ്റപ്പെട്ടു കിടക്കുകയും ചെയ്യുന്ന ഈ ദീപ് സമൂഹത്തിന് സ്വയംഭരണ അവകാശത്തിനായി ഒരു നിയമസഭ സാധ്യമാക്കാൻ കഴിഞ്ഞില്ലെങ്കിലും, 1950-ൽ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെടുത്തപ്പെട്ട ഷെഡ്യൂൾഡ് ഏരിയ എന്ന പരിഗണനയും അതിലൂടെ ലഭിക്കുന്ന സ്വയംഭരണ അവകാശങ്ങളും, പിന്നീട് ഷെഡ്യൂൾ ഏരിയകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത PESA Act1996 എന്ന പ്രത്യേക പഞ്ചായത്ത് ഭരണസംവിധാനങ്ങളും ലക്ഷദ്വീപിൽ യാഥാർത്ഥ്യമാക്കേണ്ട പ്രതിബദ്ധത അദ്ദേഹം നിറവേറ്റിയിട്ടില്ല. നീണ്ട നാല് പതിറ്റാണ്ട് തുടർച്ചയായി തന്നെ പാർലമെന്റിലേക്ക് അയച്ച ജനതയ്ക്ക് തങ്ങളുടെ ഭരണകാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരങ്ങളും അവകാശങ്ങളും നൽകുന്നതിനായി ഇത്തരം സംവിധാനങ്ങൾ അദ്ദേഹത്തിന് ലക്ഷദ്വീപിന് സംഭാവന ചെയ്യാമായിരുന്നു. 

എന്നാൽ ഭരണഘടന നൽകുന്ന ഇത്തരം പ്രത്യേക അധികാരങ്ങൾ ദ്വീപിലേക്ക് എത്താതിരിക്കുകയും, പ്രതേക അധികാരമുള്ള ലക്ഷദീപ് ഐലൻഡ് കൗൺസിൽ എന്ന സംവിധാനത്തെ തകിടം മറിച്ചു കൊണ്ട് പ്രാദേശിക ജനപ്രതിനിധികളുടെ അധികാരങ്ങളിൽ പരിമിതികൾ വരുത്തിക്കൊണ്ട് 1994-ൽ ലക്ഷദ്വീപ് പഞ്ചായത്ത് റെഗുലേഷൻ പ്രാഭല്യത്തിൽ കൊണ്ടുവരുകയും ചെയ്തു. 

ഇതിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സന്ദേശം എന്താണ് ? സ്വയംഭരണ അവകാശങ്ങൾ സ്ഥാപിക്കുന്നതിന് പകരം മുൻകാലങ്ങളിൽ തന്നെ ലക്ഷദ്വീപിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഉയർന്നുവരരുതെന്നും  തദേശീയരായിട്ടുള്ള പ്രദേശവാസികൾക്ക് ലക്ഷദ്വീപിന്റെ ഭരണസംവിധാനങ്ങളിൽ യാതൊരുവിധ അധികാരങ്ങളും ഇല്ലാത്ത വിധം  പ്രദേശവാസികളെയും പ്രാദേശിക ജനപ്രതിനിധികളെയും ബ്യൂറോക്രസിയുടെ ചുവപ്പുനാടക്കുള്ളിൽ ബന്ധനസ്ഥരാക്കി എന്നാണ് ഇതിൽനിന്നെല്ലാം മനസ്സിലാവുന്നത്. 

തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അധികാരത്തിനുമേൽ അധികാരങ്ങളുടെ പടവുകൾ ഓരോന്നായി കയറികൊണ്ടിരുന്നു, പക്ഷെ ദ്വീപിന്റെ ഭരണസംവിധാനത്തിൽ ദ്വീപുകാർക്ക് യാതൊരു പങ്കും ലഭ്യമക്കാനോ ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യാനോ നമ്മുടെ പ്രധിനിധിക്ക് സാധിക്കാതെ പോയത് ഏറെ ദൗർഭാഗ്യകരമാണ്.

1950 മുതൽ ഭരണഘടനാ പരമായി ഇത്രയേറെ സംരക്ഷണ വലയങ്ങളും സ്വയംഭരണ അവകാശങ്ങളും ലക്ഷദ്വീപിന് ഉണ്ടായിട്ടും ഇവിയിൽ ഒന്ന് പോലും യാഥാർഥ്യമാക്കാൻ കഴിയാതെ പോയത് എന്ത്കൊണ്ടായിരിക്കും...? നമ്മളിൽ ആരാണ് ഇതിന്റെ  ഉത്തരവാദി...? പുതു തലമുറ കാര്യങ്ങൾ പഠിച്ചു ചിന്തിച്ചു വിലയിരുത്തട്ടെ.

Mahada Hussain. T.I

Yuva Morcha, State President. Lakshadweep.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !