ന്യൂറാലിങ്ക് ടെലിപ്പതി; ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാൻ ഇലോണ്‍ മസ്‌ക്

അമേരിക്ക: മറ്റൊരാളില്‍ കൂടി ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് ഉപകരണം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ന്യൂറാലിങ്ക്. ന്യൂറാലിങ്ക് ഇത് രണ്ടാം തവണയാണ് മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് ആദ്യമായി മനുഷ്യനില്‍ സ്ഥാപിച്ചത്. മാസങ്ങൾക്ക് ശേഷം ചില സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടെങ്കിലും ആദ്യ പരീക്ഷണം വിജയമായിരുന്നു.

ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് തുടക്കമിട്ട ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ആണ് ന്യൂറാലിങ്ക്. ഇവര്‍ വികസിപ്പിച്ച 'ടെലിപ്പതി' എന്ന ഉപകരണം തലച്ചോറില്‍ ഘടിപ്പിച്ച് രോഗികള്‍ക്ക് അവരുടെ ചിന്തകളിലൂടെ കംപ്യൂട്ടര്‍ നിയന്ത്രിക്കാനാവും. ഗുരുതരമായ ശാരീരിക പ്രശ്നങ്ങളുള്ളവരിലും കൈകാലുകള്‍ തളര്‍ന്നു കിടക്കുന്നവരിലുമാണ് ന്യൂറാലിങ്ക് ടെലിപ്പതി പരീക്ഷിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ആളുകളില്‍ ഉപകരണം ഘടിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് എക്സിൽ പറഞ്ഞു.

എഐയില്‍ നിന്നും മനുഷ്യര്‍ നേരിടുന്ന അപകടസാധ്യത ലഘൂകരിക്കുകയാണ് ഇതുവഴി താന്‍ ലക്ഷ്യമിടുന്നതെന്ന് മസ്‌ക് പറഞ്ഞു. മനുഷ്യന്റെ ബുദ്ധിയും ഡിജിറ്റല്‍ ഇന്റലിജന്‍സും തമ്മില്‍ അടുത്ത സഹവര്‍ത്തിത്വം സൃഷ്ടിക്കുന്നതിലൂടെ ന്യൂറാലിങ്കിന് അത് സാധിക്കുമെന്നും മനുഷ്യര്‍ക്ക് 'സൂപ്പര്‍പവര്‍' നല്‍കാനാണ് ന്യൂറാലിങ്ക് ലക്ഷ്യമിടുന്നതെന്നും മസ്‌ക് പറഞ്ഞു.

ആദ്യ ശസ്ത്രക്രിയയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒഴിവാക്കിക്കൊണ്ടായിരിക്കും ഭാവിയിലെ ശസ്ത്രക്രിയകളെന്ന് ന്യൂറാലിങ്ക് പറയുന്നു. അരിസോണ സ്വദേശിയായ നോളണ്ട് ആര്‍ബോ എന്നയാളില്‍ ഘടിപ്പിച്ച ന്യൂറാലിങ്ക് ഉപകരണത്തില്‍ ചില സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു. മസ്തിഷ്‌ക ചര്‍മ്മത്തില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ എന്ന് വിളിക്കുന്ന നേര്‍ത്ത നാരുകള്‍ വേര്‍പെട്ടതാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്.

ഈ പ്രശ്‌നം പരിഹരിക്കാനുള്ള ചില മാറ്റങ്ങള്‍ പുതിയ ഉപകരണത്തില്‍ കൊണ്ടുവരുമെന്ന് മസ്‌ക് പറഞ്ഞു. ഇതിന്റെ ഭാഗമായി, ഇലക്ട്രോഡുകള്‍ വേര്‍പെടാന്‍ കാരണമായെന്ന് കരുതുന്ന ആദ്യ ശസ്ത്രക്രിയയുടെ ഭാഗമായുണ്ടായ എയര്‍പോക്കറ്റുകള്‍ ഒഴിവാക്കും. കൂടുതല്‍ കൃത്യമായി ഈ നാരുകള്‍ ഘടിപ്പിക്കാനും ശ്രമിക്കുമെന്നും മസ്‌ക് പറഞ്ഞു.

ഭാവിയില്‍ ഉപകരണം ഘടിപ്പിച്ച ആളുകള്‍ക്ക് പഴയ മോഡലുകളില്‍ നിന്ന് പുതിയതിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുമെന്നും മസ്‌ക് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !