മാനന്തവാടി: ചൂടുവെള്ളത്തിൽ വീണ് പൊള്ളലേറ്റ കുട്ടി മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ പ്രതികൾക്കായി ഹാജരായത് പബ്ലിക് പ്രോസിക്യൂട്ടർ. ചികിത്സയ്ക്കു വിമുഖത കാണിച്ച പിതാവ് വൈശ്യമ്പത്ത് അൽത്താഫിനും ചികിത്സിച്ച നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി ജോർജിനും വേണ്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടർ ജോഷി മുണ്ടയ്ക്കൽ ഹാജരായത്. ഇരുവർക്കും ജാമ്യം ലഭിച്ചു.
പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് പൊലീസിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതായും ആരോപണമുണ്ട്. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ഒൻപതിനാണ് വീട്ടിൽ കുളിക്കാനായി വച്ച ചൂടുവെള്ളം നിറച്ച ബക്കറ്റിൽവീണ് മുഹമ്മദ് അസാന് (3) പൊള്ളലേറ്റത്. 20 ന് കുട്ടി മരിച്ചു.
മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത കുട്ടിയെ നാട്ടുവൈദ്യനെ കാണിച്ച് വീട്ടിൽ ചികിത്സിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അൽത്താഫ്, ജോർജ് എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.
അതേസമയം, വക്കാലത്തെടുത്തിട്ടില്ലെന്നും പ്രതികൾക്കായി ഹാജരായിട്ടില്ലെന്നും ജോഷി മുണ്ടയ്ക്കൽ പറഞ്ഞു. മറ്റൊരു അഭിഭാഷകനായ ഷിബിലാണു വക്കാലത്തെടുത്തതും വാദിച്ചതെന്നുമാണു ജോഷിയുടെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.