മോസ്കോ: യുക്രൈയിന് എതിരെയുള്ള പോരാട്ടത്തിന് റഷ്യൻ സൈന്യത്തിൽ ചേർത്ത് യുദ്ധ മുഖത്തേക്ക് അയച്ച ഹരിയാണ സ്വദേശി കൊല്ലപ്പെട്ടെന്ന് കുടുംബം.
കൈത്താൽ ജില്ലയിലെ മാത്തൂർ ഗ്രാമത്തിലുള്ള രവി മൗൺ(22) ആണ് മരിച്ചത്. മോസ്കോയിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചതായി സഹോദരൻ അജയ് മൗൺ പറഞ്ഞു.
ജനുവരി 13-ന് റഷ്യയിലേക്ക് മറ്റൊരു ജോലിക്കായി പോയ രവിയെ യുക്രൈയിനെതിരെയുള്ള യുദ്ധത്തിനായി സൈന്യത്തിൽ ചേർക്കുകയായിരുന്നു. സഹോദരനെകുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ജൂലായ് 21-ന് അജയ് ഇന്ത്യൻ എംബസിക്ക് കത്തയച്ചു. അപ്പോഴാണ് മരണവിവരം എംബസി അധികൃതർ അറിയിച്ചത്.
യുക്രയിനെതിരെ യുദ്ധമുഖത്തേക്ക് പോകണമെന്നും അല്ലെങ്കിൽ 10 വർഷത്തെ തടവ് അനുഭവിക്കണമെന്നും റഷ്യൻസേന സഹോദരനെ ഭീഷണിപ്പെടുത്തിയെന്ന് അജയ് പറഞ്ഞു. കിടങ്ങുകൾ കുഴിക്കാൻ പരിശീലിപ്പിക്കുകയും പിന്നീട് യുദ്ധമുഖത്തേക്ക് അയക്കുകയും ചെയ്തു. മാർച്ച് 12 വരെ രവിയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും അജയ് കൂട്ടിച്ചേർത്തു.
മരണം സ്ഥീരീകരിക്കാനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും റഷ്യൻ അധികൃതരോട് അഭ്യർഥിച്ചെന്ന് അജയിയുടെ കത്തിന് ഇന്ത്യൻ എംബസി മറുപടി നൽകി. രവിയുടെ മരണം റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹം തിരിച്ചറിയാൻ നാട്ടിലെ ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിളുകൾ വേണമെന്ന് റഷ്യ ആവശ്യപ്പെട്ടെന്ന് എംബസി അറിയിച്ചതായി അജയ് പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സഹായിക്കണമെന്ന് പ്രധാനമന്ത്രിയോടും അജയ് അഭ്യർഥിച്ചു. ഒരു ഏജന്റ് മുഖേനയായിരുന്നു രവി റഷ്യയിലേക്ക് പോയത്. ഒരേക്കർ ഭൂമി വിറ്റ് 11.50 ലക്ഷം രൂപയാണ് ഇതിന് ചിലവായത്.
സൈന്യത്തിൽ ചേർത്ത ഇന്ത്യൻ പൗരന്മാരെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യം റഷ്യ അംഗീകരിച്ചതിനു പിന്നാലെയാണ് രവിയുടെ മരണ വാർത്ത പുറത്തുവരുന്നത്. യുദ്ധമേഖലയിൽ റഷ്യൻ സൈന്യത്തിന്റെ സപ്പോർട്ടിങ് സ്റ്റാഫ് ജോലിയുടെ പേരിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയുംവേഗം വിട്ടയക്കണമെന്ന് റഷ്യൻ അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയവും നേരത്തേ അറിയിച്ചിരുന്നു.
പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചപ്പോൾ വ്ലാദിമിർ പുതിനുമായി സംസാരിച്ചിരുന്നു. കൂടിക്കാഴ്ചയിൽ ഇന്ത്യൻ പൗരന്മാർ സൈന്യത്തിലകപ്പെട്ട കാര്യം ശക്തമായി ഉന്നയിച്ചു. തുടർന്ന് റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്‍മാരെ മോചിപ്പിച്ച് തിരികെ നാട്ടിലേക്ക് അയക്കുമെന്ന് റഷ്യ ഉറപ്പു നൽകുകയും ചെയ്തു. രാജ്യവ്യാപകമായി സി.ബി.ഐ. നടത്തിയ തിരച്ചിലിൽ മനുഷ്യക്കടത്തുസംഘങ്ങളെ പിടികൂടുകയും ഒട്ടേറെ ഏജന്റുമാരുടെപേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കേരളത്തിലും സമാനരീതിയിൽ യുവാക്കൾ തട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയിരുന്നു. സുരക്ഷാജോലിക്കെന്നു പറഞ്ഞ് തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നു യുവാക്കളെയാണ് റഷ്യയിലെത്തിച്ച് സൈന്യത്തിൽ ചേർത്തത്. വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യംകണ്ടാണ് ഇവർ ഏജന്‍സിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ എത്തി. പിന്നിട് അവിടെനിന്ന് റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.