ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ടെസ്റ്റിങ് സ്റ്റേജിലേക്ക് കടക്കാനൊരുങ്ങുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ പ്രഖ്യാപനം നടത്തിയത്. വന്ദേ മെട്രോ ട്രെയിനുകളും ടെസ്റ്റിങ്ങിലേക്ക് കടക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
16 കോച്ചുകളാണ് ഓരോ വന്ദേ സ്ലീപ്പറിലും ഉണ്ടാവുക. ആകെ 823 യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും ഓരോ വന്ദേ സ്ലീപ്പറിനും.ടെസ്റ്റിങ് കഴിഞ്ഞ് എത്രയും വേഗം സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറക്കാനാണ് റെയിൽവേയുടെ നീക്കം.
ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിൽ തന്നെ വന്ദേ സ്ലീപ്പറുകൾ ട്രാക്കിലിറങ്ങും.കേരളത്തിന് രണ്ട് വന്ദേ സ്ലീപ്പറുകൾ ലഭിക്കുമെന്നും വിവരമുണ്ട്. കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരു വരെ പോകുന്നതായിരിക്കും ഇവയിലൊന്ന്. രണ്ടാമത്തേത് കന്യാകുമാരിയിൽ നിന്ന് ശ്രീനഗർ വരെ പോകുന്നതും.
ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ദിവസവും സർവ്വീസ് നടത്തും. ശ്രീനഗർ വന്ദേ ഭാരത് സ്ലീപ്പർ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമായി പരിമിതപ്പെടുത്തും. ഉധംപൂർ - ബാലാമുള്ള റെയിൽവേ ട്രാക്കിന്റെ ജോലികൾ തീർന്നാലുടനെ കന്യാകുമാരി - ശ്രീനഗർ സർവ്വീസ് നടക്കും. ദീർഘദൂര റൂട്ടുകളിലാണ് വന്ദേ സ്ലീപ്പറുകൾ ഓടുക.
നിലവിൽ ഓടുന്ന രാജധാനി എക്സ്പ്രസ് 9ട്രെയിനുകള്‍ക്ക് പകരമായാണ് വന്ദേ സ്ലീപ്പറുകൾ അവതരിപ്പിക്കുന്നതെന്ന് ചില റെയിൽവേ ഉദ്യോഗസ്ഥർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഭാവിയിൽ വന്ദേ സ്ലീപ്പറുകളായിരിക്കും രാജധാനി ട്രെയിനുകളുടെ സ്ഥാനത്ത് ട്രാക്കുകളിൽ ഉണ്ടാവുക. അതെസമയം നിലവിലുള്ള രാജധാനി ട്രെയിനുകൾ സർവ്വീസ് തുടരുകയും ചെയ്യും. ഇതോടൊപ്പം 50 അമൃത് ഭാരത് ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്. ഈ അമ്പത് ട്രെയിനുകളും നോൺ എസി ട്രെയിനുകളാണ്.
22 കോച്ചുകൾ വീതമാണ് ഓരോ ട്രെയിനിലും ഉണ്ടാവുക. ഇവയിൽ 11 ഏസി കോച്ചുകളും 11 ജനറൽ കോച്ചുകളും ഉണ്ടായിരിക്കും. 2023 ഡിസംബർ മാസത്തിലാണ് അമൃത് ഭാരത് ട്രെയിനുകളുടെ വരവ് പ്രഖ്യാപിക്കപ്പെട്ടത്. നിലവിൽ രണ്ട് അമൃത് ഭാരത് ട്രെയിനുകൾ മാത്രമാണ് രാജ്യത്ത് ഓടുന്നത്.
ദർഭംഗ - അയോധ്യ - ആനന്ദ് വിഹാർ അമൃത് ഭാരത് എക്സ്പ്രസ്സും, മാൾദ ടൗൺ - ബെംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനും. ജനറല്‍ കോച്ചുകൾ വെട്ടിക്കുറച്ചതിനു തുടർന്ന് രാജ്യത്തെമ്പാടും ട്രെയിനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ പ്രശ്നത്തെ നേരിടുക എന്നതാണ് അമൃത് ഭാരത് ട്രെയിനുകളുടെ ഉദ്ദേശ്യം.
വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണ വേഗത കൂടിയതായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. പത്ത് ദിവസത്തിൽ ഒരു വന്ദേ ഭാരത് പുറത്തിറക്കാൻ കഴിയുന്ന വേഗതയിലേക്ക് നിർമ്മാണം എത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.