കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളും പഠിക്കാനായി നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. അതേസമയം എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് മേലുള്ള നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചലച്ചിത്ര നിർമാതാവ് സജിമോൻ പറയിൽ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നുമാണ് ഹർജിക്കാരന്റെ പ്രധാന വാദം. ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെടുന്നവർ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവരല്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നതെന്നും ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പറയിൽ ഹൈക്കോടതിയിൽ വാദം ഉന്നയിച്ചു. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച് അഞ്ചു വർഷത്തിന് ശേഷമാണ് പുറത്തുവിടുന്നതിന് തീരുമാനിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുജനതാതപര്യാർഥം ഉള്ള ഒന്നല്ല. കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെടുന്നവർ കമ്മിഷന് മുമ്പാകെ മൊഴി നൽകിയവരല്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നതെന്നും ഹർജിക്കാരൻ വാദിച്ചു.
അതേസമയം വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണർ സർക്കാരിന് നൽകിയ നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും നിശ്ചിത ഭാഗം മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.