മുംബൈ: ശിവസേന നേതാവിന്റെ മകന് ഓടിച്ച ആഡംബരക്കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. അപകടത്തില്‍ മരിച്ച കാവേരി നഖ്വ(45)യെ ഇടിച്ചിട്ടശേഷം ഏകദേശം ഒന്നരക്കിലോമീറ്ററോളം ദൂരം ഇവരെ കാറില്‍ വലിച്ചിഴച്ചതായാണ് പോലീസിന്റെ റിപ്പോര്‍ട്ട്.
ഇതിനുപിന്നാലെ കാറോടിച്ചിരുന്ന മിഹിര്‍ ഷാ വാഹനത്തില്‍നിന്നിറങ്ങി കാറിനടിയില്‍ കുരുങ്ങികിടന്നിരുന്ന സ്ത്രീയെ റോഡിലേക്ക് മാറ്റി. പിന്നീട് ഇയാള്‍ ഡ്രൈവിങ് സീറ്റില്‍നിന്ന് മാറിയെന്നും തുടര്‍ന്ന് ഡ്രൈവറായ രാജ് ഋഷി ബിദാവത് ആണ് വാഹനമോടിച്ചതെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വര്‍ളിയിലാണ് അപകടമുണ്ടായത്. ശിവസേന ഷിന്ദേ വിഭാഗം നേതാവായ രാജേഷ് ഷായുടെ മകനായ മിഹിര്‍ ഷായാണ് ബി.എം.ഡബ്ല്യൂ കാര്‍ ഓടിച്ചിരുന്നത്. ഇവരുടെ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ മരിച്ച കാവേരിയും ഭര്‍ത്താവ് പ്രദീക്കും സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ ബി.എം.ഡബ്ല്യൂ കാര്‍ സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാരെ ഇടിച്ചിട്ടു. കാറിനടിയില്‍ കുടുങ്ങിയ കാവേരിയുമായി ഒന്നരക്കിലോമീറ്ററോളം ദൂരമാണ് മിഹിര്‍ ഷാ വാഹനമോടിച്ചത്. ഇതിനുശേഷം വാഹനം നിര്‍ത്തിയ പ്രതി കാറില്‍നിന്നിറങ്ങി കുരുങ്ങികിടക്കുകയായിരുന്ന കാവേരിയെ റോഡിലേക്ക് കിടത്തി. തുടര്‍ന്ന് ഡ്രൈവറാണ് വാഹനമോടിച്ചത്. ഇയാള്‍ വാഹനം പിറകിലേക്കെടുത്ത് വീണ്ടും സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നും പോലീസ് പറയുന്നു.
പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് ഈ വിവരങ്ങളെല്ലാം വ്യക്തമായതെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. മിഹിര്‍ ഷായ്ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ കുറ്റകൃത്യത്തിന് കൂട്ടുനിന്നതായും പോലീസ് കോടതിയില്‍ പറഞ്ഞു.
അതേസമയം, നേരത്തെ പുണെയിലുണ്ടായ പോര്‍ഷെ അപകടത്തിന് സമാനമായ കാര്യങ്ങള്‍ മുംബൈയിലെ ബി.എം.ഡബ്ല്യൂ അപകടത്തിലും സംഭവിച്ചെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രണ്ടുസംഭവങ്ങളിലും ഉന്നതസ്വാധീനമുള്ളവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്. അതിനാല്‍തന്നെ ആദ്യഘട്ടത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അപകടത്തിന് പിന്നാലെ മുഖ്യപ്രതി മിഹിര്‍ ഷായും ഡ്രൈവറും ബാന്ദ്രയിലേക്കാണ് കാറുമായി പോയത്. ശേഷം വാഹനം ഇവിടെ ഉപേക്ഷിച്ചശേഷം മിഹിര്‍ ഷാ മറ്റൊരു കാറില്‍ ബോറിവള്ളി ഭാഗത്തേക്ക് പോയി. തുടര്‍ന്ന് പ്രതി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും ഇതിനുശേഷമാണ് ഇയാളെ കാണാതായതെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം, മിഹിര്‍ ഷാ മഹാരാഷ്ട്ര വിട്ടിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലും പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മുംബൈ പോലീസിന്റെ 11 സംഘങ്ങളാണ് പ്രതിയെ കണ്ടെത്താനായി വ്യാപകമായ തിരച്ചില്‍ നടത്തുന്നത്.
മുംബൈ ബി.എം.ഡബ്ല്യൂ അപകടത്തില്‍ മുഖ്യപ്രതി മിഹിര്‍ ഷായുടെ പിതാവും ശിവസേന നേതാവുമായ രാജേഷ് ഷായെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെറ്റായവിവരങ്ങള്‍ നല്കി പോലീസിനെ കബളിപ്പിച്ചതിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് രാജേഷ് ഷായെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ അപകടം നടന്ന് ഒരുമണിക്കൂറിനകം രാജേഷ് സംഭവസ്ഥലത്ത് എത്തിയിരുന്നതായാണ് പോലീസ് പറയുന്നത്.
ഞായറാഴ്ച അര്‍ധരാത്രി വരെ ജുഹുവിലെ ബാറില്‍ മദ്യപിച്ചശേഷമാണ് മിഹിര്‍ ഷാ കാറില്‍ യാത്രതിരിച്ചത്. ബാറില്‍ ഏകദേശം 18000 രൂപയുടെ ബില്ലടച്ചതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ബാറില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബെന്‍സ് കാറില്‍ പ്രതി പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതിനുശേഷമാണ് താന്‍ വിളിച്ചുവരുത്തിയ ഡ്രൈവറിനൊപ്പം പ്രതി ബി.എം.ഡബ്ല്യൂ കാറില്‍ യാത്രചെയ്തതെന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.