മംഗളൂരു∙ ഇന്ത്യയിലൊട്ടാകെ വിവിധ കേസുകളിൽ പ്രതിയായ ഛഡ്‌ഡി മോഷണ സംഘാംഗങ്ങളെ മംഗളൂരു പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. ബുധനാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ മൽക്കി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു സംഘാംഗങ്ങളെ പൊലീസ് വെടിവച്ചത്.
നഗരത്തിലെ ഒരു വീട്ടിൽ നടന്ന മോഷണ കേസിൽ ഇവരെ മംഗളൂരു പൊലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ.
മോഷണത്തിനായി ഉപയോഗിച്ച ഇരുമ്പുദണ്ഡ് ബസ് സ്റ്റാന്റ് പരിസരത്ത് ഇവർ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തെളിവെടുപ്പിനായാണ് നാലംഗ സംഘത്തെ പൊലീസ് എത്തിച്ചത്. തെളിവെടുപ്പിനിടെ പ്രതികളിൽ 2 പേർ പൊലീസിനെ ആക്രമിച്ചു. രാജു സിംഘാനിയ, ബാലി എന്നിവരാണ് പൊലീസിനെ ആക്രമിച്ച് കടന്ന് കളയാൻ ശ്രമിച്ചത്. അക്രമണത്തിൽ എഎസ്ഐ വിനയ് കുമാർ, കോൺസ്റ്റബിൾ ശരത് എന്നിവർക്ക് പരുക്കേറ്റു.
മുന്നറിയിപ്പ് എന്ന നിലയിൽ പൊലീസ് ആകാശത്തേക്ക് ആദ്യം വെടി വച്ചെങ്കിലും പ്രതികൾ കീഴടങ്ങിയില്ല. തുടർന്ന് പ്രതികളുടെ മുട്ടിന് താഴെ വെടിവയ്ക്കുകയായിരുന്നുവെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ അനുപം അഗർവാൾ അറിയിച്ചു. പരുക്കേറ്റ രണ്ട് പ്രതികളെയും മംഗളൂരുവിലെ വെൻലോക്ക് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരുവിലെ യശ്വന്ത്പുരയിൽനിന്ന് നാല് ദിവസം മുൻപാണ് മോഷണ സംഘം മംഗളൂരുവിലെത്തിയത്. തുടർന്ന് ചൊവ്വാഴ്ച നഗരത്തിലെ വീട്ടിൽ നിന്ന് കവർച്ച നടത്തിയ ശേഷം തിരിച്ചുപോകുന്നതിനിടെ ഹാസനിൽനിന്ന് ഇവർ പിടിയിലായി. ഈ സംഘത്തിനെതിരെ കർണാടകയ്ക്ക് പുറമെ രാജസ്ഥാനിലും മധ്യപ്രദേശിലും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.