ചെന്നൈ: കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ക്രിമിനൽ നിയമങ്ങളിൽ (ഭാരതീയ ന്യായ സംഹിത) ഭേദഗതി വരുത്താൻ തമിഴ്നാട് സർക്കാർ തയ്യാറെടുക്കുന്നു.
ഈ നിയമങ്ങളിൽ സംസ്ഥാനത്തിന്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്താൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒരു സമിതി രൂപീകരിച്ച് ഉത്തരവിട്ടു.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും നിയമ വകുപ്പിന്റെയും ഒരു സംയുക്ത യോഗം വിളിച്ചുചേർത്താണ് സ്റ്റാലിൻ ഈ തീരുമാനത്തിലേക്ക് എത്തിയത്. ക്രിമിനൽ നിയമങ്ങൾ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കൺകറന്റ് ലിസ്റ്റിൽ വരുന്നതാണ് . ഇവ സംസ്ഥാനങ്ങൾക്ക് ഭേദഗതി ചെയ്യാൻ കഴിയും.
റിട്ടയേഡ് ഹൈക്കോടതി ജഡ്ജി എം സത്യനാരായന്റെ ഒരു ഏകാംഗ സമിതിയെയാണ് സര്‍ക്കാർ ഭേദഗതി നിർദ്ദേശങ്ങൾ വെക്കാൻ നിയോഗിച്ചത്. ഒരു മാസത്തിനകം ഭാരതീയ നിയമസംഹിതയിൽ വരുത്തേണ്ട മാറ്റങ്ങൾ ഈ സമിതി നിർദ്ദേശിക്കണം. മൂന്ന് നിയമങ്ങളാണ് ഭാരതീയ നിയമ സംഹിതയിൽ ഉൾപ്പെടുന്നത്. ഇവ മൂന്നിലും ആവശ്യമായ ഭേദഗതി നിർദ്ദേശം ചെയ്യണം സമിതി.
ഭാരതീയ ന്യായ സംഹിതയിലെ അടിസ്ഥാനപരമായ സെക്ഷനുകളിൽ പിഴവുകൾ കാണാനുണ്ടെന്നും അവ തിരുത്തുകയാണ് ലക്ഷ്യമെന്നും നിയമ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
പാർലമെന്റിൽ കഴിഞ്ഞ വർഷം ബില്ല് അവതരിപ്പിച്ചപ്പോൾ തന്നെ തമിഴ്നാട് എതിർപ്പുമായി രംഗത്തുണ്ടായിരുന്നു. സംസ്ഥാനങ്ങളുമായി ആലോചിച്ചല്ല ബില്ല് രൂപപ്പെടുത്തിയത് എന്നായിരുന്നു തമിഴ്നാട് ഉന്നയിച്ച പ്രശ്നം. ഭേദഗതികൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് സ്റ്റാലിൻ കത്തെഴുതുകയും ചെയ്തു.
സംസ്കൃത പേരുകളാണ് നിയമങ്ങൾക്ക് ഇട്ടത് എന്നതിലും തമിഴ്നാടിന് വിയോജിപ്പുണ്ട്. ഒരുകാലത്തും ഇന്ത്യയുടെ സാധാരണക്കാരുടെ ഭാഷയായിരുന്നിട്ടില്ലാത്ത സംസ്കൃതത്തിൽ പേരുകളിട്ടത് അംഗീകരിക്കാൻ കഴിയില്ലെന്ന് തമിഴ്നാട് പറയുന്നു. സാധാരണ മനുഷ്യരാണ് നിയമത്തിന്റെ ഗുണഭോക്താക്കളാകേണ്ടത്. അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിൽ വേണം പേരുകളിടാൻ എന്നും തമിഴ്നാട് വാദിക്കുന്നു.
കർണാടകവും പുതിയ നിയമങ്ങളിൽ ഭേദഗതി വരുത്താൻ തയ്യാറെടുക്കുകയാണ്. നിയമങ്ങളിൽ ആകെ 25 ഭേദഗതികൾ വരെ വരുത്തുമെന്നാണ് കർണാടക പറയുന്നത്.
ജൂലൈ 1 മുതലാണ് രാജ്യത്ത് മൂന്ന് നിയമങ്ങൾ ഉൾപ്പെട്ട ഭാരതീയ നിയമ സംഹിത പ്രാബല്യത്തിൽ വന്നത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയാം എന്നിങ്ങനെയാണ് പുതിയ നിയമങ്ങൾ. യഥാക്രമം, ഇന്ത്യൻ പീനൽകോഡ്, സിആർപിസി, തെളിവുനിയമം എന്നിവയ്ക്ക് പകരമാണിവ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.