കൊച്ചി: കമ്പനി നിയമപ്രകാരം എസ്എഫ്ഐഒ കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും, തങ്ങൾക്ക് കേസ് അന്വേഷിക്കാൻ വിലക്കില്ലെന്ന് ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചു. എക്സാലോജിക്– സിഎംആർഎൽ അനധികൃത പണമിടപാടു സംബന്ധിച്ച കേസിൽ ഇ.ഡിയുടെ അന്വേഷണവും നടപടികളും സമൻസും ചോദ്യംചെയ്ത് സിഎംആർഎൽ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്.
എസ്എഫ്ഐഒ അന്വേഷിക്കുന്ന കേസിൽ മറ്റ് ഏജൻസികൾക്ക് അന്വേഷിക്കാനാവില്ലെന്നു നേരത്തേ സിഎംആർഎൽ വാദിച്ചിരുന്നു. എന്നാൽ ഇ.ഡിയുടെ അന്വേഷണം കമ്പനി നിയമപ്രകാരമല്ല, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) അടിസ്ഥാനത്തിലാണെന്ന് ഇ.ഡിയുടെ അഭിഭാഷകൻ അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. സമൻസ് മാത്രമേ നൽകിയിട്ടുള്ളൂ. രേഖകൾ ഹാജരാക്കാനും അന്വേഷണത്തിനുമായാണു സമൻസ് അയയ്ക്കുന്നത്. സമൻസ് നൽകിയാൽ ഹാജരായി സത്യം അറിയിക്കുകയാണു വേണ്ടതെന്നും വ്യക്തമാക്കി.
എസ്എഫ്ഐഒയ്ക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കാൻ അധികാരമുണ്ടോയെന്നു കോടതി ആരാഞ്ഞു. അത്തരത്തിലുള്ള കേസ് അന്വേഷിക്കാൻ എസ്എഫ്ഐഒയ്ക്ക് അധികാരമില്ലെന്ന് ഇ.ഡി അറിയിച്ചു. കമ്പനി നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യം ചെയ്തതിനെ തുടർന്നുണ്ടായ കുറ്റമാണ് ഇ.ഡി അന്വേഷിക്കുന്നത്. സിവിൽ സ്വഭാവമുള്ള കുറ്റമാണെങ്കിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തില്ലെങ്കിലും അന്വേഷിക്കാമെന്നും വ്യക്തമാക്കി. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ച്, കേസ് ഓഗസ്റ്റ് 7 ലേക്കു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.