ന്യൂഡൽഹി: വിവാഹമോചനക്കേസിൽ ജീവനാംശം നൽകാൻ വരുമാനമാർഗമില്ലെന്ന് ഭർത്താവ് അവകാശപ്പെട്ടാലും വിദ്യാഭ്യാസയോഗ്യതയും വരുമാനം നേടാനുള്ള ശേഷിയും പരിഗണിച്ചാകണം ഉത്തരവെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹിയിലെ സാമ്പത്തികമായി ഉന്നത നിലയിലുള്ള ദമ്പതികളുടെ വിവാഹമോചന ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജഡ്ജിമാരായ വിക്രംനാഥ്, പി.കെ.മിശ്ര എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
വിവാഹബന്ധം തകർന്നതിന്റെ പേരിൽ ഭാര്യ നിരാശ്രയത്വത്തിലേക്കു വീണുപോകാതിരിക്കാനാണ് സ്ഥിരം ജീവനാംശം അനുവദിക്കുന്നതെന്നും അതു ഭർത്താവിനെ ശിക്ഷിക്കാനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആശ്രിതയായിരുന്ന പങ്കാളിക്കു വിവാഹമോചനശേഷവും സ്വസ്ഥമായി ജീവിക്കാനാകുന്ന സാഹചര്യമാണു കോടതി ഉറപ്പാക്കേണ്ടത്. പരിപാലനത്തുക നൽകുന്നതിനു നിശ്ചിത സൂത്രവാക്യമില്ല. പകരം, പല ഘടകങ്ങൾ സന്തുലിതമായി പരിഗണിക്കണം.
ഭർത്താവിന്റെ ജീവിതനിലവാരം, വിലക്കയറ്റം, ജീവിതച്ചെലവിൽ വന്ന മാറ്റം എന്നിവയും കണക്കിലെടുക്കണം. ജീവനാംശം ഒരുപാടു കൂടാനോ കുറയാനോ പാടില്ല. വിധിക്ക് ആസ്പദമായ കേസിൽ ഭാര്യയ്ക്ക് 2 കോടി രൂപ ഒറ്റത്തവണ ജീവനാംശമായി അനുവദിക്കാൻ ബെഞ്ച് നിർദേശിച്ചു. 5–7 കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. 50 ലക്ഷം രൂപ നൽകാമെന്നാണു ഭർത്താവ് വ്യക്തമാക്കിയിരുന്നത്.
പരിഗണിക്കേണ്ട ഘടകങ്ങൾ
∙ കക്ഷികളുടെ സാമൂഹിക, സാമ്പത്തിക അന്തസ്സ് ∙ ഭാര്യയുടെയും കുട്ടികളുടെയും ന്യായമായ ആവശ്യങ്ങൾ
∙ കക്ഷികളുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിലും ∙ സ്വന്തം നിലയ്ക്കുള്ള വരുമാനവും വസ്തുവകകളും
∙ വിവാഹം കഴിച്ചെത്തിയ വീട്ടിലേതുപോലുള്ള ജീവിതനിലവാരം ∙ കുടുംബ ഉത്തരവാദിത്തങ്ങൾക്കായി തൊഴിൽ ത്യജിച്ചിട്ടുണ്ടോ എന്നത്
∙ തൊഴിൽരഹിതയെങ്കിൽ കേസിന്റെ ചെലവ് ∙ ഭർത്താവിന്റെ സാമ്പത്തികസ്ഥിതി, വരുമാനം, ബാധ്യതകൾĺ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.