വയനാട്: മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ ഇരുന്നൂറ്റമ്പതോളം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. കുടുങ്ങിയവരിൽ വിദേശികളുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, സ്ഥലത്തുള്ളവർ പറയുന്നത് പ്രകാരം വിദേശികളാരും റിസോർട്ടിലില്ല.
മുണ്ടക്കൈയിലെ ജനസംഖ്യ അഞ്ഞൂറിനു മുകളിലാണ്. പുഴയുടെ ഭാഗത്തു നിന്നുള്ള തോട്ടം തൊഴിലാളികളെ ഇന്നലെ മാറ്റി പാർപ്പിച്ചിരുന്നു. സ്ഥലത്തെ മസ്ജിദ് തകർന്നിട്ടുണ്ട്. മസ്ജിദിലെ ഉസ്താദിനെ ഉൾപ്പെടെ ഉള്ളവരെ കാണാനില്ലെന്ന് അറിയുന്നു. ഇവിടെ പരിക്കേറ്റ് നിരവധി പേർ കിടക്കുന്നതായി കുടുങ്ങി കിടക്കുന്നവർ പറയുന്നു. ഇവര്‍ക്ക് ചികിത്സ നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല.
പരിക്കേറ്റ് വീടിനുള്ളിൽ കിടന്ന് കരയുകയാണ് പലരുമെന്ന് റിസോർട്ടിലുള്ളവർ പറയുന്നു.രണ്ട് കിലോമീറ്റർ അകലെയുള്ള മറ്റൊരു റിസോർട്ടിലും ആളുകളുണ്ടെന്ന് റിപ്പോർട്ടുണ്ട്. രണ്ട് റിസോർട്ടുകളിലുള്ളവർക്കും പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത വിധത്തിൽ തകർന്നു കിടക്കുകയാണ് മേഖല.
നൂറിലധികം സ്ത്രീകൾ ട്രീവാലി റിസോർട്ടിൽ അഭയം തേടിയിട്ടുണ്ട്. ഹെലികോപ്റ്റർ ഇറക്കാൻ കാലാവസ്ഥ അനുകൂലമല്ലാത്തതാണ് പ്രശ്നം. മഴ അൽപ്പം മാറിയാൽ ഹെലികോപ്റ്റർ ഇറക്കും.
മന്ത്രിമാർ സഞ്ചരിച്ച ഹെലികോപ്റ്റർ വയനാട്ടിൽ ഇറക്കാൻ കഴിയാതെ തിരിച്ച് കോഴിക്കോട്ടേക്ക് എത്തിയതായാണ് വിവരം. കനത്ത മഴയുള്ളതിനാൽ കോപ്റ്ററിന് സ്ഥലത്തേക്ക് എത്താൻ കഴിയുന്നില്ല.
കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തി തുടങ്ങിയിട്ടുണ്ട്. 138 അംഗ സേന മുണ്ടകൈയിലേക്ക് തിരിച്ചു. നാല് എന്‍ഡിആര്‍എഫ് സംഘങ്ങളും എത്തും. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി.
ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.