തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല നല്ലനിലയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് കുറ്റമല്ലെന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി അടക്കമുള്ളവർ വിദേശത്താണ് പഠിച്ചതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് കുറ്റമല്ല. അത് പുതിയ കാര്യവുമല്ല. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വിദേശത്താണ് പഠിച്ചത്. നെഹ്റുവും അംബേദ്കറും ഇന്ദിരാഗാന്ധിയും വി.കെ. കൃഷ്ണമേനോനും ലണ്ടനിലാണ് പഠിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കെയ്റോ യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളത്തിലെ മികവ് തന്നെയാണ് വിദ്യാർഥികളുടെ മൈഗ്രേഷന് അവരെ സഹായിക്കുന്നത്. മികച്ച സാധ്യതകൾ തുറന്നുകിട്ടുമ്പോള്‍ അവര്‍ പോകട്ടെ. അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിലേക്ക് പോകുന്നതിന് പ്രത്യേക സഹായം സർക്കാർ നൽകുന്നുണ്ട്- മന്ത്രി സഭയിൽ പറഞ്ഞു.
നോർക്കയുടെ കുടിയേറ്റ സർവേയിലെ കണ്ടെത്തലുമായാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ എത്തിയത്. ഇന്ത്യയിൽ വിദ്യാർഥി കുടിയേറ്റം താരതമ്യേന കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി മറുപടി പറഞ്ഞു. പ്രസംഗം നീണ്ടു പോകുന്നതിനിടെ സ്പീക്കർ ഇടപെട്ട് പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ചില കാര്യങ്ങൾ പറഞ്ഞു പോകാതെ പറ്റില്ലാല്ലോ എന്ന് പറഞ്ഞ മന്ത്രി വീണ്ടും തുടരുകയായിരുന്നു.
കേരളത്തിൽ നിന്ന് രക്ഷപ്പെടണമെന്ന് യുവതലമുറ വിശ്വസിക്കുന്നതായി മാത്യു കുഴൽനാടൻ പറഞ്ഞു. ഇത്തരത്തിൽ യുവതലമുറ നാട്ടിൽ നിന്ന് പോയാൽ കേരളം വൃദ്ധസദനമായി മാറുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. പറഞ്ഞു.
സംസ്ഥാനമൊട്ടാകെ വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. അടിയന്തരപ്രമേയ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭവിട്ടിറങ്ങുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.