തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ എം. മനു പീഡിപ്പിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.). അസോസിയേഷൻ കുട്ടികൾക്കൊപ്പമാണ്. മനുവിനെ സംരക്ഷിച്ചിട്ടില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കെ.സി.എയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അതിൽ നിന്നും ഒഴിഞ്ഞുമാറുന്നില്ല. മനുവിന്റെ പ്രവൃത്തികൾ ഒരിക്കലും ന്യായീകരിക്കുന്നില്ല. മനുവിന്റെ കോച്ചിങ് സർട്ടിഫിക്കേഷൻ റദ്ദാക്കും. ഇയാൾ പെൺകുട്ടികളുടെ മാത്രം കോച്ച് ആയിരുന്നില്ല. പുതിയ പരിശീലകർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. മനുവിനെതിരെ പരാതിവന്നപ്പോൾ കെ.സി.എ അന്വേഷണത്തോട് പൂർണമായും സഹകരിച്ചു.
ഇരകളോ കുടുംബാംഗങ്ങളോ കെ.സി.എയ്‌ക്കെതിരെ പരാതി പറയുന്നില്ല. മനുവിനെ സംരക്ഷിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്ല. ഇവിടെ, എതിർക്കുന്നവർ പല കാലങ്ങളിൽ കെ.സി.എ.യിൽനിന്ന് പലതവണയായി മാറ്റിനിർത്തപ്പെട്ടവരാണ്. കോച്ചുകൾ തമ്മിലുള്ള പ്രശ്‌നമുള്ളവരുമുണ്ട്. ഇവരാണ് ചാനലുകളിൽ കെ.സി.എ പ്രതിയെ സംരക്ഷിക്കുന്നു എന്ന് പറയുന്നത്.
'ഇത്തരമൊരു പരാതി കെ.സി.എ ആദ്യമായി അറിയുന്നത് 2022-ൽ അസോസിയേഷൻ സെക്രട്ടറിയുടെ മുമ്പിലൊരു പരാതി വരുമ്പോഴാണ്. ഈ അന്വേഷണത്തോട് കെ.സി.എ അന്ന് പൂർണമായും സഹകരിച്ചിരുന്നു. മനു പെൺകുട്ടികളുടെ മാത്രം കോച്ചായിരുന്നില്ല. അതിനുശേഷം പരിശീലന സമയത്ത് രക്ഷിതാക്കളിൽ ഒരാൾ നിർബന്ധമായും ഉണ്ടാകണമെന്ന് ടി.ഡി.സി.എ നിർദേശം നൽകുകയും ചെയ്തു. സെക്യൂരിറ്റിയും ക്യാമറയുമെല്ലാം ഇവിടെ ഉണ്ട്.
ഈ ഒരു അന്വേഷണം നടക്കുന്നതിനിടയിൽ ഇപ്പോൾ പരാതി നൽകിയ കുട്ടിയും മറ്റ് പല കുട്ടികളും അവരുടെ രക്ഷിതാക്കളും നേരിട്ട് ഹാജരായി മനുവിനെ പറ്റി ഇങ്ങനെയൊരു അഭിപ്രായമില്ലെന്ന് പറഞ്ഞിരുന്നു. സെലക്ഷനുമായി ബന്ധപ്പെട്ട് മനുവിനോടുള്ള വിരോധം തീർക്കാനാണ് പരാതി നൽകിയത് എന്നായിരുന്നു അന്ന് പറഞ്ഞത്.
ഇത് കഴിഞ്ഞ് മനുവിന്റെ വീട്ടിൽ പോയപ്പോൾ മനു വളരെ നിരാശനായി ഇരിക്കുന്നതാണ് കണ്ടതെന്ന് പറഞ്ഞു. ബാഗിൽ നിന്നും വിഷം ലഭിച്ചു. ഞങ്ങൾ പോയില്ലായിരുന്നേൽ അദ്ദേഹം ആത്മഹത്യ ചെയ്‌തേനെയെന്നും അവർ പറഞ്ഞു. എന്നാൽ, പോലീസ് നടപടിയിൽ കെ.സി.എയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു ഞങ്ങളുടെ നിലപാട്', ജയേഷ് ജോർജ് പറഞ്ഞു.
മനു പരിശീലിപ്പിച്ച കുട്ടികൾക്ക് കെ.സി.എ ബാലാവകാശ കമ്മിഷനിൽ കൗൺസിലിങ് നൽകും. വനിതാ പരാതിപരിഹാര സെൽ രൂപവത്കരിക്കും. ദിൽസെ എന്ന സംഘടനയുടെ സഹായത്തോടെ കുട്ടികൾക്ക് കൗൺസിലിങ് നൽകും. പരിശീലനസമയത്ത് രക്ഷിതാക്കളിൽ ഒരാൾ നിർബന്ധമായും ഉണ്ടാകണമെന്ന് ടി.ഡി.സി.എ നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.