ന്യൂഡൽഹി: ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഭർതൃമാതാവും പിതാവും. മകന് ലഭിച്ച സൈനികബഹുമതിളും ഫോട്ടോ ആൽബങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാ ഓർമകളും സ്മൃതി പഞ്ചാബിലെ ഗുർദാസ്പുരിലെ വീട്ടിലേക്ക് മാറ്റിയെന്ന് അവർ ആരോപിച്ചു. തന്റെ മകന് ലഭിച്ച കീർത്തിചക്ര പുരസ്കാരത്തിൽ ഒന്ന് തൊടാൻപോലും കഴിഞ്ഞില്ലെന്ന് അൻഷുമാൻ സിങ്ങിന്റെ അമ്മ മഞ്ജു പറഞ്ഞു.
ജൂലായ് അഞ്ചിന് രാഷ്ട്രപതി ഭവനിൽനടന്ന അവാർഡ് ദാന ചടങ്ങിൽ സ്മൃതിക്കൊപ്പം പങ്കെടുത്തു. അതിനിടെ, കരസേനാ ഉദ്യോഗസ്ഥരുടെ നിർബന്ധപ്രകാരം ഫോട്ടോ എടുക്കുന്നതിനിടയിൽ പുരസ്കാരത്തിൽ ഒന്ന് തൊട്ടു. എന്നാൽ, അതിനുശേഷം പുരസ്കാരം സ്മൃതി തന്റെ കൈയ്യിൽനിന്ന് എടുത്തുവെന്നു മഞ്ജു പറഞ്ഞു.
തന്റെ മകന്റെ ഔദ്യോഗിക വിലാസം ലഖ്നൗവിൽനിന്ന് ഗുർദാസ്പുരിലേക്ക് സ്മൃതി മാറ്റിയതായി അൻഷുമാൻ സിങ്ങിന്റെ പിതാവ് രവി പ്രതാപ് സിങ് ആരോപിച്ചു. മകനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്മൃതിയിലേക്ക് മാത്രം എത്തിച്ചേരണമെന്നുള്ള ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
വീരമൃത്യു വരിച്ച ജവാന്റെ ഭാര്യക്കൊപ്പം മാതാപിതാക്കൾക്കും സർക്കാർ നൽകുന്ന സഹായ തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ ഭേദഗതിചെയ്യണം. സൈനികബഹുമതികളുടെ ഒരു പകർപ്പ് ഭാര്യക്കൊപ്പം മാതാപിതാക്കൾക്കും നൽകണം. അതുവഴി, തന്റെ മകന്റെ ഓർമകൾ തങ്ങളോടൊപ്പം നിർത്താൻ സർക്കാർ സഹായിക്കണമെന്നും രവി പ്രതാപ് സിങ് പറഞ്ഞു.
2023 ജൂലായ് 19-ന് സിയാച്ചിൻ മഞ്ഞുമലയിൽ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റൽ മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്. 2023 ജൂലായ് 22-ന് എല്ലാ ഔദ്യോഗികബഹുമതികളോടെയും ഉത്തര്‍പ്രദേശിലെ ഭഗല്‍പുരില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.