വിസിക്കും ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സര്‍വീസില്‍ തുടരാന്‍ അര്‍ഹതയില്ല, മൂന്നു പേരെയും പിരിച്ചുവിടണം;സിദ്ധാര്‍ഥന്റെ പിതാവ്

തിരുവനന്തപുരം: ‘ക്യാംപസില്‍ ഉണ്ടായിട്ടും മര്‍ദനവിവരം അറിഞ്ഞിട്ടും അവര്‍ മൂന്നുപേരും അവിടേക്ക് തിരിഞ്ഞു നോക്കാന്‍പോലും തയാറായില്ല. ഒരു മിനിറ്റ് അവിടെ ചെന്ന് എന്താണു ബഹളം എന്നു തിരക്കിയിരുന്നെങ്കില്‍ എന്റെ മകന്‍ ക്രൂരമായി കൊല്ലപ്പെടില്ലായിരുന്നു. അവര്‍ക്കൊന്നും സര്‍വീസില്‍ തുടരാന്‍ അര്‍ഹതയില്ല. മൂന്നു പേരെയും പിരിച്ചുവിടണം’’ - പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ചനിലയില്‍ കാണപ്പെട്ട വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശിന്റെ വാക്കുകളില്‍ മകന്‍ നഷ്ടപ്പെട്ടതിന്റെ തീരാവേദനയും അതിനിടയാക്കിയവരോടുള്ള ഒടുങ്ങാത്ത ദേഷ്യവുമാണ് ഇടകലര്‍ന്നിരുന്നത്.

സിദ്ധാര്‍ഥന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിയോഗിച്ച കമ്മിഷന്റെ കണ്ടെത്തലുകളോടു പ്രതികരിക്കുകയായിരുന്നു ജയപ്രകാശ്.

ആദ്യം മുതല്‍തന്നെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നു തെളിഞ്ഞുവെന്നു ജയപ്രകാശ് പറഞ്ഞു. സിദ്ധാര്‍ഥന് ഹോസ്റ്റലില്‍ വച്ച് മര്‍ദനമേറ്റതിനെക്കുറിച്ച് ഡീനിനും സഹവാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് വാര്‍ഡനും ഒന്നുമറിയില്ലെന്നു പറഞ്ഞതും കള്ളമാണെന്നു തെളിഞ്ഞു. വിസിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും ജയപ്രകാശ് കുറ്റപ്പെടുത്തി. 

‘വിസിക്ക് ഇതില്‍ വലിയ തെറ്റുപറ്റിയിട്ടുണ്ടെന്നു നമ്മള്‍ ആദ്യം മുതല്‍ പറയുന്നതാണ്. സിദ്ധാര്‍ഥന്റെ മരണത്തിനു മുന്‍പും ശേഷവും വിസിക്കും ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും തെറ്റ് സംഭവിച്ചിട്ടുണ്ട്. ഇത്ര വലിയ അക്രമം നടക്കുന്നുവെന്ന് അവരെല്ലാവരും അറിഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ല. അക്രമം അവസാനിപ്പിക്കാനോ മര്‍ദിക്കുന്നവരെ പിന്തിരിപ്പിക്കാനോ ആരും ഇടപെട്ടില്ല. സംഭവം നടക്കുന്ന ദിവസം വിസി കോളജ് വളപ്പില്‍ തന്നെ ഉണ്ടായിരുന്നു. 

മൂന്നു ദിവസമായി അക്രമം നടക്കുമ്പോള്‍ ഈ മൂന്നു പേരും അവിടെ ഉണ്ടായിരുന്നു. അവന്റെ നിലവിളിയും കരച്ചിലും എല്ലാം അവര്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. മുറിയിലിട്ടു മര്‍ദിക്കുകയാണെന്നും ബഹളം നടക്കുന്നുണ്ടെന്നും അറിഞ്ഞിട്ടും അത് അവഗണിച്ചു. 

ഒരു മിനിറ്റ് ചെലവിട്ട് അവിടെ പോയി ഒന്നു നോക്കി ഒരു വാക്ക് പറഞ്ഞാല്‍ മതിയായിരുന്നു. അവര്‍ തിരിഞ്ഞുപോലും നോക്കിയില്ല. അല്ലെങ്കില്‍ ആ കൊലപാതകം അവിടെ നടക്കില്ലായിരുന്നു. മരണം കഴിഞ്ഞതിനുശേഷം അതു മൂടിവയ്ക്കാനാണ് വിസിയും ഡീനും അസി.വാര്‍ഡനും ശ്രമിച്ചത്. 

കാര്യങ്ങള്‍ പുറത്തുപോകാതെ, ആരുമറിയാതെ ഒതുക്കാനുള്ള നടപടികളാണു സ്വീകരിച്ചത്. എത്രയും പെട്ടെന്നു മരണം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമമാണു നടന്നത്. അവന്റെ മുറി വൃത്തിയാക്കി. ഫൊറന്‍സിക് തെളിവുകള്‍ ഉള്‍പ്പെടെ ഇല്ലാതാക്കി. 

സിദ്ധാര്‍ഥന്‍ മരിച്ചെന്നറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാന്‍ ഡീന്‍ തയാറായില്ല എന്ന കമ്മിഷന്‍ കണ്ടെത്തല്‍ സത്യമാണ്. അതാണ് ഇവരുടെ പേരിലുള്ള ഗുരുതരമായ കുറ്റം. സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായ മൂന്നു പേരെയും സസ്‌പെന്‍ഡ് ചെയ്തിട്ട് ഒരു കാര്യവുമില്ല. പല സസ്‌പെന്‍ഷന്‍ നാടകങ്ങളും നമ്മള്‍ കാണുന്നതാണ്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ആരും അറിയാതെ പ്രമോഷനോടെ അവര്‍ തിരിച്ചുകയറും. 

മൂന്നുപേരെയും സര്‍വീസില്‍നിന്നു പിരിച്ചുവിട്ട് ഇത്രയുംനാള്‍ അവര്‍ കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കണം. തുടര്‍ന്ന് ഇവരെ പ്രോസിക്യൂട്ട് ചെയ്തു ശിക്ഷ നടപ്പാക്കണം. സിദ്ധാര്‍ഥന്റെ മരണശേഷം ക്യാംപസില്‍ പോയത് അവനു മര്‍ദനമേറ്റ ആ ഹോസ്റ്റല്‍ മുറി ഒന്നു കാണാനാണ്. കുട്ടികളോ അധ്യാപകരോ ഒന്നും സംസാരിക്കാന്‍ തയാറായില്ല. അവരുടെ അനുവാദത്തോടെയാണു ഹോസ്റ്റലില്‍ കയറിയത്. 

ലോകത്ത് ഇതുപോലെ വൃത്തികെട്ട ഒരു ഹോസ്റ്റല്‍ കണ്ടിട്ടില്ല. ഭിത്തിയില്‍ മുഴുവന്‍ അശ്ലീല വാക്കുകളും മുദ്രാവാക്യങ്ങളും എഴുതി നിറച്ചിരിക്കുകയാണ്. നാലഞ്ചു വര്‍ഷമായി ഒരു അധ്യാപകനോ വാര്‍ഡനോ ആ ഹോസ്റ്റലിലേക്കു തിരിഞ്ഞുകയറിയിട്ടില്ലെന്ന് അതു കണ്ടാല്‍ മനസ്സിലാകും. കമ്യൂണിസ്റ്റ്, ഭീകര മുദ്രാവാക്യങ്ങള്‍ താലിബാന്‍ മോഡലിലാണ് എഴുതി വച്ചിരിക്കുന്നത്’’ - ജയപ്രകാശ് പറഞ്ഞു. സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച് ലഭിച്ച തെളിവുകള്‍ എല്ലാം സിബിഐക്ക് നല്‍കിയിട്ടുണ്ടെന്നും ജയപ്രകാശ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !