ലിറ്റില്‍ മാസ്റ്റര്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറിന് ഇന്ന് 75-ാം പിറന്നാള്‍

മുംബൈ: ഇന്ത്യന്‍ കായികരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറിന് ഇന്ന് 75-ാം പിറന്നാള്‍. ഒരു യുഗത്തെ മാത്രം നിര്‍വചിക്കാന്‍ പോന്നതല്ല, ഗാവസ്‌കറുടെ കരിയര്‍. ക്രിക്കറ്റിലേക്ക് കൂടുതല്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ കാരണമായ താരംകൂടിയാണദ്ദേഹം. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി തുടങ്ങിയ ലോകോത്തര താരങ്ങളെ ക്രിക്കറ്റിന്റെ പാതയിലേക്ക് ആകര്‍ഷിക്കുന്നതിനും ഗാവസ്‌കര്‍ കാരണമായി.

കപില്‍ ദേവ് പറയാറുണ്ട്, 'ഞാന്‍ പലപ്പോഴും ഗാവസ്‌കറിനെ കളിയാക്കാറുണ്ട്, 20 വര്‍ഷമേ ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ. പക്ഷേ, 40 വര്‍ഷമായി ക്രിക്കറ്റ് സംസാരിച്ചുകൊണ്ടേയിരിക്കുകയാണെന്ന്'. ശരിയാണ്. ഈ എഴുപത്തഞ്ചിലും അദ്ദേഹത്തിന്റെ മനസ്സ് മുഴുവന്‍ ക്രിക്കറ്റ് തന്നെ. ക്രിക്കറ്റില്‍ ഇത്രമേല്‍ അനുഭവപരിചയവും പാണ്ഡിത്യവുമുള്ള മറ്റൊരു ഇന്ത്യക്കാരന്‍ ഉണ്ടോ എന്ന് സംശയമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്ത് ഇന്ന് കൈവന്ന ഈ സൗഭാഗ്യങ്ങളും പണക്കൊഴുപ്പും ഒന്നുമില്ലാത്ത കാലത്താണ് ഗാവസ്‌കര്‍ ഇന്ത്യയുടെ പടനായകനായത്. ഗാവസ്‌കറുടെ സമുന്നതമായ ക്രിക്കറ്റ് കരിയറിനെ വിലയിരുത്തുമ്പോള്‍, അതില്‍ ആ കാലത്തെ വളരെ നന്നായിത്തന്നെ നിര്‍വചിക്കേണ്ടതുണ്ട്. ഇന്നീ കാണുന്ന വിഭവങ്ങളോ വൈവിധ്യങ്ങളോ ആസൂത്രണ മികവോ ഒന്നും അന്നില്ല. അങ്ങേയറ്റം പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും തന്റെ പ്രതിഭാത്വം തെളിയിക്കാന്‍ ഗാവസ്‌കറിനായി.

തന്റെ കാലത്തെയെന്നല്ല, എക്കാലത്തെയും പേരുകേട്ട ബൗളര്‍മാര്‍ക്കെതിരേ ധീരമായി ബാറ്റുചെയ്യാന്‍ കഴിഞ്ഞ താരമാണ് അദ്ദേഹം. നിര്‍ഭയമായ ബാറ്റിങ് സമീപനം ക്രിക്കറ്റില്‍ അദ്ദേഹത്തെ അക്കാലത്ത് വേറിട്ടുനിര്‍ത്തി. 1977-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ത്തന്നെ 774 റണ്‍സ് നേടി. അന്ന് ആന്‍ഡി റോബര്‍ട്ട്‌സ്, മൈക്കിള്‍ ഹോള്‍ഡിങ് പോലുള്ള വന്‍ താരങ്ങളെ വളരെ അനായാസമായിട്ടാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. മാല്‍ക്കം മാര്‍ഷല്‍, റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി, ഇമ്രാന്‍ ഖാന്‍, ഡെന്നിസ് ലില്ലി, ബോബ് വില്ലിസ് തുടങ്ങിയ വന്‍ താരങ്ങളും ഗാവസ്‌കറുടെ ചൂടറിഞ്ഞവരാണ്.

 ടെസ്റ്റ് സെഞ്ചുറികളാണ് ഗാവസ്‌കറുടെ പേരിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ പുറത്താവാതെ നേടിയ 236 റണ്‍സാണ് മികച്ച സ്‌കോര്‍. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി 10,000 റണ്‍സ് നേടിയതും ഗാവസ്‌കറാണ്. 18 വര്‍ഷത്തോളം നിലനിന്ന ഈ റെക്കോഡ് പിന്നീട് സച്ചിന്‍ തെണ്ടുല്‍ക്കറാണ് തകര്‍ത്തത്. ഗാവസ്‌കറിന്റെ ബാറ്റിനു മുന്നില്‍ പിച്ചോ സാഹചര്യങ്ങളോ ഒരിക്കലും വിലങ്ങുതടിയായിരുന്നില്ല. ഏത് സാഹചര്യത്തെയും വിജയകരമായി നേരിട്ട പ്രതിഭയാണ് അദ്ദേഹം. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാനുള്ള കഴിവ് അദ്ദേഹത്തെ സമ്പൂര്‍ണ ബാറ്ററാക്കി. തൊള്ളായിരത്തി എഴുപതുകളില്‍ ഗാവസ്‌കറിന്റെ അത്തരത്തിലുള്ള ബാറ്റിങ് മികവ് കണ്ട് കമന്റേറ്റര്‍മാര്‍ നല്‍കിയ പേരാണ് ലിറ്റില്‍ മാസ്റ്റര്‍ എന്നത്.

ഏകാഗ്രതയായിരുന്നു ഗാവസ്‌കറിനെ വേറിട്ടുനിര്‍ത്തിയ പ്രധാന ഘടകം. കളിക്കളത്തില്‍വെച്ച് ഒരിക്കല്‍ മുടിവെട്ടുക പോലുമുണ്ടായിട്ടുണ്ട്. ഓള്‍ഡ് ട്രാഫോഡില്‍ ഇംഗ്ലണ്ടിനെതിരെ മത്സരിക്കുമ്പോഴായിരുന്നു അത്. മത്സരത്തിനിടെ മുടി കണ്ണിലേക്ക് തൂങ്ങിനിന്നു. ഇതോടെ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല. തുടര്‍ന്ന് അമ്പയര്‍ ഡിക്കി ബേര്‍ഡിന്റെ അനുവാദം വാങ്ങി ഗ്രൗണ്ടില്‍വെച്ചുതന്നെ മുടി വെട്ടി കളി തുടര്‍ന്ന അനുഭവമുണ്ടായിട്ടുണ്ട്.

ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം കമന്ററി രംഗത്തും അദ്ദേഹം നിറഞ്ഞുനിന്നു. ക്രിക്കറ്റിനെക്കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്യാനുള്ള കഴിവ്, അവിടെയും അദ്ദേഹത്തിന് വിശാലമായ ഇരിപ്പിടം നല്‍കി. മൂര്‍ച്ചയുള്ള നിരീക്ഷണങ്ങള്‍ വളരെ രസകരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രത്യേകമായ കഴിവുണ്ട്. ക്രിക്കറ്റിലേക്ക് നിരവധി പേരെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളുമായും അദ്ദേഹം മുന്നോട്ടുപോയി.

ക്രിക്കറ്റിനപ്പുറത്തേക്കും കഴിവ് തെളിയിച്ച താരമാണ് ഗാവസ്‌കറെന്നത് പലര്‍ക്കും അറിയില്ല. മികച്ച ഒരു അഭിനേതാവ് കൂടിയാണ് അദ്ദേഹം. സവ്‌ലി പ്രേമാചി എന്ന മറാത്തി സിനിമയില്‍ അഭിനയിച്ചാണ് തുടക്കം.

 ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യതാരമാണ് സുനില്‍ ഗാവസ്‌കർ. 1987 മാര്‍ച്ചിലെ അവസാന ടെസ്റ്റ് പരമ്പരയിലാണ് ഈ നേട്ടം കൈവരിച്ചത്. അഹമ്മദാബാദില്‍ പാകിസ്താനെതിരെയായിരുന്നു ആ മത്സരം.നിലവില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറുള്ള ഇന്ത്യക്കാരനാണ്.വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒരു ടെസ്റ്റ് പരമ്പരയില്‍ എട്ട് ഇന്നിങ്‌സുകളില്‍നിന്നായി 774 റണ്‍സ് നേടി. നാല് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും ഉള്‍പ്പെടെയായിരുന്നു ഇത്.1983-ലെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കാളിയായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !