കൊച്ചി: ഇറാൻ അവയവക്കടത്ത് കേസിലെ മൂന്നാം പ്രതി എടത്തല സ്വദേശി സജിത് ശ്യാം എന്ന അജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ സജിത് ശ്യാമിനു നേരിട്ടു ബന്ധമുണ്ടെന്നാണു തങ്ങളുടെ നിഗമനമെന്നും വൃക്ക കടത്തുമായി ബന്ധപ്പെട്ട ധനകാര്യ ഇടപാടുകൾ കേസിലെ ഒന്നാം പ്രതി മധു ജയകുമാറുമായി പ്രതി നടത്തിയിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് സി.എസ്.ഡയസ് ജാമ്യാപേക്ഷ തള്ളിയത്.
അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നതു തെറ്റായ സന്ദേശം നൽകും. കേസിനു രാജ്യാന്തര മാനങ്ങളുണ്ട്. മാത്രമല്ല, ഒന്നാം പ്രതി മധു ഇതുവരെ പിടിയിലായിട്ടില്ല. കേസ് എൻഐഎ ഏറ്റെടുക്കാൻ പോകുകയാണ്. പ്രതിക്കെതിരായ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുണ്ടെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കിയാണു ജാമ്യാപേക്ഷ തള്ളിയത്.
കേസ് അടുത്തിടെയാണ് എൻഐഎ ഏറ്റെടുക്കുമെന്നു വ്യക്തമായത്. തനിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ശരിയല്ലെന്നും മനസ്സറിയാതെ കേസിൽ ഉള്‍പ്പെട്ടു പോയതാണ് എന്നുമായിരുന്നു സജിത് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. കേസിലെ ഒന്നാം പ്രതിയായ മധുവിന്റെയും തന്റെയും കുടുംബങ്ങൾ തമ്മിൽ അടുത്ത ബന്ധമുണ്ട്. അടുത്ത സുഹൃത്തുക്കളായ തങ്ങൾ ഒരേ കമ്പനിയിൽ ഒരുമിച്ചു ജോലി ചെയ്തിട്ടുമുണ്ട്.ഇറാൻ കേന്ദ്രീകരിച്ച് മെഡിക്കൽ ടൂറിസം രംഗത്താണു മധു പ്രവർത്തിക്കുന്നത് എന്നാണ് പറഞ്ഞിട്ടുള്ളത്. കേരളത്തിലെ ഒരു സ്വകാര്യ ബാങ്കിലാണ് മധുവിന്റെ സ്ഥാപനത്തിന് അക്കൗണ്ടുള്ളത്. ഈ സാഹചര്യത്തിൽ ഇടപാടുകാരിൽ പലർക്കും പണം അയയ്ക്കാൻ ബുദ്ധിമുട്ടു നേരിടുന്നതിനാൽ തന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാമോ എന്നു ചോദിച്ചു. ഇതനുസരിച്ചു പലരും പണമയച്ചിട്ടുണ്ട്. 10 ലക്ഷത്തിനടുത്തു വരുന്ന തുക മധുവിന്റെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അതിൽനിന്നു താൻ പണമൊന്നും കൈപ്പറ്റിയിട്ടില്ല. ഇത് ഒരു വർഷം മുൻപു നടന്ന സംഭവമാണ്. അതിനു ശേഷം പണമിടപാടും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോടു പറയുകയും ചെയ്തു. ഇതല്ലാതെ ഈ കേസുമായി യാതൊരു ബന്ധവുമില്ല. കേസിൽ പൂർണ നിരപരാധിയാണ്. കൊച്ചിയിലെ വാടകവീട്ടിൽ കഴിയുന്ന ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കും അവിടെനിന്ന് ഇറങ്ങിപ്പോകേണ്ട സാഹചര്യമാണ്. തന്നിൽ നിന്നു ശേഖരിക്കാനുള്ള തെളിവുകളെല്ലാം ശേഖരിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണം എന്നാണു സജിത് ശ്യാം പറഞ്ഞത്.
എന്നാൽ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഒന്നാം പ്രതി മധുവും സജിത് ശ്യാമുമായി പണമിടപാടുകൾ നടന്നിട്ടുണ്ട് എന്നും നിരന്തര ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മധുവിന്റെ സ്ഥാപനം ‘സ്റ്റെമ്മ ക്ലബി’നെക്കുറിച്ച് സജിത് ശ്യാമിന് അറിയാം. ഇത് മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കടത്തു നടത്തുന്നതിനു രൂപം കൊടുത്തതാണ്. ഇക്കാര്യത്തില്‍ സജിത് ശ്യാമിനു നിർണായക പങ്കുണ്ട് എന്നാണ് നിഗമനം.
കേസിലെ രണ്ടാം പ്രതിയായ സാബിത് നാസറിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സജിത് ശ്യാമിനെ അറസ്റ്റ് ചെയ്തത് എന്നും പൊലീസ് പറയുന്നു. രാജ്യാന്തര മാനങ്ങളുള്ള കേസ് ഇപ്പോഴും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. ഇതു പരിഗണിച്ചാണു കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.