മുംബൈ∙ മഹാരാഷ്ട്രയിൽ പിംപ്‌രി – ചിഞ്ച്‌വാഡ് ജില്ലയിലെ മുതിർന്ന നാലു നേതാക്കൾ രാജിവച്ചത് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെ ശക്തമായി ബാധിക്കുമെന്നു റിപ്പോർട്ടുകൾ. ഇവരുൾപ്പെടെ നിരവധി പാർട്ടി പ്രവർത്തകർ പുണെയിലെ ശരദ് പവാറിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നു.
എൻസിപിയുടെ പിംപ്‌രി – ചിഞ്ച്‌വാഡ് ജില്ലാ അധ്യക്ഷൻ അജിത് ഗാവ്ഹനെ, ജില്ലയുടെ വിദ്യാർഥി വിഭാഗം അധ്യക്ഷൻ യാഷ് സനെ, മുതിർന്ന നേതാക്കളായ രാഹുൽ ഭോസാല, പങ്കജ് ഭലേക്കർ തുടങ്ങിയവരും രാജിവച്ചവരിൽപ്പെടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനമായിരുന്നു അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടേത്. ശരദ് പവാറിന്റെ എൻസിപി 8 സീറ്റ് കരസ്ഥമാക്കിയപ്പോൾ റായ്ഗഡ് എന്ന ഒറ്റ സീറ്റ് കൊണ്ട് അജിത്തിനു തൃപ്തിപ്പെടേണ്ടി വന്നു. അതുകൊണ്ടുതന്നെ ശരദ് പവാർ ഘടകത്തിലേക്കു തിരികെപ്പോകണമെന്ന് അണികൾക്കിടയിൽ ആവശ്യമുയരുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 2023ലാണ് അജിത് പാർട്ടി പിളർത്തി ഒരു വിഭാഗം എംഎൽഎമാരുമായി ഏക്നാഥ് ഷിൻഡെയുടെയും ബിജെപിയുടെയും മന്ത്രിസഭയിൽ അംഗമായത്. ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പുണെയിലെ വീട് സ്ഥിതിചെയ്യുന്ന മോദി ബാഗിൽ അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാർ സന്ദർശനം നടത്തിയതിനെച്ചൊല്ലി അഭ്യൂഹം. ശരദ് പവാറിനെ കാണാനാണ് അവർ എത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിലെ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ സംവരണവിഷയം ചർച്ച ചെയ്യാനെന്ന പേരിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണു സുനേത്രയുടെ ‘മോദി ബാഗ്’ സന്ദർശനം. ‘‘പവാർ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ശരദ് പവാർ. അതിനാൽ, സുനേത്ര അദ്ദേഹത്തെ കണ്ടാൽ അതിൽ തെറ്റില്ല’’– ഭുജ്ബൽ പ്രതികരിച്ചു. അതേസമയം, അജിത് പവാറിന്റെ സഹോദരിയെ കാണാനാണു സുനേത്ര പവാർ മോദി ബാഗിലെത്തിയതെന്ന് എൻസിപി നേതാവ് സൂരജ് ചവാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.