ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സുരക്ഷിതമല്ലാത്ത നിർമാണ പ്രവർത്തനങ്ങളെയും സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വത്തെയും വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സുരക്ഷിതമല്ലാത്ത നിർമാണ പ്രവർത്തനങ്ങൾ, മോശം നഗരാസൂത്രണം, സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വം എന്നിവയ്ക്ക് സാധാരണക്കാരായ പൗരൻമാർ ജീവൻകൊടുക്കേണ്ട അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് വിദ്യാർഥികളുടെ മരണത്തിന്റെ കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച രാജ്യത്തെ വ്യവസ്ഥയുടെ പരാജയമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
സുരക്ഷിതമായ ജീവിതം ഓരോ പൗരൻ്റെയും അവകാശവും സർക്കാരിന്റെ ഉത്തരവാദിത്വവുമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
അതേസമയം, വിദ്യാർഥികളുടെ മരണം കൊലപാതകമാണെന്നും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ആം ആദ്മി പാർട്ടി അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് 15 വർഷം ബി.ജെ.പിയാണ് അധികാരത്തിലുണ്ടായിരുന്നതെന്നും അതിന്റെ ഫലമാണ് ദുരന്തത്തിന് പിന്നിലെന്നും എ.എ.പി. എം.എൽ.എ. ദുർഗേഷ് പഥക് പറഞ്ഞു.
സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ (28) ആണ് മരിച്ച മലയാളി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയാണ് നെവിന്‍. തെലങ്കാന സ്വദേശിനിയായ തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കോച്ചിങ് സെന്ററിന് പുറത്ത് റോഡില്‍ വിദ്യാര്‍ഥികള്‍ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.