തിരുവനന്തപുരം: സര്‍ക്കാരിന്റെ ശൈലിയല്ല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് സി.പി.എം. വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നേരിട്ട കാലതാമസമാണ് പരാജയത്തിന് പ്രധാന കാരണമെന്നാണ് സി.പി.എം. സംസ്ഥാന സമിതി യോഗം വിലയിരുത്തുന്നത്.
മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ ജില്ലാ കമ്മിറ്റികളില്നിന്നടക്കം വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ശൈലിയല്ല പരാജയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.അതിനാല്‍ തെറ്റുതിരുത്തല്‍ നടപടിയില്‍ മുഖ്യമന്ത്രിയുടെ ശൈലിമാറ്റം വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് പാര്‍ട്ടി അകന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് യുവാക്കളെത്തുന്നില്ല എന്നുള്ളതും സംസ്ഥാന സമിതിയോഗത്തില്‍ ഉയര്‍ന്നു. അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാനുള്ള നടപടിയുണ്ടാകും.
പാര്‍ട്ടിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ താഴെതട്ടില്‍ കാര്യക്ഷമമായി ഇടപെടലുണ്ടാകണമെന്നും തിരുത്തല്‍ മാര്‍ഗരേഖയിലുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കോവിഡ് പ്രതിസന്ധി ഉണ്ടായത്. എന്നാല്‍ പ്രതിസന്ധി കാലത്ത് സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു.
എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വലിയ ഭരണനേട്ടങ്ങള്‍ നിരത്തി സര്‍ക്കാര്‍ കേരളീയവും നവകേരള സദസും നടത്തിയെങ്കിലും ജനം അകന്നു. വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുള്ള നവകേരള യാത്ര ഗുണം ചെയ്തില്ല എന്ന വിലയിരുത്തലുമുണ്ടായിട്ടുണ്ട്.
നവകേരള സദസ്സും കേരളീയവും നടത്തിയിരുന്ന സമയത്ത് സാമൂഹിക ക്ഷേമ പെന്ഷന് ഉള്‍പ്പെടെയുള്ളവ മുടങ്ങി. ലൈഫ് മിഷനില്‍ വീടുകിട്ടിയവര്ക്കുപോലും അത് പൂര്‍ത്തിയാക്കാന്‍ ഫണ്ടുകിട്ടുന്നത് വൈകി.
സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുള്‍പ്പെടെ കിട്ടാതെ ജനം വലഞ്ഞു. തുടങ്ങി നിരവധി കാരണങ്ങള്‍ ജനങ്ങളില്‍ സര്‍ക്കാരിനോട് അമര്‍ഷമുണ്ടാക്കിയെന്നാണ് സി.പി.എം. വിലയിരുത്തല്‍.
ഇത് മറികടക്കാന്‍ അടിസ്ഥാന പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചുള്ള രീതി വേണമെന്നാണ് തെറ്റുതിരുത്തലിന്റെ ഭാഗമായി ആവശ്യപ്പെടുന്നത്. ഇത് കണക്കിലെടുത്ത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കും.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി ഇടപെടണം. ആശുപത്രികളുടെയടക്കം ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണമെന്നുമാണ് തിരുത്തല്‍ നടപടികളുടെ ഭാഗമായി സ്വീകരിക്കേണ്ട നയങ്ങള്‍.
പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. അതിനാല്‍ ബി.ജെ.പിയിലേക്ക് പോയ വോട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള നടപടികളെടുക്കണം.
ക്ഷേത്രങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നുകയറിയത് തടയണം. ഇതിനായി സി.പി.എം. നേതാക്കള്‍ ക്ഷേത്രകാര്യങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടണം. ബി.ജെ.പി.- ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ ക്ഷേത്രകാര്യങ്ങളില്‍ ഇടപെടുന്നതിലൂടെ ഉണ്ടാക്കുന്ന സ്വാധീനം കുറയ്ക്കുകയാണ് ലക്ഷ്യം. അതിനൊപ്പം പാര്‍ട്ടിയുടെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കണമെന്നും മാര്‍ഗരേഖയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.