യുറോപ്പ്: മലിനീകരണമില്ലാത്ത ഗതാഗത സംവിധാനം എന്നത് ഇന്ന് ലോകരാജ്യങ്ങളുടെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണ്. വാഹനങ്ങളുടെ കാര്യത്തില്‍ അത് ഏറെക്കുറെ സാധ്യമാണെങ്കിലും വിമാനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ഇതിലുള്ള സാധ്യതകള്‍ വിദൂരമാണ്. 2050 ൽ സീറോ എമിഷന്‍ സാധ്യമാകണമെന്ന വലിയ ലക്ഷ്യം നിലനില്‍ക്കുമ്പോഴും ഇത് സാധ്യമാകുന്ന ഏവിയേഷന്‍ ഫ്യുവല്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
ഇന്ധനത്തിലുള്ള വാഹനങ്ങള്‍ ഇലക്ട്രിക് ആണ് ബദല്‍ എങ്കില്‍ വിമാനങ്ങള്‍ക്ക് ഒരു ബദല്‍ സംവിധാനം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. റോഡിലെ വാഹനങ്ങളിലെ പോലെ ഇലക്ട്രിക് വിമാനങ്ങള്‍ അനായാസം സാധ്യമാകുന്ന ഒന്നല്ലെന്നാണ് വിലയിരുത്തലുകള്‍.
ഇലക്ട്രിക് പാസഞ്ചര്‍ വിമാനങ്ങള്‍ എന്ന പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ ബാറ്ററി സാങ്കേതികവിദ്യ ഇനിയും ഏറെ മുന്നേറേണ്ടതുണ്ടെന്നാണ് മറ്റൊരു നിരീക്ഷണം.എന്നാല്‍, ഈ വെല്ലുവിളികള്‍ക്കിടയിലും ഇലക്ട്രിക് കരുത്തില്‍ പറക്കുന്ന വിമാനങ്ങള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്നുണ്ടെന്നതും വസ്തുതയാണ്.
ഡച്ച് സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ എലീസിയന്‍ ആണ് ഇലക്ട്രിക് കരുത്തിലെ വിമാനത്തിന്റെ വരവ് പ്രഖ്യാപിച്ചിട്ടുള്ളത്. പൂര്‍ണമായും ഇലക്ട്രിക് കരുത്തില്‍ പറക്കുന്ന വിമാനം പത്ത് വര്‍ഷത്തിനുള്ളില്‍ എത്തിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 805 കിലോമീറ്റര്‍ പറക്കാന്‍ സാധിക്കുന്ന ആഭ്യന്തര സര്‍വീസിനുള്ള വിമാനങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഒരുക്കുന്നത്.
90 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയായിരിക്കും ഇവയ്ക്ക് നല്‍കുക. 90 ശതമാനം വരെ എമിഷന്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് എലീസിയന്‍ അവകാശപ്പെടുന്നത്.
2050 ആകുമ്പോഴേക്കും പരമാവധി റേഞ്ചും ഭാരവാഹക ശേഷിയുള്ള ഇലക്ട്രിക് വിമാനങ്ങള്‍ എത്തിക്കുന്നതിന് മികച്ച ബാറ്ററി സാങ്കേതികവിദ്യ ഒരുങ്ങേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, നിലവില്‍ ലഭ്യമായ സാങ്കേതികവിദ്യയും ബാറ്ററിയും ഉപയോഗിച്ച് പരമാവധി റേഞ്ച് ഉള്ള വിമാനത്തെ കുറിച്ചാണ് ഞങ്ങള്‍ ചിന്തിച്ചതെന്നാണ് എലീസിയനിലെ ഡിസൈന്‍ ആന്‍ഡ് എന്‍ജിനിയറിങ്ങ് മേധാവി റെയ്നാര്‍ഡ് ഡി വ്രീസ് അഭിപ്രായപ്പെട്ടത്.
ഇ9എക്സ് എന്ന പേരിലായിരിക്കും ഈ വിമാനം നിര്‍മിക്കുകയെന്നാണ് എലീസിയന്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ആശയം മാത്രമേയുള്ളൂവെങ്കിലും മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്കെയില്‍ മോഡലും 2030 പ്രോട്ടോടൈപ്പും പുറത്തിറക്കാനാണ് ലക്ഷ്യം. സാധാരണ വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഡിസൈനിലായിരിക്കും ഇത് ഒരുക്കുകയെന്ന് ഉറപ്പാണ്. റെഗുലര്‍ ഫ്ളൈറ്റുകള്‍ക്ക് സമാനമായി ഇലക്ട്രിക് വിമാനങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നത് തെറ്റായ ധാരണയാണെന്നും റെയ്നാര്‍ഡ് ഡി വ്രീസ് പറഞ്ഞു.
എട്ട് പ്രൊപ്പല്ലര്‍ എന്ജിനുകളുമായായിരിക്കും ഇ9എക്സ് ഇലക്ട്രിക് വിമാനം ഒരുങ്ങുന്നത്. 42 മീറ്റര്‍ വലിപ്പമുള്ള വിങ്സും ഇതില്‍ നല്‍കും. ബോയിങ് 737, എയര്‍ബസ് എ320 എന്നീ വിമാനങ്ങളെക്കാള്‍ വലിപ്പം ഇലക്ട്രിക് മോഡലിന് ഉണ്ടാകും. മികച്ച എയറോഡൈനാമിക ശേഷിയായിരിക്കും ഇതിന്റെ മറ്റൊരു സവിശേഷത. യാത്രക്കാരനെ സംബന്ധിച്ച് ഏറ്റവും മികച്ച യാത്ര സൗകര്യങ്ങള്‍ ഈ ഇലക്ട്രിക് വിമാനത്തില്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് എലീസിയന്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.