കോഴിക്കോട്: വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവായപ്പോള്‍ നാട്ടുകാരെയെല്ലാം ചേര്‍ത്ത് സ്ഥലത്തെ പ്രധാനിയായ ഒരാള്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. തന്റെ വീട്ടില്‍ വരെ ഒളിഞ്ഞുനോട്ടക്കാര് എത്തുന്നുണ്ടെന്നും ഇയാള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പരാതിപ്പെട്ടു.
ഒടുവില്‍ സമീപപ്രദേശത്ത് വീട്ടില്‍ ഒളിഞ്ഞുനോക്കാനെത്തിയ 'ബ്ലാക്ക്മാനെ' വളഞ്ഞിട്ടുപിടികൂടിയപ്പോള് നാട്ടുകാര്‍ ഞെട്ടി, ദേ മുന്നില്‍ നില്ക്കുന്നു സ്ഥലത്തെ പ്രധാനിയായ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്.
താമരശ്ശേരിക്ക് സമീപത്തെ കോരങ്ങാട് സ്വദേശിയെയാണ് രണ്ടുദിവസം മുന്‍പ് വീട്ടില്‍ ഒളിഞ്ഞുനോക്കാനെത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടിയത്. കോരങ്ങാടിന് സമീപം പരപ്പന്പൊയിലില്നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെ കോരങ്ങാട് മേഖലയില്‍ ഒളിഞ്ഞുനോട്ടം പതിവായതോടെ നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇതോടെയാണ് വിരുതന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പരപ്പന്‍പൊയിലിലെ വീടുകളിലെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.
കോരങ്ങാട് മേഖലയില്‍ കഴിഞ്ഞ ഒരുവര്‍ഷമായി രാത്രികാലങ്ങളില്‍ വീടുകളിലെത്തിയുള്ള ഒളിഞ്ഞുനോട്ടം സ്ഥിരംസംഭവമായിരുന്നു. ശല്യം രൂക്ഷമായതോടെ നാട്ടുകാരില്‍ പലരും വീടുകളില്‍ സിസിടിവി സ്ഥാപിച്ചു. രാത്രി ഏഴുമണിക്കും എട്ടുമണിക്കും ഇടയിലുള്ള സമയത്തും അര്‍ധരാത്രിയുമാണ് എത്തിനോട്ടക്കാര്‍ വീടുകളില്‍ വന്നിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരുവീട്ടിലെ സിസിടിവിയില്‍ ഒളിഞ്ഞുനോട്ടക്കാരന്റെ ദൃശ്യം പതിഞ്ഞു. ഏണിയുമായി വീടിന്റെ മുകള്‍നിലയിലേക്ക് കയറുന്ന യുവാവിന്റെ ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്. ഇയാളെ തിരിച്ചറിഞ്ഞെങ്കിലും രാത്രിസമയത്തെ ശല്യത്തിന് കുറവുണ്ടായില്ല. ഇതിനിടെയാണ് നേരത്തെ സിസിടിവിയില്‍ പതിഞ്ഞ യുവാവിന്റെ അയല്‍വാസി കൂടിയായ സ്ഥലത്തെ പ്രധാനിയെ ഒളിഞ്ഞുനോക്കാനെത്തിയപ്പോള്‍ പരപ്പന്‍പൊയിലില്‍നിന്ന് പിടികൂടിയത്.
പിടിയിലായ ആള് നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. കോരങ്ങാട് വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത് മുതല്‍ നാട്ടുകാര്‍ക്കിടയില്‍ ഇയാള്‍ സുപരിചിതനായി. നാട്ടുകാരെയെല്ലാം ചേര്‍ത്ത് ഒരു വാട്സാപ്പ് ഗ്രൂപ്പും നിര്‍മിച്ചു. നാട്ടില്‍ ഒളിഞ്ഞുനോട്ടം പതിവായപ്പോള്‍ ഈ ഗ്രൂപ്പിലൂടെയാണ് പലരും വിവരം പങ്കുവെച്ചത്. ജാഗ്രത പാലിക്കാനുള്ള സന്ദേശങ്ങളും ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടു. ഒരിക്കല്‍ അഡ്മിനായ ആള് തന്നെ തന്റെ വീട്ടിലും ഒളിഞ്ഞുനോക്കാന്‍ ഒരാളെത്തിയെന്ന് ഗ്രൂപ്പില്‍ സന്ദേശമിട്ടു. നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി മേഖലയിലെ പലയിടത്തും ഇത്തരം സംഭവങ്ങളുണ്ടായെന്നും ഇയാള്‍ ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.
രാത്രി ഏഴുമണി മുതല്‍ എട്ടുമണി വരെയുള്ള സമയത്തായിരുന്നു വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന് മറ്റുവീടുകളില്‍ എത്തിനോക്കാനെത്തിയിരുന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകള്‍ പകല്‍സമയങ്ങളില്‍ കണ്ടുവെച്ച് രാത്രി ബൈക്കിലെത്തി എത്തിനോക്കുന്നതായിരുന്നു രീതി. കറുപ്പ് വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. അസാമാന്യ മെയ് വഴക്കത്തോടെ വീടുകളില്‍ വലിഞ്ഞുകയറി സ്ത്രീകളുടെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞുനോക്കുന്നതായിരുന്നു ഇയാളുടെ പ്രധാനവിനോദം. പലതവണ നാട്ടുകാര്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും പിടികൊടുക്കാതെ മിന്നല്‍പോലെ ഓടിരക്ഷപ്പെടാനും ഇയാള്‍ വിദഗ്ധനായിരുന്നു.
രണ്ടുദിവസം മുന്‍പ് പരപ്പന്‍പൊയിലിലെ ഒരുവീട്ടിലും ഇയാളെത്തി. രാത്രി ഏഴരയോടെയായിരുന്നു സംഭവം. വീട്ടിലെ രണ്ടാംനിലയില്‍ വലിഞ്ഞുകയറി കിടപ്പുമുറിയിലേക്കായിരുന്നു ഒളിഞ്ഞുനോട്ടം. ഈ സമയം വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി ആളെ ശ്രദ്ധിച്ചു. തൊട്ടുപിന്നാലെ പെണ്‍കുട്ടി സമീപവാസികളെ വിവരമറിയിച്ചു. ഇതോടെ വീടിന്റെ രണ്ടാംനിലയില്‍നിന്ന് ഇയാള്‍ ചാടിയെങ്കിലും വീണത് നാട്ടുകാരുടെ മുന്നിലേക്കായിരുന്നു. കൈയോടെ ഒളിഞ്ഞുനോട്ടക്കാരനെ പിടികൂടിയപ്പോളാണ് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനാണ് വിരുതനെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായത്.
വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്റെ സമീപവാസിയായ യുവാവിന്റെ ദൃശ്യമാണ് നേരത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നത്. ഏണിയുമായി ഒരുവീട്ടില്‍ ഒളിഞ്ഞുനോക്കാനെത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രാത്രി 12 മണിയോടെയായിരുന്നു ഈ സംഭവം. രാത്രി ഏഴുമണിക്ക് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്റെ ഒളിഞ്ഞുനോട്ടം കഴിഞ്ഞാല്‍ പിന്നെ വീടുകളിലെത്തി ശല്യപ്പെടുത്തിയിരുന്നത് ഇയാളായിരുന്നുവെന്ന് സിസിടിവി ദൃശ്യം കിട്ടിയതോടെ നാട്ടുകാര്‍ക്ക് മനസ്സിലായി. അതേസമയം, ഇരുവരും എന്തെങ്കിലും ബന്ധമുണ്ടോയെന്നും നാട്ടുകാര്‍ക്ക് സംശയമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.