ദേശീയപാത-66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി കുന്നിടിച്ച സ്ഥലങ്ങളില്‍ 'ഷിരൂര്‍' ആവര്‍ത്തിക്കരുത്; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി ഇതേക്കുറിച്ച് പഠിക്കണം; കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍

കാസര്‍കോട്: ജില്ലയില്‍ ദേശീയപാത-66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി കുന്നിടിച്ച സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി 'ഷിരൂര്‍' ആവര്‍ത്തിക്കുന്നത് തടയാന്‍ ഇടപെടല്‍ നടത്തി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി ഇതേക്കുറിച്ച് പഠിക്കണം എന്നാവശ്യപ്പെട്ട് കളക്ടര്‍ ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിക്ക് കത്തയച്ചു.

ജില്ലയില്‍ ദേശീയപാതയ്ക്കായി കുന്നിടിച്ച സ്ഥലങ്ങളിലെ മണ്ണിടിച്ചില്‍ ഭീഷണിയെക്കുറിച്ച് 'മാതൃഭൂമി' ചൊവ്വാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കളക്ടര്‍ നടപടിയെടുത്തത്.

ചെറുവത്തൂര്‍ വീരമലക്കുന്ന്, മട്ടലായി, ചെങ്കള-നീലേശ്വരം റീച്ചിലെ ബേവിഞ്ച, തെക്കില്‍ എന്നിവിടങ്ങളിലാണ് ദേശീയപാതാ വികസനത്തിന് കുന്നിടിച്ചത്. ബലപ്പെടുത്തല്‍ ജോലി നടക്കുന്നുണ്ടെങ്കിലും പലയിടത്തും മണ്ണിടിയുന്നുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് കനത്ത മഴയില്‍ തെക്കില്‍ അമ്പട്ടയിലും ബേവിഞ്ചയിലും ഷോട്ട്ക്രീറ്റ് നടത്തി ബലപ്പെടുത്തിയ ഭാഗമാണ് ഇടിഞ്ഞത്.

മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസംഘം പഠനം നടത്തണമന്ന് അതോറിറ്റി മെമ്പര്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ കളക്ടര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന ബലപ്പെടുത്തല്‍ ജോലികള്‍ ഫലപ്രദമാണോ എന്നും അല്ലെങ്കില്‍ എന്ത് മാറ്റം വരുത്തണമെന്നും നിര്‍ദേശിക്കണം. നിര്‍മാണസമയത്തും ഭാവിയിലും അപകടമൊഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതോറിറ്റിയിലെ വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

വീരമലക്കുന്ന്, മട്ടലായി ഭാഗത്തേക്കാള്‍ അപകടഭീഷണി തെക്കില്‍, ബേവിഞ്ച ഭാഗത്താണെന്ന് കളക്ടര്‍ പറഞ്ഞു. ഇത് ഒഴിവാക്കാനാകുന്ന രീതിയില്‍ വേണം ഇവിടത്തെ നിര്‍മാണം. മഴ കൂടുതലുള്ള സമയത്ത് ഈ ഭാഗത്ത് ജില്ലാ ഭരണകൂടം ജാഗ്രത പാലിക്കുന്നുണ്ട്. നേരത്തേ മണ്ണിടിച്ചിലുണ്ടായപ്പോള്‍ ചെര്‍ക്കളയിലും ചട്ടഞ്ചാലിലും ദ്രുതപ്രതികരണ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് തികച്ചും അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് പലയിടത്തും നടക്കുന്നതെന്ന് സംസ്ഥാന പരിസ്ഥിതി നിര്‍ണയ കമ്മിറ്റി വിദഗ്ധ അംഗം പ്രൊഫ. വി. ഗോപിനാഥന്‍ ആരോപിച്ചു. ആവശ്യമായ ചരിവില്ലാതെയാണ് പലയിടങ്ങളിലും കുന്നിടിക്കുന്നത്. മണ്ണിന്റെ സ്വഭാവം വേണ്ടത്ര പരിഗണിക്കാതെയാണ് കോണ്‍ക്രീറ്റ് ആവരണം നല്‍കിയിട്ടുള്ളത്.

അതിതീവ്രമഴയില്‍ കൂടിയ അളവില്‍ വെള്ളം ഇറങ്ങുമ്പോള്‍ കോണ്‍ക്രീറ്റ് ആവരണം ഉള്‍പ്പെടെ പൊട്ടിയുള്ള മണ്ണിടിച്ചില്‍ സാധ്യത പലയിടത്തും നിലനില്‍ക്കുന്നു. പരമ്പരാഗത തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് മൂടി അതിന് മുകളിലാണ് നിര്‍മാണം നടക്കുന്നത്. പ്രദേശത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിസംരക്ഷണത്തിനും ഒരു പരിഗണനയും നല്‍കാതെയാണ് പണികള്‍ പുരോഗമിക്കുന്നത്. അതിതീവ്രമഴയുണ്ടായാല്‍ സ്ഥിതിഇനിയും വഷളാകാനാണ് സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

കുന്നിടിച്ച് നിര്‍മാണം നടത്തുമ്പോള്‍ മഴവെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാന്‍ പറ്റാത്തവിധം മണ്ണിലെ കളിമണ്ണില്‍ നിറഞ്ഞുനില്‍ക്കുകയും അതിന് ഭാരവും മര്‍ദവും കൂടി പുറത്തേക്ക് പതിക്കുകയും ചെയ്യുന്നു. ഇത് തടയാന്‍ ദേശീയപാത നിര്‍മാണത്തില്‍ ശാസ്ത്രീയമായി പ്രയോഗിക്കുന്ന വഴിയാണ് സോയില്‍ നെയിലിങ്. വയര്‍ മെഷ് ഇട്ട് ഭൂവസ്ത്രം വിരിച്ച് ചരിവ് ഇരുത്തംവരുന്നവിധത്തില്‍ ബോള്‍ട്ട് ഇട്ട് ബലപ്പെടുത്തുകയാണിതില്‍ ചെയ്യുന്നത്.

ചരിവ് ഒരിക്കലം കുത്തനെ ആകരുത്. 30 ഡിഗ്രി ചരിവാണ് അഭികാമ്യം. അപ്പോള്‍ സ്ഥലം നഷ്ടപ്പെടുമെന്നതുകൊണ്ടാണ് കുത്തനെ മുറിച്ച് ഇത്തരത്തില്‍ സിമന്റും ഭൂവസ്ത്രവും ചേര്‍ത്ത് ആണിയടിച്ച് നിര്‍ത്തുന്നത്. മഴയില്ലാത്തപ്പോള്‍ ചെയ്ത പണി മഴവരുമ്പോള്‍ തകരുന്നതാണിപ്പോള്‍ കാണുന്നത്. പലയിടത്തും ആണിയടിച്ച് വേണ്ടവിധത്തില്‍ ബോള്‍ട്ട് ചെയ്തില്ല. കളിമണ്ണിന്റെ തോതും മനസ്സിലാക്കിയില്ല.

കുതിച്ചുചാടുന്ന വെള്ളം സംരക്ഷിച്ച് നിര്‍ത്താന്‍ ചെലവ് കൂടും. വളരെ മൃദുലമായ മണ്ണും കളിമണ്ണും ചളിയുമൊക്കെയുള്ള പ്രദേശമാണ്. മറ്റ് സംവിധാനങ്ങളൊന്നും നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സംരക്ഷണ ഭിത്തി തന്നെയാണ് നിവാരണ മാര്‍ഗം. അവിടെയും നല്ലവിധത്തില്‍ അടിത്തറ ഉറപ്പാക്കുകയും വേണം. വെള്ളം താഴെ സ്വാഭാവികമായി ഒഴുക്കി തോട്ടിലേക്കോ പുഴയിലേക്കോ വിടണം.

ഭൂമിയില്‍ പതിക്കുന്ന വെള്ളം മുകളിലൂടെയും ഭൂമിക്കടിയിലൂടെയും ചരിവുകളിലൂടെയും താഴേക്ക് ഒഴുകുമെന്നത് സ്വാഭാവികം. ഇതിനെ ശാസ്ത്രീയമായി ഒഴുകിപ്പോകേണ്ട സംവിധാനത്തില്‍ കൊണ്ടുവരേണ്ടത് ദേശീയപാത വികസനം നടപ്പാക്കാന്‍ കരാറെടുത്ത കമ്പനികളുടെ ഉത്തരവാദിത്വമാണ്.

തെക്കില്‍ ഭാഗത്ത് ദേശീയപാത നിര്‍മാണം നടത്തുന്ന കമ്പനികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മല തുരന്നും മുറിച്ചുമുള്ള പണികളാണ് ഇവിടെ നടക്കുന്നത്. ജലസംഭരണികളായി പ്രവര്‍ത്തിച്ച് മഴവെള്ളം പിടിച്ചുനിര്‍ത്തിയ സ്ഥലമാണ് ഇല്ലാതാകുന്നത്. ആ വെള്ളം സുഗമമായി ഒഴുകിപ്പോകാന്‍ തക്ക ചാനലുകള്‍ ഉണ്ടാക്കണം. തുടങ്ങിവെച്ച ദേശീയപാത വികസനം മുന്നോട്ട് പോകുകയും വേണം. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണവും വേണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !