ന്യൂഡല്‍ഹി: രാജ്യസഭയില്‍ ബിജെപിയുടെ ശക്തി കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സോണാല്‍ മാന്‍സിംഗ്, മഹേഷ് ജഠ്മലാനി എന്നി നോമിനേറ്റഡ് അംഗങ്ങള്‍ ശനിയാഴ്ച അവരുടെ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് രാജ്യസഭയില്‍ ഭരണകക്ഷിയുടെ അംഗബലം കുറഞ്ഞത്. നിലവില്‍ രാജ്യസഭയില്‍ ബിജെപിക്ക് 86 അംഗങ്ങളാണ് ഉള്ളത്.
ബിജെപിയുടെ അംഗബലം 86 ആയി ചുരുങ്ങിയതോടെ, ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ അംഗസംഖ്യ 101 ആയും കുറഞ്ഞു. 245 അംഗ സഭയില്‍ 113 അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഭൂരിപക്ഷമാകുകയുള്ളൂ.കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഇന്ത്യാ സഖ്യത്തിന് രാജ്യസഭയില്‍ 87 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ കോണ്‍ഗ്രസിന് 26, ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ 13, ഡല്‍ഹിയിലും തമിഴ്നാട്ടിലും അധികാരത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്കും ഡിഎംകെയ്ക്കും 10 വീതം എന്നിങ്ങനെയാണ് അംഗങ്ങള്‍.
ഉപരിസഭയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് തമിഴ്നാട്ടിലെ മുന്‍സഖ്യകക്ഷി എഐഎഡിഎംകെ, മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവയെ എന്‍ഡിഎ സര്‍ക്കാര്‍ ആശ്രയിക്കേണ്ടി വരും.
നിലവില്‍ രാജ്യസഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് (11), എഐഎഡിഎംകെയ്ക്ക് (4) എന്നിങ്ങനെയാണ് അംഗബലം. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചെങ്കിലും എഐഎഡിഎംകെയിലും വൈഎസ്ആര്‍ കോണ്‍ഗ്രസിലും ഇപ്പോഴും ബിജെപിക്ക് പ്രതീക്ഷയുണ്ട്
വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുമ്പ് ബിജെപിക്ക് പ്രശ്നാധിഷ്ഠിത പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ 11 വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മുന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബിജെഡിയും സമാനമായ പിന്തുണ നല്‍കിയിരുന്നു.
എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍പ്പിച്ചതിനാല്‍ ഇതില്‍ മാറ്റം ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. രാജ്യസഭയില്‍ ബിജെഡിക്ക് 9 അംഗങ്ങളാണ് ഉള്ളത്. മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് ( നാലു അംഗങ്ങള്‍), സ്വതന്ത്രര്‍ എന്നിവരുടെ നിലപാടുകളും ബിജെപിക്ക് നിര്‍ണായകമാകും.
നിലവില്‍ ആകെ 20 സീറ്റുകളാണ് രാജ്യസഭയില്‍ ഒഴിഞ്ഞുകിടക്കുന്നത്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങളുടെ ഉള്‍പ്പെടെയാണ്
ഈ ഒഴിവുകള്‍. ഇതില്‍ മഹാരാഷ്ട്ര, അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ രണ്ട് സീറ്റുകള്‍ വീതവും ഹരിയാന, രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് ഒഴിവുകള്‍.
അസം, ബിഹാര്‍, രാജസ്ഥാന്, മധ്യപ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഏഴ് പേരെ വിജയിക്കാനാകും. മഹാരാഷ്ട്രയില്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്താന്‍ കഴിഞ്ഞാല്‍, അവിടെ നിന്ന് രണ്ടെണ്ണം കൂടി ജയിക്കാന്‍ സാധിച്ചേക്കും. ഇത് ബിജെപിക്ക് ഒമ്പത് സീറ്റുകള്‍ അധികമായി നല്‍കിയേക്കും.
അവയും നോമിനേറ്റഡ് അംഗങ്ങളുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും വോട്ടും കൂടി ലഭിച്ചാല്‍ ഭൂരിപക്ഷം മറികടക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 30നകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ജമ്മു കശ്മീരില്‍ നാല് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.തെലങ്കാനയില്‍ കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സീറ്റ് നേടാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.