ന്യൂഡല്‍ഹി: രാഷ്ട്രപതിക്കെതിരെ കേരളം നല്‍കിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സംസ്ഥാന നിയമസഭ പാസാക്കിയ നാലു ബില്ലുകള്‍ തടഞ്ഞുവച്ച രാഷ്ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കേരളം സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.
രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമായ രാഷ്ട്രപതിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ഹർജിയില്‍ സുപ്രീംകോടതി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണൻ എം.എല്‍.എയുമാണ് ഹർജിക്കാർ. രാഷ്ട്രപതിയെ കൂടാതെ രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരാണ് എതിർകക്ഷികള്‍. അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയതെന്തെന്നറിയാൻ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്. രാഷ്ട്രപതിയെ കൂടാതെ രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്താണ് റിട്ട് ഹർജി ഫയല്‍ ചെയ്തത്.
ഗവർണർ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമർപ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനം ഹർജി നല്‍കിയിരിക്കുന്നത്.
ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ ഇതടക്കം ചില ബില്ലുകള്‍ തടഞ്ഞുവയ്ക്കപ്പെട്ടുവെന്ന വാദം ഉയർന്നിട്ടുള്ളതാണ്. ഇതില്‍ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചർച്ച ചെയ്ത ശേഷമാണിപ്പോള്‍ സംസ്ഥാനം ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.