ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനാവുക എളുപ്പമല്ല. നല്ല ഗൃഹപാഠവും ഏകോപന മികവും കാര്യക്ഷമതയും വേണം. താന്‍ ഒരു മികച്ച പാര്ലമെന്റേറിയന് ആകുമെന്ന് ഉറച്ച മനസ്സോടെയാണ് വടകര എം പി ഷാഫി പറമ്പില്‍ ഡല്‍ഹിക്ക് വണ്ടി കയറിയത്.
ആദ്യമായി എംപിയായ ഷാഫി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ അവതരിപ്പിച്ച് സ്പീക്കര്‍ ഓം ബിര്‍ളയുടെ അഭിനന്ദനം നേടി.തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 400 രൂപയാക്കണമെന്നും ഒരു വര്‍ഷം ചുരുങ്ങിയത് 150 ദിവസം ജോലി നല്‍കണമെന്നും ഭേദഗതി ചെയ്യുന്ന സ്വകാര്യ ബില്ലാണ് സഭയുടെ പരിഗണനയ്ക്ക് വെച്ചത്.
എല്ലാം എംപിമാരും ഇത് മാതൃകയാക്കണമെന്ന് സന്തോഷത്തോടെ സ്പീക്കര്‍ സഭയോട് പറഞ്ഞു. ചില എംപിമാര്‍ എത്ര പ്രേരിപ്പിച്ചാലും വാ പോലും തുറക്കാത്ത പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഷാഫിയെ അഭിനന്ദിച്ചത്. കഴിഞ്ഞ ലോക്സഭയില്‍ ഒരുവട്ടം പോലും സഭയില്‍ ശബ്ദം ഉയര്‍ത്താത്ത എംപിമാരുടെ പട്ടിക പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം, അവധിക്കാലത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കി പ്രവാസികളെ വിമാനക്കമ്പിനികള്‍ കൊള്ളയടിക്കുന്നതിനെ 'ആടുജീവിതം' സിനിമയടക്കം പരാമര്‍ശിച്ച് ഷാഫി പറമ്പില്‍ അവതരിപ്പിച്ചിരുന്നു. തന്റെ ആദ്യ സ്വകാര്യ പ്രമേയത്തിലാണ് ഷാഫി പ്രവാസികള്‍ കാലങ്ങളായി കൊള്ളയടിക്കപ്പെടുന്നത് ചൂണ്ടി കാട്ടിയത്.
പ്രസംഗത്തിനിടയില്‍ ഇടപെട്ട സ്പീക്കര്‍ ഓം ബിര്‍ള, ഇക്കാര്യത്തില്‍ വ്യോമയാനമന്ത്രി നടപടിയെടുക്കണമെന്നും വിമാനക്കമ്പിനികളോടെല്ലാം സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചോദ്യോത്തരവേളയിലും ഷാഫി പറമ്പിലും കെ.സി. വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ഇതുസംബന്ധിച്ച ചോദ്യമുന്നയിച്ചിരുന്നു.
വിമാനനിരക്ക് നിശ്ചയിക്കുന്നത് കമ്പോളവും ആവശ്യങ്ങളും അടിസ്ഥാനമാക്കിയാണെന്നും നിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നും ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു മറുപടി നല്കി.
കമ്പോളവും ആവശ്യവുമെന്ന മന്ത്രിയുടെ പ്രസ്താവനയെ ഉദാഹരണസഹിതം ഷാഫി ഖണ്ഡിച്ചു. അവധിക്കാലത്ത് നാട്ടില്‍ വരേണ്ട പ്രവാസികളെ വിമാനക്കമ്പിനികള്‍ ഒന്നിച്ച് മനപ്പൂര്‍വം ചൂഷണംചെയ്യുകയാണെന്ന് ഷാഫി പറഞ്ഞു. 'കൊച്ചിയില്‍നിന്ന് ദുബായിലേക്ക് ജൂലായ് 27-ന് വിമാനനിരക്ക് എയര്‍ ഇന്ത്യക്ക് 19,062 രൂപയാണ്. മൂന്നുസീറ്റ് മാത്രമാണ് ബാക്കി.
അതേ വിമാനത്തിന് ഓഗസ്റ്റ് 31-ന് 77,573 ആണ്. അന്ന് ഒമ്പതുസീറ്റാണ് ബാക്കി. മൂന്നുസീറ്റ് ബാക്കിയുള്ളപ്പോള്‍ 19,062 രൂപയും ഒമ്പതുസീറ്റ് ബാക്കിയുള്ളപ്പോള്‍ 77,573 രൂപയും എന്നത് എന്ത് കമ്പോളവും ആവശ്യവും ആണ്? പ്രവാസികള്‍ക്ക് എങ്ങനെയാണ് അവധിക്ക് വീട്ടില്വരാന് കഴിയുക? തിരിച്ചുപോകാന്‍ സാധിക്കുക?
ഭൂരിഭാഗവും കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന സാധാരണക്കാരാണ്. വര്‍ഷത്തില്‍ ടിക്കറ്റ് ലഭിക്കാത്ത, ഭക്ഷണമോ താമസസ്ഥലമോ ഇല്ലാത്തവരാണ് പലരും. അച്ഛനമ്മമാരുടെ ചികിത്സയ്ക്കും കുട്ടികളുടെ പഠിപ്പിനുമായി ദുരിതമനുഭവിക്കുന്നു. പൃഥ്വിരാജ് അഭിനയിച്ച 'ആടുജീവിതം' എന്ന സിനിമയുണ്ട്. മരുഭൂമിയില്‍ വര്‍ഷങ്ങളോളം ആടുമേയ്ക്കേണ്ടിവന്നയാളുടെ ജീവിതകഥ.
അങ്ങനെയെത്രയോ പേര് സമാനജീവിതം നയിക്കുന്നു. നാലംഗകുടുംബത്തിന് വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് വരാന്‍മാത്രം മൂന്നുലക്ഷം വേണം. എല്ലാ ചെലവുകളും കഴിച്ച് അവര്‍ ബാക്കിവെക്കുന്ന തുക ടിക്കറ്റ് വാങ്ങാന്‍പോലും തികയുമോ?
വര്‍ഷം 1.1 ലക്ഷം കോടിയാണ് പ്രവാസികളില്‍നിന്ന് ലഭിക്കുന്നത്. നമ്മളെന്താണവര്‍ക്ക് തിരിച്ചുനല്‍കുന്നത്? എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലാണ് വിമാനനിരക്ക് കൂടുതല്‍. 41 ശതമാനമാണ് വര്‍ധന.
ഗള്‍ഫ് മേഖലയിലെ അനിയന്ത്രിതമായ വിമാനനിരക്കിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഷാഫിയെ പിന്തുണച്ച് എന്‍.കെ. പ്രേമചന്ദ്രനും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.