ആലപ്പുഴ: മന്നാറിലെ കല കൊലപാതക കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.
കലയുടെ ഭർത്താവ് അനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. നിലവിൽ അനിൽ ഒഴികെ മൂന്ന് പ്രതികൾ കസ്റ്റഡിയിലുണ്ട്. ജിനു, സോമൻ, പ്രമോദ് എന്നിവരെയാണ് ചെങ്ങന്നൂർ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.ഇവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്നു പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും.
കേസിലെ ഒന്നാം പ്രതിയായ അനിൽകുമാറിനെ രണ്ടു ദിവസത്തിനകം നാട്ടിൽ എത്തിച്ചേക്കുമെന്നും സൂചനയുണ്ട്. അനിൽകുമാർ ഇസ്രയേലിൽ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ നാല് പേരും ചേർന്ന് കലയെ കാറിൽ വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്.
വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യ സാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത്.
കഴിഞ്ഞ ദിവസം അനിൽകുമാറിന്റെ വീട്ടുവളപ്പിൽ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങളെന്ന് കരുതുന്ന ചില വസ്തുക്കളും ലോക്കറ്റും ഹെയർക്ലിപ്പും വസ്ത്രത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ബുധനാഴ്ച ഫോറൻസിക് സംഘത്തിന്റെ വിശദപരിശോധനയും സ്ഥലത്ത് നടക്കും. ഇതിനുശേഷമായിരിക്കും തെളിവെടുപ്പ് നടക്കുകയെന്നാണ് സൂചന.
പെരുമ്പുഴ പാലത്തിന് മുകളിൽവെച്ച് കാറിനുള്ളിലിട്ട് അനിൽകുമാറാണ് കലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് സാക്ഷി മൊഴി. കൃത്യം നടത്തിയശേഷം മൃതദേഹം മറവു ചെയ്യാൻ അനിൽകുമാർ തന്റെ സഹായംതേടി. എന്നാൽ, തനിക്ക് ഇതിന് കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും സുരേഷ് മൊഴി നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.