കൊച്ചി: കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ കൊച്ചിയിൽനിന്ന് ഓൺലൈൻ തട്ടിപ്പു സംഘം കവർന്നത് 20 കോടി രൂപ. എത്ര ബോധവൽക്കരണം നടത്തിയിട്ടും അതൊന്നും കാര്യമാക്കാതെ ബാങ്ക്, വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർക്കു പങ്കുവയ്ക്കുന്ന ശീലം മലയാളികൾക്കു കൂടി വരുന്നുവെന്നാണ് ഈ തട്ടിപ്പുകൾ തെളിയിക്കുന്നത്. അഭ്യസ്തവിദ്യരാണു പറ്റിക്കപ്പെടുന്നവരിൽ ഭൂരിഭാഗവുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.ശ്യാം സുന്ദർ പറയുന്നു.
കൊച്ചിയിലെ ഇൻഫോപാർക്ക്, മരട്, സെൻട്രൽ, നോർത്ത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ 20 കോടി രൂപയുടെ തട്ടിപ്പുകൾ നടന്നത്. ഇതിൽ ഇൻഫോപാർക്കിലെ ഒരു സ്ഥാപന ഉടമയ്ക്കുണ്ടായ ഏഴു കോടി രൂപയുടെ നഷ്ടമാണ് ഏറ്റവും വലിയ കേസ്. ഇത്തരത്തിൽ കേരളത്തിൽനിന്നു കോടികൾ നഷ്ടപ്പെടുന്നുണ്ട്.
പരാതികൾ ലഭിക്കുന്ന എല്ലാ കേസുകളിലും നഷ്ടപ്പെട്ടിരിക്കുന്നതു കണക്കിൽപ്പെടുന്ന പണം തന്നെയാണെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. തട്ടിപ്പു നടക്കുന്നത് കേരളത്തിലാണെങ്കിലും ഇതിനു പിന്നിൽ മലയാളികളുടെ സാന്നിധ്യം ഇതുവരെയും കണ്ടെത്തിയിട്ടില്ല.
മിക്ക കേസുകളുടെയും പിന്നിൽ യുപി, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തട്ടിപ്പു സംഘങ്ങൾ തമ്മിൽ പരസ്പരബന്ധമില്ല. ഇവർക്ക് രാജ്യാന്തര ബന്ധങ്ങളും ഇല്ലെന്നാണ് നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിച്ചു പോയവരുടെ അക്കൗണ്ടുകൾ വൈകാതെ റദ്ദാക്കണമെന്നാണു നിയമമെങ്കിലും ഈ വഴിയിലും തട്ടിപ്പുകൾ നടക്കുന്നതായും കമ്മിഷണർ പറയുന്നു. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരുടെ ഒത്താശയോടെയാണു ഇത്തരം കൃത്യങ്ങൾ നടക്കുന്നത്. ഇവർ ഈ അക്കൗണ്ടുകൾ റദ്ദാക്കാതിരിക്കുകയും ഇതിന്റെ വിവരങ്ങൾ തട്ടിപ്പു സംഘത്തിനു കൈമാറുകയും ചെയ്യുന്നു. ഈ അക്കൗണ്ടുകൾ ഉപയോഗിച്ചാണു തട്ടിപ്പു നടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്. അത്തരം ചില ബാങ്ക് ഉദ്യോഗസ്ഥരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
നഷ്ടപ്പെട്ട 20 കോടി രൂപയിൽ ഒരു കോടി രൂപ ഇതുവരെ തിരിച്ചു പിടിക്കാൻ കഴിഞ്ഞു. മൂന്നു കോടി രൂപ ഉടൻ തിരിച്ചുപിടിക്കാനുള്ള നടപടികൾ പൂർത്തിയാകുന്നു.മറ്റു കുറ്റകൃത്യങ്ങളെ അപേക്ഷിച്ച് ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തെളിയിക്കുകയും പണം തിരിച്ചുപിടിക്കുകയും കുറ്റവാളിയെ പിടികൂടുകയും ചെയ്യുന്നതു ദുഷ്കരമാണ്.
സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലെ ലിങ്കുകൾ, എടുക്കാത്ത ലോട്ടറി അടിച്ചു എന്നുള്ള സന്ദേശങ്ങൾ, ലഹരി മരുന്നു പോലുള്ളവ അടങ്ങിയ പാഴ്സൽ കുറിയറായി ലഭിച്ചിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തുക തുടങ്ങി ഒട്ടേറെ മാർഗങ്ങളിലൂടെയാണു പണം നഷ്ടപ്പെടുന്നതെന്ന് കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ടോൾഫ്രീ നമ്പരായ 130ൽ വിളിക്കുക എന്നതാണ്.
കൊച്ചിയിൽ നിന്ന് സാമ്പത്തിക തട്ടിപ്പുകള്‍ വഴി പണം നഷ്ടമായത് അന്വേഷിക്കാൻ തൃക്കാക്കര അസി.കമ്മിഷണറുടെ നേതൃത്വത്തിൽ ഏഴംഗ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും കമ്മിഷണർ പറഞ്ഞു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.