ഹരിപ്പാട്: പ്രസവവേദനയെ തുടർന്ന് ആശുപത്രിയില്‍ പോകാൻ കഴിയാതെ നിലവിളിച്ച അതിഥിതൊഴിലാളിയായ യുവതിക്ക് തുണയായി ആശാവർക്കർ.
വീയപുരം മൂന്നാം വാർഡില്‍ കട്ടകുഴിപാടത്തിന്റേയും അച്ചൻകോവിലാറിന്‍റേയും ഓരത്തുള്ള ചിറയില്‍ അഞ്ചുവർഷമായി താമസിക്കുന്ന മൈസൂർ സ്വദേശിയായ സരിത(25)യ്ക്കാണ് ആശാവർക്കർ ഓമന രക്ഷകയായത്. കഴിഞ്ഞ ദിവസം പാതിരാത്രിയോടെയാണ് സംഭവം. രാത്രി വൈകിയാണ് സരിതക്ക് പ്രസവവേദന അനുഭവപ്പെട്ടത്.ആശുപത്രിയിലെത്തിക്കാൻ മറ്റ് മഴിയൊന്നുമില്ലാഞ്ഞതോടെ ആശാവർക്കർ ഓമ്മനയെ സരിതയുടെ ഭർത്താവ് ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഇതോടെ ഓമന ഉറങ്ങികിടന്ന തന്‍റെ ജ്യേഷ്ഠന്റെ മകൻ ബിജുവിനെ വിളിച്ചുണർത്തി സരിത താമസിക്കുന്നിടത്തെത്തി. യാതൊരു സുരക്ഷയും ഇല്ലാതിരുന്ന ഇവരുടെ താമസസ്ഥലം ചോർന്ന് ഒലിക്കുന്നുണ്ടായിരുന്നു. വേദനകൊണ്ട് പുളഞ്ഞ സരിതയെ ചെറു വള്ളത്തില്‍ കയറ്റി ഓമനയും ബിജുവും വള്ളം തുഴഞ്ഞ് മെയിൻ റോഡില്‍ എത്തിച്ചു. ഉടൻതന്നെ ആംബുലൻസില്‍ കയറ്റി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും പത്ത് മിനിറ്റുള്ളില്‍ സരിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
മണിക്കുറുകളോളം സരിതയ്ക്കൊപ്പം ആശുപത്രിയില്‍ കഴിഞ്ഞ ഓമന, പുലർച്ചെ ആംബുലൻസില്‍ തന്നെ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് വീട്ടുകാരും ഇക്കാര്യം അറിയുന്നത്. സരിത ഗർഭിണിയായി മൂന്നാം മാസം മുതല്‍ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ ചെക്കപ്പ് നടത്തുന്നതിന് കൂടെപോയിരുന്നത് ഓമനയായിരുന്നു. സരിതയെ ചികിത്സിച്ചിരുന്ന താലൂക്കാശുപത്രിയിലെ ഡോക്ടർ അവധിയായതിനാല്‍ ഇവരെ നേരിട്ട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നുവെന്ന് ഓമന പറഞ്ഞു.
അതിഥി തൊഴിലാളിയായ സരിതയുടെ മൂന്നാമത്തെ പ്രസവമാണിത്. അച്ചൻകോവിലാറിന്‍റെ ഓരത്തുള്ള ചിറയില്‍ മൂന്ന് കുടുംബങ്ങളിലായി പതിനഞ്ച് പേരാണ് താമസിക്കുന്നത്. ഗർഭിണിയായ സരിതയ്ക്ക് തുണയായെത്തിയ ഓമനെയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ഓമന, വാർഡ് അംഗം രഞ്ജിനി ചന്ദ്രൻ എന്നിവർ അഭിനന്ദിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. രാഖി, ഡോ. ധന്യ, ഡോ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓമനയെ ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.