തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ജീവനക്കാരില്‍നിന്നു പ്രതിമാസം നിശ്ചിത തുക വീതം പിടിക്കാൻ ഇൻഷ്വറൻസ് പദ്ധതിയുമായി സർക്കാർ.
സംസ്ഥാന ഇൻഷ്വറൻസ് വകുപ്പു വഴി നടപ്പാക്കുന്ന 'ജീവാനന്ദം' എന്ന പേരിലുള്ള ആന്വിറ്റി പദ്ധതി വഴിയാണ് ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു നിശ്ചിത തുക വീതം പിടിക്കുക. ഇവർ വിരമിച്ച ശേഷം മാസംതോറും തുക ഇവർക്ക് ആന്വിറ്റി എന്ന പേരില്‍ മടക്കി നല്‍കുകയും ചെയ്യുമെന്നാണു വാഗ്ദാനം. 2024ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍, ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു വിഹിതം പിടിച്ചു പെൻഷനാകുമ്പോള്‍ മടക്കി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ എതിർത്ത് പ്രതിപക്ഷ സംഘടനകള്‍ ഒന്നടങ്കം രംഗത്തെത്തി. സർക്കാർ ജീവനക്കാരുടെ വിഹിതം പിടിച്ചു സർക്കാർ നടപ്പാക്കുന്ന ജീവാനന്ദം പദ്ധതിയെ എതിർത്ത് പ്രക്ഷോഭം ആരംഭിക്കാൻ സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കാൻകൂടി ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്ന ആരോപണവും ഉയരുന്നു.
വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് മാസം തോറും പെൻഷൻ ലഭിക്കുമ്പോള്‍ എന്തിനാണ് ജീവാനന്ദം പദ്ധതി എന്ന ചോദ്യമാണ് ജീവനക്കാർക്കിടയില്‍നിന്ന് ഉയരുന്നത്. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ നോഡല്‍ ഏജൻസിയായി ചുമതലപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതി നടപ്പാക്കുന്നതിനുള്ള രൂപരേഖ ഇൻഷ്വറൻസ് വകുപ്പ് തയാറാക്കും.
നിലവില്‍ മെഡിസെപ് ചികിത്സാ പദ്ധതിക്കായി പ്രതിമാസം 500 രൂപ വീതം ജീവനക്കാരില്‍ നിന്നു സർക്കാർ ഈടാക്കുന്നുണ്ട്. കൂടാതെ പങ്കാളിത്ത പെൻഷൻകാരില്‍ 10 ശതമാനത്തില്‍ കുറയാത്ത തുക പെൻഷൻ ഫണ്ടിലേക്ക് പിടിക്കുന്നു.
എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടിലേക്ക് അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ആറു ശതമാനത്തില്‍ താഴാത്ത തുകയും ഈടാക്കി വരുന്നു. ഇതിനു പുറമേയാണ് ശമ്പളത്തില്‍നിന്ന് പുതിയ തുക പിടിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തുന്നത്.
ജീവനക്കാരുടെ ക്ഷാമബത്ത അടക്കം കുടിശികയുള്ളപ്പോഴാണ് പെൻഷനു സമാനമായ തുക നല്‍കുന്നതിനായി ശമ്പളത്തിന്‍റെ 10 മുതല്‍ 20 ശതമാനം വരെ പിടിക്കാൻ നീക്കം നടക്കുന്നതെന്നാണ് ആരോപണം.
2500 കോടി രൂപയാണ് ശമ്പളം നല്‍കാനായി പ്രതിമാസം വേണ്ടിവരുന്നത്. ഇതിന്‍റെ 10 ശതമാനം പിടിച്ചാല്‍ 250 കോടി രൂപ സർക്കാരിനു പ്രതിമാസം ലഭിക്കും. ഉയർന്ന ശമ്പളം വാങ്ങുന്നവരില്‍നിന്ന് കൂടുതല്‍ തുക പിടിച്ചാല്‍ സർക്കാരിന് 500 കോടിക്ക് മുകളില്‍ പ്രതിമാസം ലഭിക്കും. ഇതു മറ്റു കാര്യങ്ങള്‍ക്കായി സർക്കാരിനു വിനിയോഗിക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.