തിരുവനന്തപുരം: മസ്കറ്റിൽ മെയ് 13നു മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്നു എയർ ഇന്ത്യ എക്സ്പ്രസ്. ഇ മെയിൽ വഴി കമ്പനി കുടുംബത്തിനു മറുപടി നൽകി. മരണത്തിനു ഉത്തരവാദി എയർ ഇന്ത്യ എക്സ്പ്രസ് അല്ലെന്നും മറുപടിയിൽ അവർ വ്യക്തമാക്കി.
രോഗബാധിതനായിരുന്ന രാജേഷിനെ കാണാൻ മസ്കറ്റിലേക്ക് പോകാൻ ഭാര്യ അമൃത ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നു അവർക്ക് പോകാൻ സാധിച്ചില്ല. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി ആശുപത്രിയിലായ രാജേഷിന്റെ അടുത്തെത്താൻ ഇതോടെ അവർക്കു സാധിച്ചില്ല.ജീവനക്കാരുടെ പണിമുടക്കു കാരണം രണ്ട് ദിവസവും അവരുടെ യാത്ര മുടങ്ങി. ഭർത്താവിനൊപ്പം നിൽക്കാൻ എത്രയും പെട്ടെന്നു മസ്കറ്റിലെത്താൻ അമൃതയ്ക്ക് രാജേഷ് ജോലി ചെയ്തിരുന്ന സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ടിക്കറ്റ് റീ ഫണ്ട് ചെയ്യാനോ മറ്റൊരു വിമാനത്തിനു ടിക്കറ്റ് ശരിയാക്കാനോ എയർ ഇന്ത്യ എക്സ്പ്രസ് കമ്പനി തയ്യാറായതുമില്ല. 13നാണ് നമ്പി രാജേഷ് മരിക്കുന്നത്. തുടർന്നു മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.
മൃതദേഹവുമായുള്ള കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്നു ആവശ്യം വ്യക്തമാക്കി ഇ മെയിൽ അയയ്ക്കാൻ വിമാന കമ്പനി ഉദ്യോഗസ്ഥർ കുടുംബത്തോടു നിർദ്ദേശിച്ചിരുന്നു. പിന്നാലെ അഞ്ചും മൂന്നും വയസുള്ള കുട്ടികളുണ്ടെന്നും
കുടുംബത്തിന്റെ അത്താണിയായ ഭർത്താവിന്റെ അകാല വിയോഗത്തെ തുടർന്നു ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം നൽകണമെന്നും വ്യക്തമാക്കി അമൃത ഇ മെയിൽ അയച്ചു. താൻ അടുത്തുണ്ടായിരുന്നെങ്കിൽ ഭർത്താവിനു മരണം സംഭവിക്കില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.
എന്നാൽ അവരുടെ ആവശ്യത്തോടു മുഖം തിരിക്കുന്ന സമീപനമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.