ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാർ ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മെഹ്‌താബ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ആരംഭിച്ചു. പിന്നാലെ കണ്ണൂർ എംപി കെ സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. വടകര എംപി ഷാഫി പറമ്പില്‍ ഭരണഘടന ഉയർത്തിപ്പിടിച്ച് ഇംഗ്ലീഷില്‍ ദൃഢപ്രതിജ്ഞ ചെയ്തു.തുടർന്ന് എം കെ രാഘവൻ, ഇ ടി മുഹമ്മദ് ബഷീർ, എം പി അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, കെ സി വേണുഗോപാല്‍, ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നില്‍ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
എറണാകുളം എംപി ഹൈബി ഈഡൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ രാധാകൃഷ്ണൻ മലയാളത്തില്‍ ദൃഢപ്രതിജ്ഞ ചെയ്തു. എൻ കെ പ്രേമചന്ദ്രൻ ഇംഗ്ലീഷില്‍ ദൃഢപ്രതിജ്ഞ ചെയ്തു.
ഡീൻ കുര്യാക്കോmd, വി കെ ശ്രീകണ്ഠൻ, കെ സി വേണുഗോപാല്‍ തുടങ്ങിയവർ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം എംപി ശശി തരൂർ സ്ഥലത്തില്ലാത്തതിനാല്‍ മറ്റൊരു ദിവസം സത്യപ്രതിജ്ഞ ചെയ്യും.
പ്രോ ടെം പാനലില്‍ സത്യപ്രതിജ്ഞ ചെയ്യാനില്ലെന്ന് രാവിലെത്തന്നെ വ്യക്തമാക്കിയ കൊടിക്കുന്നില്‍ കേരളത്തിലെ മറ്റ് എംപിമാർക്കൊപ്പമാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഭരണഘടനയുടെ കോപ്പികളുമായാണ് പാർലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യാൻ വേണ്ടി എഴുന്നേറ്റപ്പോള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള ഇന്ത്യ സഖ്യനേതാക്കള്‍ ഭരണഘടനയുടെ കോപ്പികള്‍ ഉയർത്തി കാണിച്ചു.
ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തൊടാൻ സാധിക്കില്ലെന്ന സന്ദേശമാണ് പാർലമെന്റില്‍ തങ്ങള്‍ നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിരന്തരം നടത്തുന്ന അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.
അങ്ങനെ സംഭവിക്കാൻ ഞങ്ങള്‍ അനുവദിക്കില്ലെന്ന് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭരണഘടന ഉയർത്തി കാണിച്ചതെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭയുടെ പ്രഥമ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പാർലമെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, അഖിലേഷ് യാദവ് അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കള്‍ കൈയില്‍ ഭരണഘടനയുടെ കോപ്പി കരുതുകയും ഇത് ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.
അതേസമയം ശക്തമായൊരു പ്രതിപക്ഷത്തെയാണ് ജനത്തിനാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് കോലാഹലങ്ങളും നാടകവും മുദ്രാവാക്യങ്ങളുമല്ല വേണ്ടത്. ശക്തമായ ഒരു പ്രതിപക്ഷത്തെയാണ് ജനത്തിനാവശ്യം, ഉത്തരവാദിത്തമുള്ള പ്രതിപക്ഷം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.