തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് കുരുന്നുകള്‍ കൂടി എത്തി.
ഒന്നര മാസം പ്രായമുള്ള പെണ്‍ കുഞ്ഞും പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന ഇരട്ട ആണ്‍കുട്ടികളുമാണ് അതിഥികളായി എത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് രണ്ട് കുട്ടികളെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്നത്.ആറ് വർഷങ്ങള്‍ക്ക് ശേഷമാണ് അമ്മതൊട്ടിലില്‍ ഇരട്ട കുഞ്ഞുങ്ങള്‍ അഥിതികളായി എത്തുന്നത്. ഇതിനു മുൻപ് 2018 ലാണ് ഇരട്ടകുട്ടികളെ ലഭിച്ചത്.
പുതിയതായി എത്തിയ അതിഥികള്‍ക്ക് രക്ഷിത, ആർദ്രൻ, ഹൃദ്യൻ എന്നിങ്ങനെ കരുത്തുകള്‍ക്ക് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി പത്രകുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഇതുവരെയായി 604 കുട്ടികളാണ് പോറ്റമ്മമാരുടെ പരിചരണയ്ക്കായി എത്തിയത്.
പുതിയ അതിഥികളുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ബീപ് സന്ദേശം എത്തിയ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു.
പിന്നീട് കുട്ടികളെ വിദഗ്ധ ആരോഗ്യ പരിശോധനകള്‍ക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ കൊണ്ടുപോയി. പൂർണ്ണ ആരോഗ്യവാന്മാരായ കുരുന്നുകള്‍ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണ് ഇപ്പോള്‍.
ഒരു വർഷത്തിനിടയില്‍ തിരുവനന്തപുരത്ത് 2023 മെയ് മുതല്‍ അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 18 -മത്തെ കുട്ടികളും 7-ാമത്തെ പെണ്‍കുഞ്ഞുമാണ്. ആണ്‍കുട്ടികളാവട്ടെ പത്താമത്തെയും പതിനൊന്നാമത്തെയുമാണ്.
2024 വർഷത്തില്‍ ഇതുവരെയായി 28 കുഞ്ഞുങ്ങളാണ് അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയില്‍ നിന്നും യാത്രയായത്.
കുട്ടികളുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.