തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടിലേക്ക് കെ.മുരളീധരനെ പരിഗണിക്കുമെന്ന് വിവരം. തൃശ്ശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം.
പാലക്കാട് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിന് ഒരവസരം കൂടി നല്‍കിയേക്കും.വടകരയിലും നേമത്തും തൃശ്ശൂരിലും അടക്കം പാര്‍ട്ടി പറഞ്ഞ ഇടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരന് തൃശ്ശൂരില്‍ തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തെരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിച്ചത്.
മുതിര്‍ന്ന നേതാക്കള്‍ പലരും ഫോണില്‍ വിളിച്ച് അനുനയിപ്പിക്കുന്നുണ്ടെങ്കിലും വിഷമം മാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കണമെന്നാണ് മുന്നണി നേതാക്കള്‍പോലും പറയുന്നത്.
റായ്ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ അംഗത്വം രാജി വച്ചാല്‍ കെ മുരളീധരന് വരട്ടെയെന്നാണ് നിര്‍ദേശം. മുന്‍പ് ഡിഐസി കാലത്ത്, ഇരു മുന്നണികള്‍ക്കുമെതിരെ മത്സരിച്ച് മിന്നുന്ന പ്രകടനം വയനാട്ടില്‍ മുരളീധരന് കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ പ്രിയങ്ക ഗാന്ധി ഇല്ലെങ്കില്‍ മാത്രമേ മുരളീധരനെ സ്ഥാനാര്‍ഥിയാക്കുന്നത് പരിഗണിക്കൂ.
എന്നാല്‍ വയനാട്ടില്‍ മത്സരിക്കാൻ കെ മുരളീധരന് തയ്യാറാകുമോ എന്നതും നിശ്ചയമില്ല. ആലത്തൂരില്‍ തോറ്റ രമ്യാ ഹരിദാസിനെ ചേലക്കരയില്‍ മത്സരിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
ആലപ്പുഴയില്‍ തോറ്റ ഷാനിമോള്‍ ഉസ്മാന് അരൂരില്‍ വിജയിച്ച ചരിത്രമാണ് പിന്‍ബലം. എന്നാല്‍ തോല്‍വിയുടെ കാര്യകാരണങ്ങളില്‍ പാര്‍ട്ടിയില്‍ കലാപം ഉയര്‍ന്നാല്‍ സാധ്യത മങ്ങും. ഷാഫി പറമ്പില്‍ ഒഴിയുന്ന പാലക്കാടാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തലവേദന. ഫോട്ടോ ഫിനിഷിങ്ങിലാണ് കഴിഞ്ഞ തവണ ഷാഫി പറമ്പില്‍ ജയിച്ചു കയറിയത്.
ബിജെപി നിയമസഭയിലേക്ക് വിജയ പ്രതീക്ഷ വയ്ക്കുന്ന പ്രധാന മണ്ഡലമാണ് പാലക്കാട്. അതിനാല്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലൊരു നേതാവ് വേണം മണ്ഡലം നിലനിര്‍ത്താന്‍ എന്നാണ് ചിന്ത. ഷാഫി പറമ്പില്‍ നിര്‍ദേശിക്കുന്ന പേരും രാഹുലിന്റേത് തന്നെയാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.