തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാൻ മാർഗ്ഗങ്ങളില്ലാതെ വലയുന്ന സംസ്ഥാന സർക്കാരിന് മുന്നില്‍ വലിയ വെല്ലുവിളികള്‍.
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത, സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസം, ക്ഷേമ പെൻഷൻ എന്നിവയുടെ കുടിശികയെല്ലാം ഉടൻ നല്‍കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതും ജലരേഖയാകാൻ സാധ്യത കൂടുതലാണ്.
അതതു മാസത്തെ ചെലവുകള്‍ക്കു പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോള്‍ കുടിശിക നല്‍കാൻ അധിക വരുമാനം വേണം. നിലവില്‍ അതിനു സാധ്യതയില്ല.ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്ഷേമ പെൻഷൻ കുടിശികയെങ്കിലും ഘട്ടംഘട്ടമായി നല്‍കാനാകുമോ എന്നാണു സർക്കാർ പരിശോധിക്കുന്നത്.
ക്ഷാമാശ്വാസവും ക്ഷാമബത്തയും കുടിശികയാകുമ്പോള്‍ പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിച്ച് ബാധ്യത തല്‍ക്കാലം ഒഴിവാക്കുന്ന രീതിയാണു കാലങ്ങളായുള്ളത്. എന്നാല്‍, പ്രോവിഡന്റ് ഫണ്ടിലെ പണം സർക്കാരിന്റെ ബാധ്യതയായി കണക്കാക്കി കടമെടുപ്പു പരിധിയില്‍ വെട്ടിക്കുറയ്ക്കുകയാണിപ്പോള്‍ കേന്ദ്ര സർക്കാർ. അതിനാല്‍ ആ വഴിക്കും കുടിശിക തീർക്കാൻ കഴിയാതായി.
ക്ഷാമബത്തയും ക്ഷാമാശ്വാസവും ചേർത്ത് ആകെ 18,000 കോടി രൂപയാണു കുടിശികയുള്ളത്. ഇതു നല്‍കുന്ന കാര്യത്തില്‍ പോലും തീരുമാനമെടുക്കാത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പു കാലത്ത് അർഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് വലിയ ചര്ച്ചയായിരുന്നു. ഇത് ഉദ്യോഗസ്ഥ വിഭാഗത്തിന്റെ വോട്ട് സിപിഎമ്മിന് എതിരാക്കി മാറ്റുകയും ചെയ്തു.
ഇനി 6 മാസത്തിനുള്ളില്‍ വരുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ക്കു മുൻപെങ്കിലും മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കേണ്ട ബാധ്യതയും സർക്കാരിനായി. ജനുവരി മുതല്‍ മെയ് വരെ 5 മാസത്തെ ക്ഷേമ പെൻഷനാണ് നല്‍കാനുള്ളത്.
കുടിശിക തീർക്കണമെന്ന ആവശ്യം എല്‍ഡിഎഫില്‍ നിന്നുള്‍പ്പെടെ വരുന്നതിനാല്‍ മൂന്നോ നാലോ ഘട്ടമായി കൊടുത്തുതീർക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനു പുറമേ അതതു മാസത്തെ പെൻഷനും നല്‍കും. എന്നാല്‍, ക്ഷാമബത്ത, ക്ഷാമാശ്വാസം കുടിശിക നല്‍കുന്ന കാര്യം പരിഗണിച്ചിട്ടില്ല.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പെൻഷൻ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി കൂടുതല്‍ തുക കടമെടുക്കുന്നത് പ്രായോഗികമല്ല.
കൂടാതെ ഇത്രയും വലിയ തുക സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ തന്നെ കടമെടുത്താല്‍, തുടർന്നുള്ള മാസങ്ങളിലെ ശമ്പളവും ക്ഷേമപെൻഷൻ വിതരണം ഉള്‍പ്പെടെയുള്ള സർക്കാർ ചെലവുകള്‍ക്കും വികസന പ്രവർത്തനങ്ങള്‍ക്കുള്ള ഫണ്ടിനുമായി മറ്റ് മാർഗങ്ങള്‍ തെരയേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.