ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണമില്ല. മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിനെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശാണ് വെളിപ്പെടുത്തിയത്.
രാഷ്ട്രീയവും ധാർമികവുമായും തോറ്റ ഒരു വ്യക്തിയുടെ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണതലവന്മാരെ വരെ ക്ഷണിച്ചിട്ടുള്ള സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നാണ് കോണ്‍ഗ്രസിനെ ഒഴിവാക്കിയിരിക്കുന്നത്.സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശശി തരൂർ, സത്യപ്രതിജ്ഞയ്ക്ക് പകരം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്ന് വ്യക്തമാക്കി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളില്‍ നിന്നടക്കം മുപ്പതോളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കള്‍ക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും.
പുതിയ പാർലമെന്റ് നിർമ്മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തില്‍ പങ്കാളികളായവർക്കും ക്ഷണമുണ്ട്.രണ്ടാം മോദി മന്ത്രിസഭയിലെ ബി.ജെ.പി.യുടെ പ്രധാന മുഖങ്ങളായിരുന്ന രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയല്‍ എന്നിവർ മൂന്നാം മന്ത്രിസഭയിലും തുടരാനാണ് സാധ്യത.
.രണ്ടാംമന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി രാജീവ് ചന്ദ്രശേഖറും തുടർന്നേക്കും. വൈകീട്ട് 6.30-ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധി സമാധിയില്‍ പുഷ്പങ്ങള്‍ അർപ്പിച്ചശേഷമാണ് മോദി സത്യപ്രതിജ്ഞാച്ചടങ്ങിനെത്തുക.
ഡല്‍ഹിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. ചടങ്ങിനുശേഷം രാത്രി വൈകിയായിരിക്കും മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കുക. മോദിക്കൊപ്പം സത്യവാചകം ചൊല്ലേണ്ട മന്ത്രിമാരെ നിശ്ചയിക്കാനുള്ള ചർച്ചകള്‍ ശനിയാഴ്ചയും ഡല്‍ഹിയിലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍ തുടരുന്നതിനിടയിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ രാഷ്ട്രപതിഭവൻ പൂർത്തിയാക്കിയത്.
പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നീ പ്രധാന വകുപ്പുകള്‍ക്കൊപ്പം നയവും അജൻഡയും കടന്നുവരുന്ന വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ വകുപ്പുകളും ബി.ജെ.പി.തന്നെ കൈവശം വെക്കും. സീറ്റുവിഭജനം സംബന്ധിച്ച്
മുതിർന്ന ബി.ജെ.പി. നേതാക്കളായ രാജ്‌നാഥ് സിങ്, അമിത് ഷാ, പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ശനിയാഴ്ചയും സഖ്യകക്ഷികളുമായി ചർച്ചനടത്തി. ടി.ഡി.പി. നേതാവ് എൻ. ചന്ദ്രബാബു നായിഡു, ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ, ശിവസേനാനേതാവ് ഏക്‌നാഥ് ഷിന്ദേ എന്നിവരുമായാണ് ചർച്ച നടത്തിയത്.
നാല് എംപിമാർക്ക് ഒരു മന്ത്രി എന്ന നിലയിലായിരിക്കും ഘടകകക്ഷികള്‍ക്ക് മന്ത്രി സ്ഥാനം വീതിക്കുകയെന്നാണ് സൂചന. ഇതനുസരിച്ച് 16 അംഗങ്ങളുള്ള ടി.ഡി.പി.ക്ക് നാല് മന്ത്രിസ്ഥാനങ്ങളും 12 അംഗങ്ങളുള്ള ജെ.ഡി.യു.വിന് മൂന്ന് മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും.
ഏഴ് അംഗങ്ങളുള്ള ശിവസേന ഷിന്ദേ വിഭാഗത്തിനും കാബിനറ്റ് മന്ത്രിസ്ഥാനം ഉള്‍പ്പെടെ ഒന്നിലേറെ മന്ത്രിമാരെ ലഭിക്കും. അഞ്ചുമുതല്‍ എട്ടുവരെ കാബിനറ്റ് മന്ത്രിപദങ്ങള്‍ ഘടകകക്ഷികള്‍ക്കായി വീതിക്കും. ജെ.ഡി.യു.വിന് രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.