ന്യൂസിലാൻഡ്: പല കാരണങ്ങള്‍ കൊണ്ടും കാമുകനും കാമുകിയും തമ്മില്‍ വഴക്കുകള്‍ ഉണ്ടാവാറുണ്ട്. ചില വലിയ പ്രശ്നങ്ങള്‍, അതിക്രമങ്ങള്‍ ഒക്കെ കോടതിയിലും എത്താറുണ്ട്.
എന്നാല്‍, ന്യൂസിലാൻഡില്‍ നിന്നുള്ള ഈ യുവാവും യുവതിയും തമ്മിലുള്ള പ്രശ്നം കേള്‍ക്കുമ്പോള്‍ അല്പം വിചിത്രമായി തോന്നാം.യുവതിയെ എയർപോർട്ടിലെത്തിക്കാം എന്നേറ്റതാണ് കാമുകൻ. എന്നാല്‍, അയാള്‍ സമയത്തിന് യുവതിയെ എയർപോർട്ടിലെത്തിച്ചില്ല. അതിനാല്‍, അവളുടെ വിമാനവും പോയി. ഇതോടെ കാമുകൻ തനിക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്
ആറുവർഷമായി യുവാവുമായി താൻ പ്രണയത്തിലാണ്. ഇയാള്‍ തന്നെ വിമാനത്താവളത്തില്‍ സമയത്തിനെത്തിക്കാം എന്ന് വാക്കാല്‍ സമ്മതിച്ചതാണ് എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍, അയാള്‍ അത് ചെയ്തില്ല. പിന്നാലെ തനിക്ക് ഫ്ലൈറ്റ് മിസ്സായി. അടുത്ത ദിവസം മറ്റൊരാളെ തന്നെ എയർപോർട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്യേണ്ടി വന്നു.
ഇതുകൊണ്ടായില്ല, തനിക്ക് യുവാവ് കാരണം വേറെയും സാമ്പത്തിക നഷ്ടമുണ്ടായി. താൻ ഇവിടെ നിന്നും മാറിനില്‍ക്കുന്ന സമയത്ത് യുവാവ് തന്റെ വീട്ടില്‍ താമസിക്കാമെന്നും നായകളെ നോക്കാമെന്നും ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍, യുവാവ് അത് ചെയ്തില്ല. പിന്നാലെ നായകളെ തനിക്ക് മറ്റൊരിടത്ത് ഏല്പിക്കേണ്ടി വന്നു. അതിനും തനിക്ക് പണം ചെലവായി എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഇനി ഈ വിഷയത്തില്‍ കോടതിക്ക് എന്താണ് പറയാനുണ്ടായിരുന്നതെന്നോ? കോടതി പറഞ്ഞത്, പങ്കാളികളും സുഹൃത്തുക്കളും തമ്മില്‍ ഇത്തരം വാക്കാലുള്ള വാഗ്‍ദ്ധാനങ്ങള്‍ ഉണ്ടാവാറുണ്ട്. അത് ലംഘിച്ചാല്‍ ചിലപ്പോള്‍ നഷ്ടവുമുണ്ടാകാം. എന്നാല്‍, അത് കരാർ അല്ലാത്തതിനാല്‍ തന്നെ കോടതിക്ക് അതില്‍ ഒന്നും ചെയ്യാനാവില്ല എന്നും നഷ്ടപരിഹാരം നല്‍കാനാവില്ല എന്നുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.